ഗിന്നസ് റെക്കോർഡ് – ക്രിസ്മസ് ട്രീയുമായി കാന്‍ബറയിലെ അഭിഭാഷകന്‍.

കാന്‍ബറ: തിരുപ്പിറവി ആഘോഷിക്കാനൊരുങ്ങുന്ന ലോകത്തിന് അത്ഭുതമായി ലോകംകണ്ടതില്‍വച്ച് ഏറ്റവും കൂടുതൽ ലൈറ്റുകൾക്കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീ കാന്‍ബറയില്‍ ഒരുങ്ങി. കാന്‍ബറയിലെ സിറ്റി സെന്ററില്‍ ഒരുക്കിയ 22 മീറ്റര്‍ ഉയരമുള്ള ഈ ക്രിസ്മസ് ട്രീ അണിയിച്ചൊരുക്കിയത് ഡേവിച്ച് റിച്ചാര്‍ഡെന്ന അഭിഭാഷകനാണ്. മൂന്ന് കുട്ടികളുടെ അച്ഛനായ റിച്ചാര്‍ഡ് തന്റെ നേട്ടത്തിന്റെ ആഹ്ലാദത്തിലാണ്.

520,000 എല്‍ഇഡി ലൈറ്റുകളാണ് ക്രിസ്മസ്ട്രീ വര്‍ണാഭമാക്കാന്‍ റിച്ചാര്‍ഡ് ഉപയോഗിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ പതിനായിരങ്ങല്‍ ഈ ക്രിസ്മസ് ട്രീ കാണാനെത്തുന്നു. മൂന്നു വര്‍ഷമെടുത്താണ് റിച്ചാര്‍ഡിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ അഭിമാനനേട്ടം കൈവരിച്ചത്. വെറുമൊരു കൗതുകത്തിനല്ല, മറിച്ച് എസ്‌ഐഡിഎസ്, കിഡ്‌സ് എസിടി തുടങ്ങിയ സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്മസ് ട്രീ നിര്‍മിച്ചത്. ഇതിന് ഭാര്യ ജെയ്‌നിന്റെ പിന്തുണയും ഉണ്ടായിരുന്നു. അകാലത്തില്‍ തങ്ങളെ പിരിഞ്ഞുപോയ കുഞ്ഞിന്റെ ഓര്‍മയ്ക്കായാണ് ദമ്പതികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. 2002 ലാണ് ഇവര്‍ക്ക് തങ്ങളുടെ പിഞ്ചുകുട്ടിയെ നഷ്ടമായത്.

ജപ്പാനിലെ തീം പാര്‍ക്കിലാണ് ഇതിനു മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ നിര്‍മിച്ചത്. അതാണ് റിച്ചാര്‍ഡ്‌സ് തിരുത്തിയത്. എല്ലാ വര്‍ഷവും വ്യത്യസ്തമായ ഉയരത്തിലും രീതികളിലുമുള്ള വിളക്കുമരങ്ങള്‍ നിര്‍മ്മിച്ച് സ്വന്തം റെക്കോര്‍ഡുകള്‍ തിരുത്തുക എന്നതും റിച്ചാര്‍ഡിന്റെ പതിവാണ്. 2013ല്‍ 5,02,165 വിളക്കുകളുള്ള വിളക്കുമരത്തിലാണ് ഡേവിഡ് റെക്കോര്‍ഡ് സൃഷ്ടിച്ചു തുടങ്ങിയത്.

Comments

comments