വ്യാജ ഏറ്റുമുട്ടലുകളും മഹത്തായ ഒരു ജനാധിപത്യവും!

ന്യൂഡല്‍ഹി: ലോകത്തിനു മുന്നില്‍ ഇന്ത്യ വീണ്ടും തലകുനിക്കുന്നു. ജനാധിപത്യത്തിന്റെ പേരില്‍ മനുഷ്യാവകാശങ്ങളെയും നിയമങ്ങളെയും കാറ്റില്‍ പറത്തി ആന്ധ്രപ്രദേശിലെ രണ്ടിടങ്ങളിലായി 25 പേരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവം ലോകമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്.

ചിറ്റൂര്‍ ജില്ലയിലെ ശേഷാചലം വനമേഖലയില്‍ നടന്ന ആദ്യ സംഭവത്തിൽ രക്തചന്ദനക്കടത്തുകാരെന്ന പേരില്‍ 20 തമിഴ് നാട്ടുകാരാണ് കൊല്ലപ്പെട്ടത്, രക്തചന്ദനം മുറിച്ചുകടത്താനെത്തിയ വരെയാണ് ആന്ധ്ര പൊലീസിന്റെ പ്രത്യേക സേന വെടിവെച്ചുകൊന്നത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമായിരിക്കെ തമിഴ്‌നാട്ടില്‍ പ്രതിഷേധവും കത്തുകയാണ്. പ്രതിഷേധക്കാര്‍ ആന്ധ്രതമിഴ്‌നാട് ബസ്സുകള്‍ക്ക് തീയിടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തു.

അതേസമയം കൊല്ലപ്പെട്ട 20 തമിഴ്‌നാട്ടുകാരില്‍ എട്ട് പേരെ ഒരു ദിവസം മുമ്പ് തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നതായി വെളിപ്പെടുത്തല്‍ പുറത്തുവന്നു. പൊലീസുകാരില്‍ നിന്നും രക്ഷപ്പെട്ട ശേഖര്‍ എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചിറ്റൂരിലെ നാഗരിക്കടത്തുവെച്ചാണ് ബസ്സില്‍ യാത്ര ചെയ്തിരുന്ന എട്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ അതേബസ്സില്‍ ഉണ്ടായിരുന്ന ശേഖര്‍ പൊലീസുകാരില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ പിന്നീട് അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി വീട്ടില്‍ തിരിച്ചെത്തി.

കൂട്ടക്കൊലപാതരം ആസൂത്രിതമാണെന്ന ആരോപണം ശക്തമായിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. സംഭവത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപിക്കുകയാണ്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് രക്തചന്ദനം മുറിച്ചുകടത്താനെത്തിയ 20 പേരെ ആന്ധ്ര പൊലീസിന്റെ പ്രത്യേക സേന വെടിവെച്ചു കൊന്നത്. ഇതില്‍ 13 പേര്‍ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ, വെല്ലൂര്‍ ഭാഗങ്ങളിലുള്ള ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കൊല്ലപ്പെട്ടവരില്‍ പലരുടേയും തലയ്ക്ക് വെടിയേറ്റിട്ടുണ്ട്. 80 രക്തചന്ദനകടത്തുക്കാര്‍ രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.

ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ സംഭവത്തിൽ പോലീസിനുനേരെ നടന്ന വിവിധ ആക്രമണങ്ങളും, 2010ൽ നരേന്ദ്ര മോദിയെ വധിക്കാൻ നടത്തിയ ഗുഡാലോചന എന്നിവയും ആരോപിച്ച് കസ്റ്റഡിയിൽ കഴിഞ്ഞവരാണ് കൊല്ലപ്പെട്ടത് ഇവർ ‘തെഹ്രീക്-ഖാൽബ-ഇ-ഇസ്ലാം’ (Tehreek-Ghalba-e-Islam) എന്ന സംഘടനയുടെ പ്രവർത്തകർ എന്ന പേരില്‍ അറസ്റ്റ് ചെയപ്പെട്ടവരായിരുന്നു. തെഹ്രീഖ് ഗല്‍ബ ഇസ്ലാം (ടി.ജി.ഐ) തീവ്രവാദിയും ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയുമായ വിഖറുദ്ധീന്‍ അഹമ്മദും നാല് സിമി പ്രവര്‍ത്തകരുമാണ് ഈ പോലീസ് വെടിവെപ്പില്‍ മരിച്ചത്.

പോലീസ് വാഹനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചുപേരേയും വെടിവെച്ചുകൊന്നതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ കൈയ്യില്‍ വിലങ്ങ് വ്യക്തമാക്കുന്ന ചിത്രം പുറത്തുവന്നതോടെ പോലീസിന്റെ വിശദീകരണത്തില്‍ ദുരൂഹത ഉയര്‍ന്നു. സംഭവം പോലീസ് കെട്ടിച്ചമച്ച കഥയാണെന്ന ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കളും രംഗത്തെത്തി. എന്നാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് വെടിവെച്ചതെന്നും ഇവരുടെ ഒരു കൈയില്‍ മാത്രമേ വിലങ്ങിട്ടിരുന്നുള്ളൂവെന്നും സംസ്ഥാന പോലീസ് മേധാവി അനുരാഗ് ശര്‍മ അവകാശപ്പെട്ടു.

ഈയാഴ്ച നടന്ന ഈ അരുംകൊലകളുടെ അലയൊലികള്‍ രാജ്യാതിര്‍ത്തി കടന്നും വ്യാപിക്കുകയാണിപ്പോൾ. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളും പ്രശ്‌നത്തെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടിസ് പോലുള്ള സംഘടനകളും ആവശ്യപ്പെടുന്നു.

വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച് സുപ്രീംകോടതി 2011 ല്‍ പുറപ്പെടുവിച്ച വിധി മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നു.
പ്രകാശ് കദം-രാമംപ്രസാദ് വിശ്വനാഥ് ഗുപ്ത കേസില്‍ (Prakash Kadam vs. Ramprasad Vishwanath Gupta, 2011) ജസ്റ്റീസ് ഗ്യാന്‍ സുധ മിശ്ര പറയുന്നു. ‘വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്കെതിരേ കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ കേസ് എന്ന് പരിഗണിച്ച് വധശിക്ഷ നല്‍കേണ്ടതാണ്. നിയമം മുറുകെപ്പിടിക്കേണ്ട ഒരാള്‍ നടത്തുന്ന ഹീനമായ ക്രൂരകൃത്യമാണിത്. സാധാരണ ജനങ്ങളാണ് ഇതു ചെയ്തതെങ്കില്‍ സാധാരണ ശിക്ഷ നല്‍കിയാല്‍ മതിയാകുമെന്നാണ് കോടതിയുടെ അഭിപ്രായം. എന്നാല്‍ ഒരു നിയമപാലകനാണ് ഇത് ചെയ്യുന്നതെങ്കില്‍ കനത്ത ശിക്ഷ അനിവാര്യമാണ്. കാരണം തങ്ങളുടെ കര്‍ത്യവ്യത്തിന് കടകവിരുദ്ധമായ പ്രവര്‍ത്തിയാണ് ഇതുവഴി അവര്‍ നിര്‍വഹിക്കുന്നത്’ -സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ആന്ധ്രസംഭവം രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ ചോദ്യംചെയ്യുന്ന ഒന്നായി വളര്‍ന്നുകഴിഞ്ഞു.

Comments

comments