വിദേശനഴ്‌സിംഗ് വിദ്യാര്‍ഥികളെ പരീക്ഷയില്‍ വിജയിപ്പിക്കാന്‍ സമ്മര്‍ദ്ദം!

മെല്‍ബണ്‍:ഓസ്‌ട്രേലിയയിലെ പ്രമുഖ സര്‍വകലാശാലകളില്‍ വരെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ഥികളെ വിജയിപ്പിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് വെളിപ്പെടുത്തല്‍. മുഴുവന്‍ ഫീസും നല്‍കിയ വിദേശവിദ്യാര്‍ഥികള്‍ക്ക് നഴ്‌സിംഗ് ബിരുദം നല്‍കാനാണ് സമ്മര്‍ദ്ദം. ഇതാകട്ടെ പലപ്പോഴും രോഗികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറയുന്നു. ഒരിക്കല്‍പ്പോലും ബിരുദം നേടുമെന്ന് കരുതാന്‍ കഴിയാത്ത നിരവധി വിദ്യാര്‍ഥികള്‍ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയിലുണ്ടെന്ന് അക്കാദിമിക് വിദഗ്ദ്ധര്‍ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്യുന്നു.

നിരവധി കാരണങ്ങളാണ് നിലവാരത്തകര്‍ച്ചയ്ക്കു പിന്നില്‍. വിദേശത്തുള്ള ഒരൊറ്റ എജന്റിന് ഓസ്‌ട്രേലിയിയലെ വിവിധ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുവരാന്‍ ഇപ്പോള്‍ കഴിയും. ചൈനയിലാണ് ഇത്തരം ഏജന്റുമാരുടെ വിളയാട്ടം. ബെയ്ജിംഗിലെ ഒരു ഏജന്റ് മൊണാഷ്, ക്യൂന്‍സ് ലന്റ്, സിഡ്‌നി, ന്യൂകാസില്‍, സതേണ്‍ക്രോസ്, എസിഎ, എഎന്‍യു, യുടിഎസ് എന്നീ സര്‍വകലാശാലകളുടെയെല്ലാം ഏജന്റായി പ്രവര്‍ത്തിക്കുന്ന കാര്യവും അന്വേഷണത്തില്‍ വ്യക്തമായി. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ വ്യാജരേഖകള്‍ വരെ ഇവര്‍ സമര്‍പ്പിക്കാറുണ്ട്.

വിദേശവിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്ന വന്‍തുകയാണ് സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനമെന്ന് സിഡ്‌നി സര്‍വകലാശാലയിലെ ഡോ.സീന ഒ കോണര്‍ പറയുന്നു. സിഡ്‌നി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളില്‍ 25 ശതമാനവും വിദേശികളാണ്. മെല്‍ബണിലെ ആര്‍എംഐടിയിലാകട്ടെ വിദേശവിദ്യാര്‍ഥികളുടെ തോത് 50 ശതമാനമാണ്. ഇതോടൊപ്പം അസൈന്‍മെന്റുകള്‍ കോപ്പിയടിക്കുന്ന പ്രവണതയും വര്‍ധിക്കുന്നുണ്ട്. അമ്പത് ശതമാനം വരെ ഇത്തരത്തില്‍ കോപ്പിയടിക്കുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ആരോപണങ്ങളോട് പ്രതികരിക്കാന്‍ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി സിഡ്‌നിയും ഓസ്‌ട്രേലിയന്‍ കാത്തോലിക് യൂണിവേഴ്‌സിറ്റിയും തയാറായില്ല.

Comments

comments