ദേശീയ – അന്തർദേശീയ തലത്തിൽ കേരളവിരുദ്ധ പ്രചാരണം!

മെല്‍ബണ്‍: കേരള വിരുദ്ധ പ്രചാരണവുമായി തെരുവുനായ്ക്കള്‍ക്കുവേണ്ടി കുരച്ചുചാടുന്ന ഫേസ്ബുക്ക് ജീവികള്‍ കേരളത്തെയും മലയാളികളെയും വംശീയമായി പോലും ആക്രമിച്ച് തരംതാണരീതിയിൽ ആര്‍ക്കോ വേണ്ടി അവർ തങ്ങളുടെ ജോലി തുടരുന്നു. സ്‌കൂളിലേക്കു പോകുന്ന പിഞ്ചുകുട്ടികളെ, ആശുപത്രിയില്‍ അഡ്മിറ്റായ രോഗിയെ…. അങ്ങനെ തെരുവുനായയടെ കടിയേറ്റ, ഏതുനിമിഷവും കടിയേല്‍ക്കുമെന്ന ഭീതിയില്‍ കഴിയുന്ന മലയാളികളെ മറന്ന് ഒരു സംഘം ഉറഞ്ഞുതുള്ളുകയാണ്. കേരളത്തില്‍ തെരുവുനായ്ക്കള്‍ക്ക് രക്ഷിയില്ലെന്നും അതിനാല്‍ കേരളത്തെ ബഹിഷ്‌കരിക്കണമെന്നുമാണ് ഫേസ്ബുക്കിലെ പ്രചാരണം.

തെരുവുനായ്ക്കളെ കൊല്ലാക്കൊല ചെയ്യുന്ന കേരളത്തെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന നിരവധി ഫേസ്ബുക്ക് പേജുകളാണ് സമീപകാലത്ത് പ്രചരിക്കുന്നത്. തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നടുക്കിയ ചിത്രങ്ങളും അതിനെതിരേയുള്ള പ്രതിഷേധവാചകങ്ങളുമായാണ് ഓരോ പോസ്്റ്റും. ബംഗാളിയിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം ഇതില്‍ പ്രതികരണങ്ങളുമുണ്ട്. തെരുവുനായ്ക്കളുടെ പേരിലുള്ള ഈ പ്രചാരണം പലപ്പോഴും വംശീയമായ രീതിയിലേക്കു വഴിമാറുന്നുമുണ്ട്. നിര്‍ഭാഗ്യവശാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാതെ ചില മലയാളികളും ഈ പ്രചാരണത്തിന് ഒപ്പം ചേരുന്നുണ്ടുതാനും.

എന്താണ് സത്യം?

വഴിയോരങ്ങള്‍ മുതല്‍ നഴ്‌സറി സ്‌കൂള്‍ വരാന്തകള്‍ വരെ കൈയടക്കിയ തെരുവുനായകള്‍ മൂലം കേരളഖജനാവിന് പ്രതിവര്‍ഷം 50 കോടി രൂപയിലേറെയാണ് ചെലവ് എന്നാണ് ഏകദേശകണക്ക്. തെരുവുനായകളുടെ കടിയേല്‍ക്കുന്നവര്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍, മൃഗങ്ങളുടെ ജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്കാണ് ഈ തുക ചെലവഴിക്കേണ്ടിവരുന്നത്.

