ഡിജിറ്റല്‍ ഇന്ത്യ: മോദിയുടെ ചിലവില്‍ സുക്കര്‍ബര്‍ഗ് നേട്ടമുണ്ടാക്കുന്നുവോ?

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു പിന്തുണയെന്ന പേരില്‍ മഴവില്ലഴകുകള്‍ മാറി ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണം അണിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. ‘ഡിജിറ്റല്‍ ഇന്ത്യയെ ഞാന്‍ പിന്തുണയ്ക്കുന്നു’ എന്ന ടാഗ് ലൈനോടു കൂടി ഫേസ്ബുക്ക് സ്ട്രീമില്‍ ത്രിവര്‍ണം പൂശിയ പ്രൊഫൈല്‍ ചിത്രങ്ങള്‍ നിറയുകയും ചെയ്തു. പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നിപ്പിക്കുന്ന ഈ ദേശഭക്തി പ്രദര്‍ശനം ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കാവുന്ന ഒന്നാകാന്‍ സാധ്യതയുണ്ടെന്ന് ഇതിനകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇതോടൊപ്പം ഡിജിറ്റല്‍ ഇന്ത്യയുടെ ഫേസ്ബുക്ക് പേജിന്റെ സോഴ്‌സ് കോഡില്‍ പോവുമ്പോള്‍ ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗ് എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നതും സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നു. ഇത് ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട് ഓര്‍ഗിന് (കിലേൃില.േീൃഴ) പിന്തുണ ലഭ്യമാക്കാനാണെന്ന് വിമര്‍ശമുയര്‍ന്നതോടെ വിവാദമായ സോഴ്‌സ് കോഡ് ഫേസ്ബുക്ക് മാറ്റി. കോഡ് അപ് ലോഡ് ചെയ്ത എഞ്ചിനിയറുടെ ഭാഗത്തുനിന്നുമുണ്ടായ പിഴവാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് സോഴ്‌സ് കോഡ് ഫേസ്ബുക്ക് നീക്കം ചെയ്തത്. അതേസമയം ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിക്കുള്ള വന്‍ പിന്തുണ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ത്രിവര്‍ണ പതാകയുള്ള പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവര്‍ അവര്‍ അറിയാതെ ഇന്റര്‍ നെറ്റ് ഡോട്ട് ഓര്‍ഗിന് പിന്തുണ നല്‍കുകയാണെന്നാണ് ഇവര്‍ പറയുന്നത്. എന്തായാലും നെറ്റ് ന്യൂട്രാലിറ്റിക്ക് (ഇന്റര്‍നെറ്റ് സമത്വം) തുരങ്കം വെക്കുന്നവരെന്ന പേരില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെതിരെ വ്യാപക വിമര്‍ശമാണ് ഉയര്‍ന്നത്. ലോകത്തെ സകല ജനങ്ങളുടെയും ഏറെക്കുറെ കൃത്യമായ ഒരു ഡിജിറ്റല്‍ പതിപ്പ് അവരുടെ സമ്മതത്തോടു കൂടിത്തന്നെ നിര്‍മിച്ചെടുക്കാന്‍ ഫേസ്ബുക്ക് പരിശ്രമിക്കുന്നതിന്റെ ഭാഗമായാണ് മോദിയെ ഉപയോഗിച്ചുള്ള ഈ കളിയെന്നാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയിലെ സ്വവര്‍ഗരതി വിവാഹനിയമമവുമായി ബന്ധപ്പെട്ട നിലപാടും ഇതിനോട് ചേര്‍ത്തുവായിക്കണമെന്ന് വിമര്‍ശകര്‍ പറയുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തില്‍, അമേരിക്കയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയം ആക്കിയതിനെത്തുടര്‍ന്ന് ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രങ്ങള്‍ മഴവില്‍ നിറങ്ങളിലാക്കി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുവാനുള്ള സംവിധാനം ഫേസ്ബുക്ക് പുറത്തിറക്കി. ഏകദേശം മുപ്പതു ലക്ഷത്തോളം പേര്‍ അതുപയോഗിച്ച്, അവരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മഴവില്‍ നിറങ്ങളിലാക്കി മാറ്റി. പതുക്കെപ്പതുക്കെ പല കോണുകളില്‍ നിന്നും ഒരു ചോദ്യം ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് അവരുടെ ഉപയോക്താക്കളെ ഒരു മൂഡ് സ്റ്റഡിക്ക് (ങീീറ ടൗേറ്യ) വിധേയരാക്കുകയാണോ എന്ന ചോദ്യം. ഫേസ്ബുക്ക് വക്താവായ വില്യം നെവിയസ് ഇത് അപ്പാടെ നിഷേധിച്ചെങ്കിലും, മഴവില്‍ ചിത്രങ്ങള്‍ക്കു പിന്നില്‍ ഫേസ്ബുക്ക് വലിയ ഗവേഷണങ്ങളും പദ്ധതികളും ഒളിപ്പിച്ചിരുന്നുവെന്നാണിപ്പോള്‍ മനസ്സിലാകുന്നത്.

