അസത്യപ്രചാരകര്‍ക്കു തിരിച്ചടി; വിസിറ്റ് കേരള ഹാഷ്ടാഗ് ക്ലിക്ക്ഡ്!

മെല്‍ബണ്‍: തെരുവുനായകളുടെ പേരില്‍ കേരളത്തിലെ ടൂറിസം മേഖലയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയവര്‍ക്കു തിരിച്ടി. തെരുവ് നായ്ക്കളെ കേരളം ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കേരളത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ വിസിറ്റ് കേരള (#VisitKerala) എന്ന ഹാഷ് ടാഗ് ഫെയിസ്ബുക്കിലും ട്വിറ്ററിലും ട്രെന്‍ഡിംഗ് ആയി മാറിക്കഴിഞ്ഞു.

കേരളത്തിനെതിരെ നടക്കുന്ന ആസൂത്രിതമായ ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ സ്വന്തം നാടിനെ സ്‌നേഹിക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരും സംസ്ഥാന ടൂറിസം വകുപ്പുമാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തു വന്നിരിക്കുന്നത്. കേരളത്തിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരേ പ്രതികരിക്കണമെന്നും അടിസ്ഥാന രഹിതമായ പ്രചരണങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കൂടാതെ ഇതിനകം നിരവധി ആളുകളാണ് വിസിറ്റ് കേരള ഹാഷ് ടാഗ് ഉപയോഗിച്ച് പ്രചരണത്തിന്റെ ഭാഗമായിരിക്കുന്നത്. Adopt a Rabid dog from Kerala എന്ന പേജുൾപ്പെടയുള്ള ഓണ്‍ലൈൻ കൂട്ടായ്മകളിലുടെയാണ്  വിസിറ്റ് കേരള ഹാഷ് ടാഗ് പ്രചാരം നേടിയത്. വിസിറ്റ് കേരള ക്യാംപയിന്‍ ട്രെന്‍ഡിംഗ് ആയതോടെ എഴുത്താകരന്‍ എന്‍എസ് മാധവനടക്കം നിരവധി പേരാണ് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നത്.

കേരളം തെരുവ് നായ്ക്കളോട് ക്രൂരത കാണിക്കുന്ന സ്ഥലമാണെന്നും അതുകൊണ്ട് കേരളത്തെയും, അതിന്റെ സേവന, ഉത്പന്നങ്ങളെയും നിരോധിക്കണമെന്നുമായിരുന്നു കേരളത്തിനെതിരെ നടന്ന പ്രചരണം. ‘ബോയ്‌കോട്ട് കേരള’, ‘ക്രുവല്‍ കേരള’ തുടങ്ങിയ ഫെയ്‌സ്ബുക്ക് പേജുകളാണ് വിദ്വേഷ ക്യാംപെയ്‌നുകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. വിവിധ ഭാഗങ്ങളില്‍ കേരളത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന്റെ ചിത്രങ്ങളും ഇവര്‍ ഈ പേജുകളിലൂടെ പ്രചരിപ്പിച്ചിരുന്നു.

കേരളത്തില്‍ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തെരുവ് നായ്ക്കളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിക്കുകയും അപകടകാരികളായ തെരുവുനായിക്കളെയും പേ പിടിച്ച നായിക്കളെയും കൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയിരുന്നത്. ഇവര്‍ക്കു തക്കതായ തിരിച്ചടിയാണ് ഇപ്പോള്‍ വിസിറ്റ് കേരളയിലൂടെ ലഭിച്ചിരിക്കുന്നത്.

ഈ പ്രശ്നത്തെ പരാമർശിച്ച് മുൻപ് പ്രസിദ്ധീകരിച്ചത് (ദേശീയ-അന്തർദേശീയ തലത്തിൽ കേരളവിരുദ്ധ പ്രചാരണം!)

Comments

comments