എറണാകുളം ജില്ലയില്‍ മാത്രം കഴിഞ്ഞവര്‍ഷം പതിനായിരത്തിലേറെപേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ രണ്ടര മാസത്തിനകം 1354 പേര്‍ നായയുടെ കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളെ മാത്രം സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പും പറയുന്നു. ജനുവരിയില്‍ 548 പേരും ഫെബ്രുവരിയില്‍ 513 പേരും മാര്‍ച്ച് 15വരെ 293 പേരുമാണ് നായയുടെ കടിയേറ്റ് എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിച്ചത്. മറ്റുജില്ലകളിലെ കണക്കുകളിലും ചെറിയ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നവരുടെ എണ്ണം ഇതിലുമധികം വരും. നായയുടെ കടിയേറ്റ് ആശുപത്രിയിലത്തെുന്നയാള്‍ക്ക് ആന്റി റാബീസ് വാക്‌സിനാണ് നല്‍കുന്നത്. സ്വകാര്യ വിപണിയില്‍ ഇതിന്റെ ഒരുപാക്കേജിന് മൂവായിരം രൂപവരെയാണ് ചെലവ്. മാരകമായി കടിയേല്‍ക്കുകയോ കടിച്ച നായക്ക് പേബാധയുണ്ടെന്ന് സംശയമുയരുകയോ ചെയ്താല്‍ ഇമ്മ്യുണോ ഗ്‌ളോബുലിന്‍ ചികിത്സയാണ് നല്‍കുന്നത്. ഇതിന്റെ ഒരു ഡോസിന് 1780 രൂപ മുതലാണ് തുടങ്ങുന്നത്. കടിയുടെ മാരക സ്വഭാവത്തിനനുസരിച്ച് ചെലവ് വര്‍ധിക്കും. ഓരോ ജില്ലയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിവര്‍ഷം മൂന്നുമുതല്‍ അഞ്ചുകോടിയുടെ മരുന്നുവരെ തെരുവ് നായയുടെ കടിയേറ്റ് എത്തുന്നവരുടെ ചികിത്സക്ക് ചെലവഴിക്കേണ്ടിവരുന്നുണ്ട്. കഴിഞ്ഞ ഒരൊറ്റ വര്‍ഷത്തിനിടെ കേരളത്തില്‍ 1.6 ലക്ഷം പേര്‍ക്കാണ് നായയുടെ കടിയേറ്റത് എന്നതുമാത്രം മതി ഇതിന്റെ ഭീകരത വെളിവാക്കാന്‍

ഇതിന് പുറമേയാണ് തെരുവുനായകളുടെ വന്ധ്യംകരണത്തിന് ചെലവഴിക്കേണ്ടിവരുന്ന തുക. നായകളെ കൊല്ലരുതെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്. പകരം തെരുവുനായകളെ പിടിച്ച് വന്ധ്യംകരിച്ച് വിടാനാണ് (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍എ.ബി.സി) അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ചുമതലയും. പിടികൂടി വന്ധ്യംകരിക്കണമെങ്കില്‍ മൊബൈല്‍ യൂനിറ്റ് ആവശ്യമാണെന്നാണ് കോര്‍പറേഷനുകളുടെ വാദം. ലാബോറട്ടറി, മൊബൈല്‍ ലാപ്രോസ്‌കോപിക് യൂനിറ്റ്, വാക്‌സിനേഷന്‍ എന്നിവയടങ്ങിയ മൊബൈല്‍ യൂനിറ്റിന് 25 ലക്ഷം രൂപവരെ ചെലവ് വരും. നായയെ മൊബൈല്‍ യൂനിറ്റില്‍ എത്തിക്കുന്നതിന് നായപിടിത്തക്കാരെയും നിയോഗിക്കണം. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 600 രൂപവരെ ചെലവ് വരുന്നുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിശദീകരിക്കുന്നത്.

വഴിതെറ്റിക്കുന്ന പ്രചാരണം.

പത്ത് ഇന്ത്യന്‍ നഗരങ്ങളിലും ഒമ്പത് അന്താരാഷ്ട്ര നഗരങ്ങളിലും കേരളത്തെ ബഹിഷ്‌കരിക്കാനുള്ള നീക്കത്തിന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നാണ് ഫേസ്ബുക്കിലെ പ്രതിഷേധകൂട്ടായ്മ പറയുന്നത്. കേരളത്തിലെ യഥാര്‍ത്ഥ അറിയാത്ത ചില വികാരജീവികള്‍ തെരുവുനായ്ക്കള്‍ക്കുവേണ്ടി കുരച്ചുചാടുകയും ചെയ്യുന്നു. കേരളാ ടൂറിസത്തെയും ഇതിന്റെ പേരില്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം കൂടിയുള്ളപ്പോള്‍ പ്രചാരണത്തിനു പിന്നിലെ ലോബിയുടെ ഉള്ളിലിരിപ്പ് മനസിലാക്കാവുന്നതേയുള്ളൂ.

AWBI യുടെ (Animal Welfare Board of India) നേതൃത്വത്തിൽ നടത്തുന്ന കേരളാ വിരുദ്ധ പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതിനായി തയാറാക്കിയ പൊതു പെറ്റിഷനിൽ ഇതിനോടകം ആയിരക്കണക്കിന് പേർ ഭാഗമായി.

Stop the hate campaign against Kerala പെറ്റിഷൻ ലിങ്ക്.

മോഹന്‍ലാൽ പറയുന്നത് കേള്‍ക്കൂ….

