ഭയാനകമായി വ്യാപം അഴിമതി: മോദിക്ക് മൗനം.

ഡെല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും ദുരൂഹവും ഭയാനകവുമായ അഴിമതിയായി മധ്യപ്രദേശിലെ വ്യാപം കുംഭകോണം മാറുന്നു. അതേസമയം സത്ഭരണം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി അതിഭീകരമായ ഈ അഴിമതി കണ്ടില്ലെന്ന് നടിക്കുകയാണ്!

ഇതുവരെ 45 പേരുടെ മരണത്തിനും ശതകോടികളുടെ അഴിമതിക്കുമാണ് ഈ കുംഭകോണത്തിലൂടെ കളമൊരുങ്ങിയിരിക്കുന്നത്. മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാറിനെ പിടിച്ചുലച്ച കുംഭകോണത്തിലെ പ്രതികളും സാക്ഷികളും ജയിലിലും പുറത്തും മരിച്ചു വീഴുന്നതിനിടയിലാണ് കേസ് അന്വേഷിച്ചവരിലേക്കും ദുരൂഹമരണങ്ങളുടെ നീരാളിക്കൈകള്‍ നീളുന്നത്.

2003ലാണ് മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. 2004 മുതല്‍ വ്യാപം പരീക്ഷാ ക്രമക്കേട് തുടങ്ങിയെന്നാണ് പ്രത്യേക അന്വേഷണസംഘം പറയുന്നത്. അന്വേഷണം കാല്‍ ഭാഗമായപ്പോഴേക്കും 2000 പ്രതികളെ കസ്റ്റഡിയിലെടുത്ത കേസില്‍ 300 അറസ്റ്റാണ് നടന്നത്. 400 പ്രതികള്‍ ഒളിവിലാണ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, മുന്‍ ഗവര്‍ണര്‍ രാം നരേഷ് യാദവ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നതോടെയാണ് വ്യാപം കുംഭകോണം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്.

കുംഭകോണം പുറത്തുകൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രശാന്ത് പാണ്ഡെ പുറത്തുവിട്ട രേഖകള്‍പ്രകാരം കൃത്രിമ രേഖകളുണ്ടാക്കിയ 48 പരീക്ഷാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ശിപാര്‍ശപ്രകാരവും നിയമനം നല്‍കിയിട്ടുണ്ട്. ഏഴുപേരെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്ര ജലവിഭവ മന്ത്രിയുമായ ഉമാഭാരതിയും ഒരാളെ ഗവര്‍ണറും 21 പേരെ മറ്റു മന്ത്രിമാരുമാണ് ശിപാര്‍ശചെയ്തിട്ടുള്ളത്.

മാര്‍ക്ക് ലിസ്റ്റുകള്‍ തിരുത്തി പരീക്ഷാര്‍ഥികളെ പാസാക്കുകയായിരുന്നു റാക്കറ്റ് ചെയ്തിരുന്നത്. അന്വേഷണം നീണ്ടതോടെ വ്യവസായികളുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പുറത്തുവരാന്‍ തുടങ്ങി. വ്യാപം അസിസ്റ്റന്റ് പ്രോഗ്രാമര്‍ സി.കെ. മിശ്ര, സിസ്റ്റം അനലിസ്റ്റ് നിതിന്‍ മഹീന്ദ്ര, കൂട്ടാളി അജയ് സെന്‍ എന്നിവരാണ് ആദ്യം അറസ്റ്റിലായത്. മുന്‍ വിദ്യാഭ്യാസ മന്ത്രി ലക്ഷ്മികാന്ത് ശര്‍മ, ബി.ജെ.പി അനുയായിയും ഖനന വ്യവസായിയുമായ സുധീര്‍ ശര്‍മ എന്നിവരുംതുടര്‍ന്ന് അറസ്റ്റിലായി. മകന്റെ പേര് പരാമര്‍ശിക്കപ്പെട്ടതോടെ ഗവര്‍ണര്‍ രാം നരേഷ് യാദവ് രാജിവെച്ചു. തുടര്‍ന്നാണ് മകന്‍ ശൈലേഷ് യാദവ് പ്രതിപ്പട്ടികയില്‍ വരുകയും, ഗവര്‍ണര്‍ക്കെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തത്. ശൈലേഷ് യാദവും ഗവര്‍ണറുടെ വസതിയില്‍ ദുരൂഹനിലയില്‍ മരിച്ചുകിടക്കുകയായിരുന്നു, പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം കണ്ടത്തൊന്‍ കഴിഞ്ഞില്ല.

പ്രതികളും സാക്ഷികളും അന്വേഷകരുമായി 45 പേരാണ് ഇതുവരെ മരിച്ചത്, അവസാനമായി രേഖപ്പെടുത്തിയത് സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി അനാമിക കുശ്വാഹയുടെ മരിണമാണ്, തിങ്കളാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം കണ്ടത്തിയത്‌. അനാമിക ഫെബ്രുവരി മുതല്‍ ട്രെയിനിങ്ങിനായി മധ്യപ്രദേശിലെ സാഗര്‍ പൊലീസ് അക്കാദമിയില്‍ താമസിച്ചു വരികയായിരുന്നു. വ്യാപം നിയമനതട്ടിപ്പിലൂടെയാണ് ഇവർ ജോലി തരപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം ജബല്‍പൂര്‍ മെഡിക്കല്‍ കോളജ് ഡീന്‍ ഡോ.അരുണ്‍ ശര്‍മ്മയും ആജ് തക് ചാനല്‍ റിപ്പോര്‍ട്ടര്‍ അക്ഷയ് സിങ്ങും ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. അനാമിക മരണത്തോടെ നിയമതട്ടിപ്പു കേസുമായി ബന്ധപ്പെട്ടതിൽ പുറം ലോകം അറിഞ്ഞ മരണങ്ങൾ 45 ആയിക്കഴിഞ്ഞു.

Comments

comments