വിദേശികള്‍ക്കായി വാടകഗര്‍ഭപാത്ര സേവനം തായ്‌ലന്‍ഡ് നിരോധിച്ചു.

മെല്‍ബണ്‍: കുട്ടികളെ സ്വന്തമാക്കാന്‍ ഇനി ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ തായ്‌ലന്റിലേക്ക് വിമാനം കയറേണ്ട. വിദേശികള്‍ക്കായി വാടകഗര്‍ഭപാത്ര സേവനം തായ്‌ലന്‍ഡ് നിരോധിച്ചു. വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുഞ്ഞിനെ ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്നുള്ള വിവാദ കോലാഹലങ്ങളാണു നിരോധനത്തിനു പിന്നില്‍. ‘ബേബി ഫാക്ടറി എന്ന നിലയിലുള്ള തായ്‌ലന്‍ഡിന്റെ കുപ്രസിദ്ധിക്കു തടയിടാന്‍കൂടിയാണ് വാടകഗര്‍ഭപാത്ര നിരോധന നിയമം പാര്‍ലമെന്റ് പാസാക്കിയത്. നിയമം ജൂണില്‍ പ്രാബല്യത്തിലാകും. നിയമം ലംഘിക്കുന്നവര്‍ക്കു പത്തു വര്‍ഷംവരെ തടവു ലഭിക്കും.

തായ്‌ലന്‍ഡുകാരായ ദമ്പതികള്‍ക്കു തുടര്‍ന്നും വാടകഗര്‍ഭപാത്ര സേവനം പ്രയോജനപ്പെടുത്താം. ദമ്പതികളിലൊരാള്‍ തായ്‌ലന്‍ഡ് സ്വദേശിയാണെങ്കിലും മതി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ ഉള്‍പ്പെട്ട വാടക ഗര്‍ഭപാത്ര വിവാദത്തിന്റെ തുടക്കം. വാടകഗര്‍ഭപാത്രത്തിനു 15,000 ഡോളര്‍ സ്വീകരിച്ച തായ് സ്ത്രീ പ്രസവിച്ച ഇരട്ടക്കുട്ടികളിലൊരാള്‍ക്കു ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്നു കണ്ടെത്തിയപ്പോള്‍ ദമ്പതികള്‍ ആ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പിതാവ് ബാല ലൈംഗിക പീഡനത്തിനു ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന കണ്ടെത്തലും വിവാദമായി. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനു തായ്‌ലന്‍ഡ് മെഡിക്കല്‍ കൗണ്‍സില്‍ നിരോധനം നേരത്തേതന്നെയുണ്ട്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഒട്ടേറെ വന്ധ്യതാ ക്ലിനിക്കുകള്‍ സര്‍ക്കാര്‍ പൂട്ടിവരികയാണ്.

Comments

comments