ഇന്ത്യക്കാരുടെ വിദേശനിക്ഷപം: സെപ്റ്റംബര്‍ 30 വരെ സ്വമേധയാ വെളിപ്പെടുത്താൻ അവസരം.

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ വിദേശത്തെ സ്വത്തിനെക്കുറിച്ചുള്ള വിവരം സെപ്റ്റംബര്‍ 30 നകം സത്യസന്ധമായി വ്യക്തമാക്കുന്നവരെ കേസില്‍ നിന്ന് ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശനാണ്യ കൈമാറ്റ നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം തുടങ്ങി ആറു നിയമങ്ങള്‍ പ്രകാരമുള്ള കേസുകളിലാണ് ഒഴിവുലഭിക്കുക. എന്നാല്‍ അഴിമതിയിലൂടെ സമ്പാദിച്ച പണമാണെങ്കില്‍ അത് കള്ളപ്പണത്തിന്റെ നിര്‍വചനത്തില്‍ വരുമെന്നും അതിന് സംരക്ഷണമുണ്ടാകില്ലെന്നും വിശദീകരിച്ചിട്ടുണ്ട്. നികുതിയടയ്ക്കാതെ ഇന്ത്യ യില്‍ നിന്നു ലഭിച്ച പണം ഉപയോഗിച്ചു പ്രവാസികള്‍ വിദേശത്തു സമ്പാദിക്കുന്ന സ്വത്തും വെളിപ്പെടുത്താത്ത വിദേശ സമ്പത്തായി കണക്കാക്കും.

വിദേശബാങ്ക് നിക്ഷേ പത്തില്‍ നികുതി ചുമത്തുന്നതു ബാലന്‍സിനല്ല, അടച്ച മുഴുവന്‍ തുകയ്ക്കുമാകുമെന്നും ധനമന്ത്രാലയം വെളിപ്പെടുത്തി. വെളിപ്പെടുത്താത്ത വിദേശ വരുമാനത്തിന്റെയും സ്വത്തിന്റെയും മൂല്യം നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഗവണ്‍മെന്റ് കഴിഞ്ഞദിവസം വിജ്ഞാപനം ചെയ്തിരുന്നു. ഈ മാസം ഒന്നാം തീയതി നടപ്പായ വിദേശ കള്ളപ്പണ നിയമപ്രകാരമാണു നടപടി. സ്ഥാവരവസ്തുക്കള്‍, ആഭരണം, വിലപിടിച്ച കല്ലുകള്‍, പുരാവസ്തുശേഖരം, പെയ്ന്റിങ്, ഓഹരി, ലിസ്റ്റ് ചെയ്യാത്ത വിദേശ സ്ഥാപനങ്ങളുടെ ഓഹരി എന്നിവയുടെ മൂല്യം ന്യായവിലമൂല്യപ്രകാരം നിശ്ചയിക്കുമെന്നു ചട്ടത്തില്‍ പറയുന്നു.

അവിഹിത സമ്പാദ്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കു സെപ്റ്റംബര്‍ 30 വരെ സാവകാശം ലഭിക്കും. ഈ 90 ദിവസത്തിനിടെ സ്വത്തു വെളിപ്പെടുത്തുന്നവരില്‍നിന്ന് 60% നികുതിയും പിഴയുമേ ഈടാക്കൂ. ഡിസംബര്‍ 31 വരെ പണമടയ്ക്കാന്‍ സാവകാശം ലഭിക്കും. സാവകാശം ഈ ഒറ്റത്തവണയേ ഉണ്ടാകൂ. ഇവരുടെ ജയില്‍ശിക്ഷ ഒഴിവാക്കും. മറ്റുള്ളവരില്‍നിന്നു നികുതിയും പിഴയുമായി സ്വത്തിന്റെ 120% ഈടാക്കും. സ്വത്തു വെളിപ്പെടുത്തുന്നവര്‍ പൂരിപ്പിക്കേണ്ട ഏഴു ഫോമുകളുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യക്കാരുടെ വിദേശത്തുള്ള കള്ളപ്പണം പരമാവധി പുറത്തുകൊണ്ടുവരാനുദ്ദേശിച്ചുള്ള പദ്ധതിയിലാണ് ഈ നിര്‍ദേശം. ഈ സംവിധാനമനുസരിച്ച് ഓണ്‍ ലൈനില്‍ ഡിക്ലറേഷന്‍ ഫയല്‍ ചെയ്യാം. ഇതിലെ ഡിജിറ്റള്‍ ഒപ്പിനും അംഗീകാരമുണ്ടായിരിക്കും. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒപ്പ് ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സ്വീകരിക്കും. ഡല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ആയിരിക്കും ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. വെളിപ്പെടുത്തലുകള്‍ സ്വീകരിക്കുക വരുമാന നികുതി കമ്മീഷണറായിരിക്കും.

വിദേശത്തെ രഹസ്യ കള്ളപ്പണം നിക്ഷേപം 30 ശതമാനം നികുതിയും തുല്യ പിഴയും നല്‍കി നിയമാനുസൃതമാക്കുകയാണ് ചെയ്യുന്നത്. മെയ് 26ന് പാര്‍ലമെന്റ് പാസ്സാക്കിയ കള്ളപ്പണ വിരുദ്ധ നിയമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഈ സംവിധാനം.

Comments

comments