ദാദ്രി സംഭവത്തിന്റെ ചുരളഴിയുന്നു: ഗുഢാലോചനയ്ക്കു വളം നല്കിയത് കേന്ദ്ര മന്ത്രിയുടെ എന്‍ജിഒ!

ഉത്തര്‍പ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ പശുവിനെ തല്ലിക്കൊന്ന് കറിവച്ചുതിന്നുവെന്ന അഭ്യൂഹം പരത്തി ഒരു മനുഷ്യനെ തല്ലിക്കൊന്നത് ലോകംമുഴുവന്‍ അമ്പരപ്പോടെയാണ് കേട്ടത്. അതിലേറെ അമ്പരപ്പാണ് ഇപ്പോള്‍ ഇതൊരു ആസൂത്രിത സംഭവമാണെന്ന് വെളിപ്പെടുത്തല്‍ നല്‍കുന്നത്.

മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നു ആക്ടിവിസ്റ്റും കേന്ദ്രമന്ത്രിയുമായ മേനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയ്ക്ക് ഈ സംഭവത്തില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും ന്യൂസ് 786ന്റെ എഡിറ്ററുമായ അമരേഷ് മിശ്ര ആരോപിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മനേക ഗാന്ധിയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അമരേഷ് മിശ്ര ആവശ്യപ്പെടുന്നു.

അഖ് ലാഖിനെ തല്ലിക്കൊല്ലുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ച സംഭവങ്ങളുടെ ചുരുക്കം അമേരേഷ് മിശ്ര മുന്നോട്ടുവയ്ക്കുന്നതിപ്രകാരമാണ്.

കഴിഞ്ഞമാസം 16 നാണ് ഈ മേഖലയില്‍ നിന്നും ഒരു പശുക്കുട്ടിയെ കാണാനില്ലെന്ന് പ്രചാരണം ഉയരുന്നു. മുസ്‌ലീങ്ങള്‍ പശുക്കുട്ടിയെ മോഷ്ടിച്ചു എന്ന ഊഹാപോഹങ്ങള്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നു. തുടര്‍ന്ന് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചില എന്‍ജിഒകള്‍ ഡല്‍ഹിയില്‍ നിന്നും ദാദ്രിയിലെത്തിയത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. പിന്നീട് ഇതേ എന്‍ജിഒയില്‍ ഉള്‍പ്പെട്ട രണ്ടുപേരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒരു പ്രത്യേക മുസ്‌ലിം കുടുംബം ബീഫ് കഴിക്കുകയും സൂക്ഷിക്കുകയും ചെയ്‌തെന്ന് സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരി വിളംബരം ചെയ്യുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 28ന് അക്രമികള്‍ ഒരുമിച്ച് ചെന്ന് അഖ്‌ലാഖിനെ കൊലചെയ്യുന്നു.

കൊലപാതകക്കേസില്‍ ഒൻപതുപേർ ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടു. ഇതിൽ വിശാൽ എന്നയാൾ പ്രാധേശിക ബി ജെ പി നേതാവ് സഞ്ജയ്‌ റാണയുടെ മകനാണ് സൗരഭ്, ഗൗരവ് ഗുപ്ത എന്നിവര്‍ കേന്ദ്ര മന്ത്രി മനേകാ ഗാന്ധി നടത്തുന്ന മൃഗ സംരക്ഷത്തിനുവേണ്ടിയുള്ള സംഘടനയായ പീപ്പിള്‍ ഫോര്‍ ആനിമല്‍സിന്റെ (PSA) പ്രവര്‍ത്തകരാണ്.

പക്ഷേ പിഎസ്എ എന്നത് വെറും എന്‍ജിഒ മാത്രമല്ല.നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന പെറ്റ് ഷോപ്പ് ഓണര്‍മാരെയും മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്നവരെയും ഭീഷണിപ്പെടുത്തി, സംരക്ഷിക്കാനെന്ന വ്യാജേന മൃഗങ്ങളെയും പക്ഷികളെയും കൈവശപ്പെടുത്തി വിറ്റ്കാശാക്കുന്ന ഒരു പിടിച്ചുപറി സംഘത്തെ നയിക്കുന്ന ക്രിമിനല്‍ സംഘടനകൂടിയാണ് എന്നാണ് ആരോപണം. സൗരഭും, ഗൗരവ് ഗുപ്തയും മെഹ്‌റൗലിയിലെ പെറ്റ് ഷോപ്പ് ഓണറായ അശോക് പ്രതാപ് റായിയെ ആക്രമിച്ചും ഭാര്യയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയും മൃഗങ്ങളെ അപഹരിച്ചെടുത്തപ്പോഴാണ് ഇത്തരമൊരു സംഭവം പുറത്തറിയുന്നത്. ഇതിനെതിരേ പ്രതാപ് റായി ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരം സൗരഭിനും ഗൗരവ് ഗുപ്തയ്ക്കും മനേകാ ഗാന്ധിക്കും അവരുടെ എന്‍ജിഒയ്ക്കും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് കമ്മീഷണര്‍ ഉത്തരവിടുകയായിരുന്നു-അമേരേഷ് മിശ്ര പറയുന്നു.

മേനകാ ഗാന്ധി ബിജെപിക്കാരിയാണ്. മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തിന്റെയും വര്‍ഗീയ സ്പര്‍ദ്ധയുണ്ടാക്കാനും ദേശീയ ഐക്യം തകര്‍ക്കാനുമുള്ള ശ്രമത്തിന്റെയും പേരില്‍ അവരുടെ മകനായ വരുണ്‍ ഗാന്ധിയ്‌ക്കെതിരെ നിരവധി കേസുകളുണ്ട്. വെജിറ്റേറിയന്‍ ജീവിത രീതി സ്വീകരിക്കാത്ത മുസ്‌ലീങ്ങള്‍ക്കും ദളിത് ഒ.ബി.സി ഹിന്ദുക്കള്‍ക്കും എതിരെ ‘മൃഗാവകാശം’ ഉയര്‍ത്തി പ്രവര്‍ത്തിക്കുന്ന മനേകാ ഗാന്ധിയുടെ പിഎഫ്എ എന്ന എന്‍ജിഒ ആര്‍.എസ്.എസിന്റെ ഒരു മുന്നണി സംഘടനയാണെന്നതും ഡല്‍ഹിയില്‍ പ്രസിദ്ധമാണ്. മനേകാ ഗാന്ധിയുടെ ഈ കപട മൃഗസംരക്ഷണ രാഷ്ട്രീയം ആര്‍എസ്എസിനു യോജിച്ചതാണെന്നാണ് മിശ്രയുടെ ആരോപണം.

Comments

comments