പെര്‍ത്തില്‍ താപനില 41 ഡിഗ്രി കടന്നു!

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ താപനില 41.6 ഡിഗ്രി സെല്‍ഷ്യസിലെത്തി. കഴിഞ്ഞ ജനുവരി അഞ്ചിന് താപനില 44.4 ഡിഗ്രി സെല്‍ഷ്യസിലെത്തിയശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2012 ഡിസംബര്‍ 31 നുശേഷമുള്ള ഡിസംബറിലെ ഏറ്റവും ചൂടേറിയ ദിനത്തിലൂടെയാണ് പെര്‍ത്ത് കടന്നുപോകുന്നതെന്ന് ബ്യൂറോ ഓഫ് മെട്രോളജി വക്താവ് പീറ്റ് ക്ലെഗ് പറഞ്ഞു. 2012 ഡിസംബര്‍ 31 ന് താപനില 42.1 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. ഡിസംബറില്‍ താപനില 40 ഡിഗ്രിക്കു മുകളില്‍ അനുഭവപ്പെടുന്ന ഒന്നിലേറെ ദിനവും ഇതാദ്യമായാണ്.

തിങ്കളാഴ്ച വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്നതാപനില 45.1 ഡിഗ്രി സെല്‍ഷ്യസാണ്. മിഡ് വെസ്റ്റ് മേഖലയിലെ ജെറാഡ്ടണ്‍ വിമാനത്താവളത്തിലാണ് ഇത്രയും ഉയര്‍ന്ന ചൂട് രേഖ്‌പെടുത്തിയത്. ചൊവ്വാഴ്ചയോടെ പെര്‍ത്തില്‍ താപനില 37 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് കരുതുന്നത്. ബുധനാഴ്ച ഇത് 32 ഡിഗ്രിയിലെത്തുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.

താപനില ഉയര്‍ന്നതിനെത്തുടര്‍ന്ന് കാറില്‍ നിന്ന് കുട്ടികളെ രക്ഷപെടുത്തുന്നതും സംസ്ഥാനത്ത് പതിവായതായി പോലീസ് പറയുന്നു.
വടക്കുകിഴക്കന്‍ പെര്‍ത്തിലെ എലന്‍ബ്രുക്കില്‍ നിന്ന് 14 മാസം പ്രായമുള്ള കുട്ടിയെ കാറില്‍ നിന്ന് പോലീസ് രക്ഷപെടുത്തി. കുട്ടിയെ കാറില്‍ ഇരുത്തിയശേഷം കുടുംബാംഗങ്ങള്‍ പുറത്തിറങ്ങിയതായിരുന്നു. കൂട്ടി വാവിട്ടുകരഞ്ഞതോടെ പോലീസ് എത്തുകയായിരുന്നു. കാറിനുള്ളിലെ കടുത്ത ചൂടാണ് കുട്ടിയെ ബുദ്ധിമുട്ടിലാക്കിയത്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പോലീസിന് നിര്‍ദേശം നല്‍കി.

Comments

comments