മാധ്യമങ്ങളുടെ നിര്‍വചനങ്ങള്‍ മാറുമ്പോള്‍, ഏകചിത്തതയുടെ നിര്‍മിതി എന്ന ദൗത്യം സോഷ്യല്‍ മീഡിയ സധൈര്യം ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. ന്യൂസ് ഫീഡില്‍ വരുന്ന തൊണ്ണൂറു ശതമാനം പ്രൊഫൈലുകളും മഴവില്‍, ത്രിവര്‍ണ ചിത്രം അണിയുമ്പോള്‍ അതിനനുകൂലമായ മുന്നേറ്റങ്ങളെ അനുസ്മരിപ്പിക്കുന്ന പോസ്റ്റുകള്‍ സ്ട്രീമില്‍ നിറയുമ്പോള്‍, അവിടെ പൊതുബോധം നിര്‍മിച്ചെടുക്കുകയെന്ന സങ്കീര്‍ണ പ്രവൃത്തി തന്നെയാണു നടപ്പാക്കപ്പെടുന്നത്. കാര്യമറിയാതെ മഴവില്‍ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി എല്‍ജിബിറ്റി കമ്മ്യൂണിറ്റിയെ അനുകൂലിച്ച് നിലപാടെടുത്ത പലരെയും പോലെ അല്ലെങ്കിൽ മറ്റൊരുതരത്തില്‍ ദേശീയതയില്‍ അഭിരമിച്ച് ഐ സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തോടെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന ഫെയിസ്ബുക്ക് ഇനിഷ്യേറ്റിവിനെ കാര്യമറിയാതെ പിന്തുണക്കുന്നത്. അവര്‍ക്കു വേണ്ടത് ഡിജിറ്റല്‍ ഇന്ത്യയ്ക്കുളള പിന്തുണയല്ല, ഫ്രീ ബേസിക്‌സ് എന്നു പേരുമാറിയെത്തിയ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ കച്ചവടമാണ്. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ ലിലയന്സുമായി ചേർന്നാണ് ഈ കച്ചവടം.

ഇത്തരം സേവനങ്ങള്‍ വില്‍ക്കാന്‍ ഫേസ്ബുക്ക് നിങ്ങളുടെ ദേശീയതയെയും ദേശസ്‌നേഹത്തെയും കരുവാക്കുകയാണ് ചെയ്യുന്നത്. നാളെ ഇത് വധശിക്ഷയ്ക്ക് അനുകൂലമായോ യുദ്ധത്തിനനുകൂലമായോ ഒരു പൊതുബോധം സൃഷ്ടിക്കുവാനും, വേണമെങ്കില്‍ ഗവണ്‍മെന്റുകളെ സമ്മര്‍ദ്ദത്തിലാക്കുവാനുമെല്ലാം ഫേസ്ബുക്കിന് ഉപയോഗിക്കുവാന്‍ സാധിക്കും എന്ന അവസ്ഥയിലാണ് ഇതിന്റെ അപകടം ഒളിഞ്ഞിരിക്കുന്നത്.

Comments

comments