വ്യാജ പാസ്‌പോര്‍ട്ടുകള്‍: ഐഎസ് ഭീഷണയില്‍ അമേരിക്കയും

വാഷിംഗ്ടണ്‍: ഒടുവില്‍ ഐഎസ് തീവ്രവാദികള്‍ അമേരിക്കയ്ക്കും  ഭീഷണിയുയര്‍ത്തുന്നു. ഭീകരരുടെ കൈവശം വന്നു ചേര്‍ന്നിരിക്കുമെന്ന്  കരുതപ്പെടുന്ന ബ്ലാങ്കായ സിറിയന്‍ പാസ്‌പോര്‍ട്ടുകളും, പാസ്‌പോര്‍ട്ട് പ്രിന്റിംഗ് മെഷീനും പ്രയോജനപ്പെടുത്തി ഭീകരര്‍ അമേരിക്കയിലേക്കു നുഴഞ്ഞു കയറിയിട്ടുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഹോംലാന്‍ഡ് സെക്യൂരിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ 17 പേജ് വരുന്ന റിപ്പോര്‍ട്ട് ലോ എന്‍ഫോഴ്‌സമെന്റ് ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്. സിറിയന്‍ നഗരമായ ദെയിര്‍ ഇസ് സൂര്‍ ഐ.എസ് ഭീകരരുടെ നിയന്തണത്തിലായതാണ് ഇത്തരമൊരു ആശങ്കയ്ക്ക് കൂടുതലും കാരണമായിരിക്കുന്നത്. ഈ നഗരത്തിലെ പാസ്‌പോര്‍ട്ട് ഓഫീസ് ഭീകരര്‍ പിടിച്ചെടുത്തിരുന്നു. പൂരിപ്പിക്കാത്ത അനേകം പാസ്‌പോര്‍ട്ടുകള്‍ ബോക്‌സുകളിലാക്കി ഇവിടെ സൂക്ഷിച്ചിരുന്നു. അതിനും പുറമേ പാസ്‌പോര്‍ട്ട് പ്രിന്റിംഗ് മെഷീനും ഇവിടെ ഉണ്ടായിരുന്നു. സിറിയയിലെ റാഖയിലാണ് മറ്റൊരു പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഐ.എസിന്റ ‘തലസ്ഥനമായാണ്’ റാഖ ഇപ്പോള്‍ അറിയപ്പെടുന്നത്. റാഖയും, ദെയിര്‍ ഇസ് സൂറും 17 മാസമായി ഐ.എസിന്റെ നിയന്ത്രണത്തിലാണ്. ഇവിടുത്തെ പാസ്‌പോര്‍ട്ട് ഓഫീസുകളിലെ പൂരിപ്പിക്കാത്ത പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഭീകരര്‍ അമേരിക്കയിലേക്കു കടന്നിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ദിവസം സെനറ്റ് കമ്മിറ്റി മുമ്പാകെ നടത്തിയ ഹിയറിംഗിനിടെ എഫ്.ബി.ഐ ഡയറക്ടര്‍ ജിയംസ് കോമി ഈ വിഷയത്തിലുള്ള കടുത്ത ആശങ്ക പങ്കുവച്ചിരുന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ തയാറാക്കാനുള്ള കഴിവും സാഹചര്യങ്ങളും ഐ.എസിനുണ്ടെന്നും ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യത്തില്‍ വളരെയേറെ ആശങ്കപ്പെടുന്നതായും അദ്ദേഹം തുറന്നു പറഞ്ഞു. യൂറോപ്പില്‍ രണ്ട് വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍ പാരീസ് ഭീകരാക്രമണത്തിനിടെ കണ്ടെത്തിയത് സംഭവത്തിന്റെ ഗൗരവം വിളിച്ചോതുന്നു. യൂറോപ്പിലേക്കു പ്രവഹിച്ച സിറിയന്‍ അഭയാര്‍ഥികള്‍ക്കൊപ്പം വ്യാജ പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരുന്ന ഭീകരരും നുഴഞ്ഞു കയറകുയായിരുന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ സിറിയയില്‍ സാധാരണ സംഭവമാണെന്നും ഇത് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് കരുതുന്നവര്‍ പോലും കുറവാമെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കിയവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

200 മുതല്‍ 400 വരെ ഡോളര്‍ കൊടുത്താല്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ സിറിയയില്‍ ലഭ്യമാണ്. ഐ.എസിന്റെ കൈവശമെത്തിയ പൂരിപ്പിക്കാത്ത പാസ്‌പോര്‍ട്ടുകള്‍ പൂര്‍ണമായും ‘ബ്ലാങ്ക്’ ആയിരുന്നോ എന്നും, പാസ്‌പോര്‍ട്ട് പ്രിന്റിംഗ് മെഷീന്‍ എവിടെയാണെന്നും ഒരു സൂചനയും ലഭിച്ചിട്ടില്ല. പാസ്‌പോര്‍ട്ടുകള്‍ ഭീകരര്‍ തയാറാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ അവരുടെ ഓപ്പറേഷന്‍സ് പരിധി വളരെയധികം വ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്.

Comments

comments