വീണ്ടും ചരിത്രം വളച്ചൊടിക്കുന്നു! നെഹ്‌റുവിന്റെ കുടുംബ ചരിത്രം തിരുത്തിയത് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കംപ്യൂട്ടര്‍ ശൃംഖല വഴി.

ന്യൂഡല്‍ഹി: ചരിത്രം വളച്ചൊടിക്കുന്നത് പതിവാക്കിയ സംഘപരിവാര്‍ നേതൃത്വം മോദി ഭരണത്തിന്റെ തണലില്‍ വീണ്ടും അഴിഞ്ഞാടുന്നു. അതവസാനം രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹ്‌റുവിനു നേരെ വരെയായെന്നുമാത്രം. സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മുത്തച്ഛന്റെ മതം മാറ്റി തിരുത്തിയതു വലിയ വിവാദമായിരിക്കുകയാണ്. വിക്കിപീഡിയയില്‍ ആര്‍ക്കും യഥേഷ്ടം വിവരങ്ങള്‍ നല്‍കുകയും തിരുത്തുകയും ചെയ്യാമെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കംപ്യൂട്ടര്‍ ശൃംഖല വഴി തിരുത്തല്‍ നടത്തിയതാണു വിവാദത്തിനു കാരണമായത്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചു തെറ്റായ വിവരങ്ങള്‍ നല്‍കിയതു കൂടാതെ അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഗംഗാധര്‍ നെഹ്‌റു ഗിയാസുദ്ദീന്‍ ഘാസി എന്ന മുസ്ലിമായിരുന്നു എന്നാണു വിക്കിപീഡിയയില്‍ വരുത്തിയിരിക്കുന്ന തിരുത്തലുകള്‍. ഗിയാസുദ്ദീന്‍ ഘാസി ബ്രിട്ടീഷുകാരുടെ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം നടത്തിയതാണെന്നും കൂട്ടിച്ചേര്‍ക്കപ്പെട്ട തിരുത്തലുകളില്‍ പറയുന്നു. നെഹ്‌റുവിന്റെ അച്ഛന്‍ മോത്തിലാല്‍ നെഹ്‌റുവിനെക്കുറിച്ചും തെറ്റായ വിവരങ്ങള്‍ പേജില്‍ ചേര്‍ത്തിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവും എഡ്വിന മൗണ്ട് ബാറ്റനുമായുള്ള ബന്ധത്തെക്കുറിച്ചും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണുള്ളത്.  ഇവ പിന്നീട് മറ്റുള്ളവര്‍ നീക്കുകയായിരുന്നു.

വിക്കിപീഡിയയില്‍ വരുത്തുന്ന തിരുത്തലുകള്‍ നിരീക്ഷിക്കുന്ന സാങ്കേതിക സംഘം നടത്തിയ അന്വേഷണത്തിലാണു കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷനല്‍ ഇന്‍ഫൊമാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) ഐപി അഡ്രസ് മുഖേനയാണ് ഈ തിരുത്തലുകള്‍ നടത്തിയിരിക്കുന്നതെന്നു വ്യക്തമായത്. ഈ തിരുത്തലുകള്‍ പുറമേ നിന്നുള്ള ആരെങ്കിലും ചെയ്തതാണെന്നു കരുതാനാകില്ലെന്നു സെന്റര്‍ ഫൊര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സൊസൈറ്റി പ്രസിഡന്റ് പ്രാണേഷ് പ്രകാശ്. നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാരിന്റെ ഐപി അഡ്രസിലൂടെ ഈ കടന്നുകയറ്റമുണ്ടായതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആവശ്യപ്പെട്ടു. നെഹ്‌റു മുസ്ലിമോ ഹിന്ദുവോ എന്നതല്ല പ്രശ്‌നം. അദ്ദേഹം ഇന്ത്യക്കാര നാണ്. സംഭവത്തില്‍ അടിയന്തര അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

തയാറാക്കിയത്: അരുണ്‍ പാലക്കലോടി.

Comments

comments