പ്രഭാഅരുണ്‍ കുമാറിന്റെ കൊലപാതകം: അന്വേഷണസംഘം പ്രതിയുടെ തൊട്ടടുത്ത്.

സിഡ്‌നി: ഓസ്‌ട്രേലിയിയലെ സിഡ്‌നിയില്‍ ദുരുഹസാഹചര്യത്തില്‍ ഇന്ത്യക്കാരിയായ ഐടി വിദഗ്ധ പ്രഭ അരുണ്‍ കുമാര്‍ കുത്തേറ്റുമരിച്ച കേസില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. കൊലപാതകിയുടേതെന്നു സംശയിക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടു. ഇതോടൊപ്പം ബാംഗളൂരിലെത്തി കുടുംബത്തില്‍ നിന്നും വിശദാംങ്ങള്‍ ശേഖരിക്കുന്നതിനും അന്വേഷണസംഘം തയാറെടുക്കുകയാണ്. പ്രഭയെ കുത്തിയ ആളുടേതെന്നു സംശയിക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസമാണ് അന്വേഷണസംഘം പുറത്തുവിട്ടത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് 41 കാരിയായ പ്രഭ അരുണ്‍ കുമാര്‍ കുത്തേറ്റുമരിച്ചത്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പര്‍റമാട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആര്‍ഗ്ലി സ്ട്രീറ്റിലുടെ പാര്‍ക്ക് പരേഡിലെത്ത്ി അവിടെ നിന്നും വീട്ടിലേക്കുള്ള നടപ്പാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഇവര്‍ക്കു അജ്ഞാതന്റെ കുത്തേറ്റത്. നടപ്പാതയുടെ തൊട്ടടുത്താണ് ഗോള്‍ഫ്‌കോഴ്‌സ്. ബാംഗളൂരിലുള്ള ഭര്‍ത്താവ് അരുണ്‍ കുമാറുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആക്രമണം. സമീപവാസിയായ ഒരാള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് അത്യാഹിത വിഭാഗം പ്രഭയെ ആശുപത്രിയിലെത്തിച്ചത്. കത്തികൊണ്ടുള്ള കുത്തേറ്റതിനാല്‍ ശരീരത്തില്‍ നിന്നും ഏറെ രക്തം നഷ്ടമായിരുന്നു. വെസ്റ്റ്‌മെഡ് ആശുപത്രിയിലെത്തിച്ച അന്നു രാത്രിതന്നെ അവര്‍ മരണമടയുകയുമായിരുന്നു.

കൊലപാതകം നടന്ന ദിവസം വൈകുന്നേരം ഗോള്‍ഫ്‌കോഴ്‌സിന് സമീപത്തുകൂടി ജൂബിലി ലൈനിലൂടെ ഒരാള്‍ നടന്നുപോകുന്ന ദൃശ്യമാണ് അന്വേഷണസംഘം പുതുതായി പുറത്തുവിട്ടത്. ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ താമസിക്കുന്ന പത്തുവയസുള്ള മകള്‍ ഉള്‍പ്പെടെ അനവധിയാളുകളെ പ്രഭയുടെ കൊലപാതകം ആശങ്കപ്പെടുത്തിയിരിരിക്കുകയാണെന്ന് ഡിക്ടറ്റീവ് ആക്ടിംഗ് ഇന്‍സ്‌പെക്ടര്‍ റിച്ചി സിം പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹവും ആശങ്കയിലാണ്. അതിനാല്‍ കൊലപാതകിയെ അടുത്തറിയുന്നവര്‍ വിവരങ്ങള്‍ നല്‍കാന്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലല്ല അന്വേഷണമെന്ന് കുടുംബത്തെ ബോധ്യപ്പെടുത്താനാണ് ബാംഗളുരില്‍ പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

Comments

comments