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ ചലചിത്രതാരം മോഹന്‍ലാലിനോട്, അദ്ദേഹത്തിന്റെ അഭിനയ രീതികളോട് വിയോജിപ്പ് ഉള്ളവര്‍ കാണാം. പക്ഷെ അദ്ദേഹം പറയുന്നതില്‍ യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ അത് അംഗീകരിക്കുക തന്നെ വേണം. തെരുവുനായ് പ്രശ്‌നത്തില്‍ കഴിഞ്ഞദിവസം മോഹന്‍ലാല്‍ പ്രസിദ്ധപ്പെടുത്തിയ ബ്ലോഗ് പോസ്റ്റ് ഇങ്ങനെ പറയുന്നു.

‘കുട്ടികളും കാല്‍നടയാത്രക്കാരുമൊക്കെ നായ്ക്കളുടെ കടിയേറ്റു ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിന് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്’ കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍ എന്ന തലക്കെട്ടോടെ തുടങ്ങുന്ന പോസ്റ്റില്‍ അദ്ദേഹം പറയുന്നു. നായ്ക്കളെ കൊല്ലണമോ വേണ്ടയോ എന്ന കാര്യത്തിലാണു തര്‍ക്കം . എന്നാല്‍ എന്തുകൊണ്ട് ഇവ മനുഷ്യര്‍ക്കു ഭീഷണിയായി തെരുവില്‍ അലഞ്ഞുനടക്കുന്നു എന്നാരും ചര്‍ച്ച ചെയ്യുന്നില്ല. തെരുവുനായ്ക്കളുടെ എണ്ണം കൂടാനുള്ള കാരണമാണു ചര്‍ച്ച ചെയ്യേണ്ടത്. നമ്മള്‍ വലിച്ചെറിയുന്ന മാലിന്യമാണ് ഇതിനു കാരണം. കടിയേല്‍ക്കുന്ന ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ചു മരുന്ന് എത്തിക്കാനും സാധിക്കുന്നില്ല. എന്തുമാത്രം പരിഹാസ്യമാണു കാര്യങ്ങള്‍?’ ഉപദ്രവിക്കുന്ന നായ്ക്കളെ കൊല്ലാന്‍ പാടില്ലെന്ന വാദങ്ങളോടു ലാലിന്റെ പ്രതികരണം പഴയ കവിതയുടെ വരികളാണ്- ‘പൊന്‍ കായ്ചിടുന്ന മരവും പുരയില്‍ക്കവിഞ്ഞാല്‍….’

മേനക പോലും കേരളത്തെ പിന്തുണയ്ക്കുന്നു.

തെരുവുനായ്ക്കളുടെ സംരക്ഷണത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശബ്ദമുയര്‍ത്തുന്ന കേന്ദ്രമന്ത്രി മേനകഗാന്ധി പോലും കേരളത്തെ അംഗീകരിച്ചിട്ടുണ്ടെന്ന് ഓര്‍ക്കണം. കേരളത്തില്‍ തെരുവുനായ്ക്കളുടെ പേരില്‍ അനാവശ്യമായ ഒച്ചപ്പാടുകളാണുണ്ടാകുന്നതെന്ന് മേനക ഗാന്ധി കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞിരുന്നു. ഒരു തെരുവുനായയും കൊല്ലപ്പെടേണ്ട സാഹചര്യം ഇപ്പോള്‍ കേരളത്തിലില്ലെന്നും നായ്ക്കളുടെ വന്ധ്യംകരണമാണു ഫലപ്രദമായ മാര്‍ഗമെന്നും മലയാള മനോരമയുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ‘ദ് വീക്കി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മേനക പറഞ്ഞു. വന്ധ്യംകരണത്തിന് വേണ്ട തുക അനുവദിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ആവശ്യമായ സഹായം നല്‍കും. പേവിഷബാധയുണ്ടെന്നു ശാസ്ത്രീയമായി തെളിഞ്ഞാലല്ലാതെ ഒരു നായയെയും കൊല്ലരുതെന്ന് മുഖ്യമന്ത്രിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടു നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ എല്ലാ ജില്ലകളിലും സൗകര്യമൊരുക്കണം. കേരളത്തില്‍ രണ്ടര ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണു കണക്ക്. 14 ജില്ലകളിലും ഒരു ദിവസം 20 നായയെ എന്ന തോതില്‍ വന്ധ്യംകരിച്ചാല്‍തന്നെ രണ്ടുവര്‍ഷം കൊണ്ട് തെരുവുനായ പ്രശ്‌നത്തിനു പരിഹാരമാകുമെന്നും മേനക ചൂണ്ടിക്കാട്ടി. തിരുവനന്തപുരം നഗരത്തിലെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കണമെന്നും മേനക പഞ്ഞു.

എഡിറ്റോറിയൽ: അരുണ്‍ പാലക്കലോടി

Comments

comments