കൊടുംചൂടില്‍ വിക്ടോറിയയും സൗത്ത് ഓസ്‌ട്രേലിയയും വിയര്‍ക്കുന്നു

മെല്‍ബണ്‍: കൊടുംചൂടിനൊപ്പം അഗ്നിബാധയുണ്ടാകാമെന്ന മുന്നറിയിപ്പും ലഭ്യമായതോടെ വിക്ടോറിയയിലെ ജനങ്ങളും അഗ്നിശമനസേനയും ആരോഗ്യപ്രവര്‍ത്തകരും ഒരുപോലെ വിയര്‍ക്കുന്നു. സൗത്ത് ഓസ്‌ട്രേലിയയിലും ചൂട് ജനജീവിതം ദുഃസ്സഹമാക്കിയിരിക്കുകായണ്. വിക്ടോറിയയില്‍ ഞായറാഴ്ച വരെ താപനില 30 ഡിഗ്രി സെല്‍ഷ്യസിനും 43 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. സമീപദശകങ്ങള്‍ക്കിടയില്‍ മെല്‍ബണില്‍ ഡിസംബര്‍ മാസത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും വലിയ താപനിലയാണ് ഇപ്പോഴത്തേതെന്ന് ബ്യൂറോ ഓഫ് മെട്രോളജി അറിയിച്ചു.

താപനില ഉയര്‍ന്നതോടെ അഗ്നിബാധയ്ക്ക് സാധ്യതവര്‍ധിച്ചതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും കാറിനുള്ളില്‍ ആക്കിയശേഷം ഏറെനേരം മാറിനില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. വിമ്മേര, സൗത്ത് വെസ്റ്റ്, നോര്‍ത്ത് സെന്‍ട്രല്‍, മെല്‍ബണ്‍, ജീലോംഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും സെന്‍ട്രല്‍ വിക്ടോറിയയിലും ഫയര്‍ബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുല്‍മേടുകളിലും കുറ്റിക്കാടുകളിലും പ്രത്യേക നിരീക്ഷണത്തിന് പോലീസ് ഉള്‍പ്പെടെ സേനയെയും സജ്ജമാക്കിയിട്ടുണ്ട്.

കൊടുംചൂടിനെത്തുടര്‍ന്നുള്ള അസുഖങ്ങളും വ്യാപകമാകാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രായമേറിയവരും കുട്ടികളുമാണ് ആദ്യം ഇത്തരം അസുഖങ്ങള്‍ക്ക് കീഴ്‌പ്പെടുക. ചൂടിനെ പ്രതിരോധിക്കാന്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ മതിയായ ജാഗ്രത പാലിക്കണം. യാര നദിയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ 31 പേരാണ് മുങ്ങിമരിച്ചത്. ഇതില്‍ ഏറെയും വിദേശകളായിരുന്നു. കൊടുംചൂടിനെ പ്രതിരോധിക്കുന്നതിന് ഏറെ സമയം നദിയില്‍ കഴിഞ്ഞവരാണ് അപകടത്തില്‍പ്പെട്ടതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

അഡലെയ്ഡിലും സമാനമായ അവസ്ഥയാണ്. ഇവിടെ താപനില വ്യാഴാഴ്ച 40 ഡിഗ്രിയ്ക്ക് മുകളിലെത്തി. ശനിയാഴ്ച വരെ 40 ഡിഗ്രിയ്ക്ക് മുകളിലാണ് താപനില. 2009 നു ശേഷം ആദ്യമായാണ് ഡിസംബറില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉഷ്ണകാറ്റ് സംസ്ഥാനത്ത് വീശുന്നത്. 1930 നുശേഷം രണ്ടാം തവണയാണ് ഇത്തരത്തില്‍ കൊടുംചൂട്. കനത്ത വേനലില്‍ ആളുകള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ പ്രകടമായതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 21 പേരാണ് അസഹ്യമായ ചൂടിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം  ആശുപത്രിയിലെത്തിയത്. അഡലെയ്ഡ് എയര്‍പോര്‍ട്ടിലെത്തുന്ന വിദേശികള്‍ക്ക് കുപ്പിവെള്ളം ഉള്‍പ്പെടെ സ്‌റ്റേറ്റ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് വിതരണം ചെയ്യുന്നുണ്ട്.

Comments

comments