കറുത്തവര്‍ഗക്കാരായ കുട്ടികളെ മെല്‍ബണിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുറത്താക്കി !

മെല്‍ബണ്‍: കറുത്ത വര്‍ഗക്കാര്‍ക്ക് ആപ്പിള്‍ വിലകപ്പെട്ട കനിയോ?. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ഒരു സംഭവത്തെത്തുടര്‍ന്ന് ഇത്തരമൊരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കറുത്തവര്‍ഗക്കാരനെന്ന കാരണത്താല്‍ മെല്‍ബണിലെ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടികളുടെ വീഡിയോ ഏതാനും ദിവസങ്ങളായി നവ മാധ്യമങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. വംശീയ അധിക്ഷേപത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ, ആറ് വിദ്യാര്‍ഥികളോടും സ്‌റ്റോര്‍മാനേജര്‍ മാപ്പ് ചോദിച്ചതായി വ്യാഴാഴ്ച ആപ്പിള്‍ അറിയിച്ചു.

‘നിങ്ങള്‍ കടയിലെത്തുന്നതോടെ കാവല്‍ക്കാരന്റെ മനസമാധാനം നഷ്ടമാകുന്നു’ എന്നാണ് മെല്‍ബണിലെ ആപ്പിള്‍ സ്റ്റോറിന്റെ
മാനേജര്‍ ആഫ്രിക്കന്‍ വംശജരായ കുട്ടികളോട് പറഞ്ഞത്. നിങ്ങള്‍ എന്തെങ്കിലും മോഷ്ടിക്കുമോ എന്ന് ഇവര്‍ ഭയക്കുന്നതായും അയാള്‍ പറയുന്നു. സ്‌കൂള്‍ യൂണിഫോമിലായിരുന്നു കുട്ടികള്‍ കാണപ്പെട്ടിരുന്നത്. ഞങ്ങള്‍ എന്തിന് മോഷ്ടിക്കണമെന്ന് കൂട്ടത്തിലൊരാള്‍ ചോദിക്കുമ്പോള്‍, ഈ ചര്‍ച്ച ഇവിടെ അവസാനിച്ചുവെന്നും നിങ്ങള്‍ ഉടന്‍ സ്‌റ്റോറില്‍ നിന്ന് പുറത്തുപോകണമെന്നും മാനേജര്‍ മറുപടി നല്‍കുന്നു. കൂട്ടത്തിലൊരാള്‍ മൊബൈലില്‍ ചിത്രീകരിച്ച രംഗങ്ങള്‍, വംശീയഅധിക്ഷേപമെന്ന അടിക്കുറിപ്പോടെ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു.

ആറ് കുട്ടികളോടും സ്‌കൂള്‍ മേധാവിയോടും സ്‌റ്റോര്‍ മാനേജര്‍ മാപ്പു പറഞ്ഞതായി ആപ്പിള്‍ ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു. എന്നാല്‍ ഇത്
സ്ഥിരം സംഭവമാണെന്ന് പ്രിന്‍സിപ്പല്‍ നിക്ക് സ്‌കോട്ട് ആരോപിക്കുന്നു. മെല്‍ബണിലെ പല പ്രമുഖ സ്റ്റോറുകളിലും അധിക്ഷേപിക്കുന്നതായി ആഫ്രിക്കന്‍ വംശജരായ കുട്ടികള്‍ അധ്യാപരോട് പരാതി പറയാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments