കേജരിവാള്‍ ഊരാക്കുടുക്കില്‍.

Gajendra Singh, the farmer who committed suicide at the AAP rally.

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ് ട്രീയത്തില്‍ മാറ്റത്തിന്റെ കാഹളധ്വനി മുഴക്കിയ അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഭരണത്തിലെത്തി ഏതാനും നാളുകള്‍ കൊണ്ട് രാജ്യത്തെ പതിവു രാഷ് ട്രീയക്കാരേക്കാള്‍ തരംതാഴ്ന്നവരാണെന്ന് തെളിയിച്ചുകഴിഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളുടെ പേരില്‍മാത്രമല്ല മാധ്യമശ്രദ്ധ നേടാനുള്ള നേതാക്കളുടെ അമിതാവേശവും അരവിന്ദ് കേജരിവാളിനെ ഇപ്പോള്‍ ഊരാക്കുടുക്കിലാക്കിയിരിക്കുകയാണ്. കുരുക്കുമുറിക്കിയതാകട്ടെ കര്‍ഷക റാലിക്കിടെ രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവവും.

ഒരാള്‍, അതും നിരാശ ബാധിച്ച കര്‍ഷകന്‍ തലയ്ക്കു മീതെ കെട്ടിത്തൂങ്ങി നിന്നിട്ടും റാലി തുടര്‍ന്നതില്‍ കേജരിവാള്‍ ക്ഷമാപണം നടത്തിയെങ്കിലും വിവാദം അകലുന്നില്ല. റാലി തുടര്‍ന്നത് തെറ്റായിപ്പോയെന്നും ക്ഷമ ചോദിക്കുന്നതായും കെജരിവാള്‍ പറഞ്ഞു. കര്‍ഷകന്റെ ആത്മഹത്യയില്‍ ബിജെപിയും കോണ്‍ഗ്രസും ഡല്‍ഹി പോലീസും എഎപിയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം.

മരത്തിന്റെ അടിയില്‍ എഎപി പ്രവര്‍ത്തകരും പോലീസുകാരും ഉണ്ടായിരുന്നു. എന്നാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. അത്തരമൊരു ചിന്ത പോയിരുന്നെങ്കില്‍ തീര്‍ച്ചയായും ആരെങ്കിലും എന്തെങ്കിലും ചെയ്‌തേനെ. അയാളെ താഴെ എത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴും ജീവനുണ്ടെന്നാണ് തങ്ങള്‍ കരുതിയിരുന്നതെന്നും കെജരിവാള്‍ പറഞ്ഞു. സംഭവത്തിന് ശേഷം താന്‍ പ്രസംഗിച്ചെങ്കിലും ഒരു മണിക്കൂര്‍ പ്രസംഗത്തിന് പകരം പത്ത് മിനിട്ട് മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചു. പക്ഷേ ചെയ്തത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നു. താന്‍ പ്രസംഗിക്കാന്‍ പാടില്ലായിരുന്നു. തന്റെ പ്രവൃത്തിയില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു.

ഇതിനിടെ മരിച്ച കര്‍ഷകന്റെ കുടുംബാംഗങ്ങളും പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത് ആപ്പിനെ പ്രതിരോധത്തിലാക്കി. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള കൃഷിനാശമൊന്നും ഇയാള്‍ക്കുണ്ടായിരുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിലേത് ഗജേന്ദ്രസിംഗിന്റെ കയ്യക്ഷരമായി കരുതുന്നില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്തായാലും വൈകിയുദിച്ച വിവേകംകൊണ്ട് ഇപ്പോള്‍ വിലപിക്കുന്ന കേജരിവാള്‍ ഭരണത്തില്‍ വരുംദിവസങ്ങളില്‍ എന്തെല്ലാം അരങ്ങേറുമെന്ന ആശങ്കയിലാണ് ആപ്പിനെ അകമഴിഞ്ഞ് സ്‌നേഹിക്കുന്ന ജനത.

Comments

comments