ഓസ്‌ട്രേലിയയിലെ വലിയ നഗരമാകാൻ മെല്‍ബണ്‍!

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമെന്ന ഖ്യാതി സിഡ്‌നിയി ല്‍ നിന്ന് മെല്‍ബണ്‍ സ്വന്തമാക്കാനൊരുങ്ങുന്നു. 2056 ഓടെ സിഡ്‌നിയിലേതിനേക്കാള്‍ ജനസംഖ്യ മെല്‍ബണിലുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. സംസ്ഥാനാന്തര കുടിയേറ്റമാണ് ഇതില്‍ ഏറ്റവും നിര്‍ണായകം. മെല്‍ബണിലേക്ക് ഏറ്റവുമധികം കുടിയേറുന്നവര്‍ ന്യൂസൗത്ത് വെയില്‍സുകാരാണെന്നും ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മെല്‍ബണിലേക്കുള്ള വിദേശികളുടെ കുടിയേറ്റം കുറയുമ്പോഴും സംസ്ഥാനന്തര കുടിയേറ്റം നാല്‍പതുവര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ്.

കഴിഞ്ഞവര്‍ഷം മെല്‍ബണിലെത്തിയ 9300 ഓസ്‌ട്രേലിയക്കാരില്‍ മൂന്നിലൊന്നും ന്യൂസൗത്ത് വെയില്‍സ് നിവാസികളാണ്. സൗത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് 2100 പേരും കഴിഞ്ഞവര്‍ഷം മെല്‍ബണിലെത്തി. വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, ക്യൂന്‍സ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്. ഓസ്‌ട്രേലിയയുടെ മൊത്തം ജനസംഖ്യ കഴിഞ്ഞവര്‍ഷം അവസാനത്തോടെ 23.6 മില്യണിലെത്തി. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 330,000 പേരുടെ വര്‍ധനയാണ് ഉണ്ടായത്.

അതേസമയം രാജ്യത്തെ ഏറ്റവും വലിയ നഗരമാകാനുള്ള സിഡ്‌നിയുടെ പോക്കിനെ പ്രതിപക്ഷനേതാവ് മാത്യു ഗൈ അത്ര പ്രതീക്ഷയോടെയല്ല കാണുന്നത്. ഏറ്റവും വലിയ നഗരമെന്നതിനെക്കാള്‍ മനുഷ്യവാസത്തിന് ഏറ്റവും അനുയോജ്യമായ നഗരമെന്ന ഖ്യാതിയാണ് വിക്ടോറിയയ്ക്ക് ലഭിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Comments

comments