സ്‌കില്‍ഡ് വിസ പദ്ധതി ഇനി ലളിതം.

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലേക്കു കുടിയേറുന്ന പ്രവാസികളുടെ സ്വപ്‌നമായ 457 സ്‌കില്‍ഡ് വിസ പരിപാടിയില്‍ സമഗ്രമായ മാറ്റംവരുന്നു. സ്‌കില്‍ഡ് വിസയുമായി ബന്ധപ്പെട്ട് നടക്കുന്ന ക്രമക്കേടുകളും മറ്റും വിശദമായി പഠിച്ചശേഷം ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. നിയമം കൂടുതല്‍ ലഘൂകരിക്കുന്നതിനൊപ്പം തട്ടിപ്പിന് അവസരം ലഭിക്കാത്ത രീതിയിലാകും പദ്ധതി അവതരിപ്പിക്കുകയെന്ന് അസിസ്റ്റന്റ് എമിഗ്രേഷന്‍ മിനിസ്റ്റര്‍ മിഷേലിയ കാഷ് അറിയിച്ചു.

വിസ പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ലഭിച്ച 51 നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. 457 വിസ പദ്ധതിയുടെ പുനരവലോകനത്തിന്റെ ഭാഗമായി ലഭിച്ച നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ ശരിവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ലഘൂകരിക്കുന്നതാണ് സുപ്രധാനനിര്‍ദേശം. IELTS ന് നാല് വിഭാഗങ്ങളിലും ശരാശരി അഞ്ച് പോയിന്റ് മാത്രം നേടിയാല്‍ 457 വിസ ലഭിക്കും. നേരത്തെ ഓരോ വിഭാഗങ്ങളിലും കൂടുതൽ പോയിന്റ് അനിവാര്യമായിരുന്നു. സ്‌പോണ്‍സര്‍മാര്‍ നിയമലംഘനം നടത്തിയാല്‍ പിഴ ശിക്ഷ ഈടാക്കും. വിസ ഉടമക്ക് കൃത്യമായ ശമ്പളം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് ഉള്‍പ്പെടെ വകുപ്പുകളില്‍ കുടിയേറ്റക്കാരെ സംബന്ധിച്ച വിശദവിവരങ്ങള്‍ എത്തിക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കും.

457 വിസയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ലേബര്‍ പാര്‍ട്ടി അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇത് ശരിയല്ല എന്നും കണ്ടെത്തിയ ക്രമക്കേടുകൾ കേവലം നൂറ് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഭൂരിഭാഗം തൊഴില്‍ ദാതാക്കളും ശരിയായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം 457 വിസയെ പതിവുപോലെ തൊഴിലാളി യൂണിയനുകള്‍ എതിര്‍ക്കുകയാണ്. നിര്‍മാണ മേഖലയിലും മറ്റും ഭാഷാ പരിജ്ഞാനമില്ലാത്ത തൊഴിലാളികള്‍ എത്തുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നാണ് യൂണിയന്‍ പ്രതിനിധികള്‍ പറയുന്നത്. പൊതുവേ 457 വിസയെ ആശ്രയിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍
(ACTU) സെക്രട്ടറി ഡേവ് ഒലിവര്‍ പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ ആറ് ശതമാനത്തിലെത്തി നില്‍കുന്നു. യുവാക്കളുടേത് 14 ശതമാനവും. ഈ സാഹചര്യത്തില്‍ അന്യരാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഒലിവര്‍ വിശദീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ഓസ്‌ട്രേലിയയിലെ വ്യവസായമേഖല സ്വാഗതം ചെയ്യുകയാണ്.

Comments

comments