മെല്‍ബണ്‍ മഹാനഗരമായി വളര്‍ന്നത് നാലു പതിറ്റാണ്ടുകൊണ്ട്: മേയര്‍

മെല്‍ബണ്‍:ഓസ്‌ട്രേലിയയിലെ മാത്രമല്ല ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു മഹാനഗരമായി മെല്‍ബണ്‍ വളര്‍ന്നത് വെറും നാലു പതിറ്റാണ്ടിനുള്ളിലാണെന്ന് മേയര്‍ റോബര്‍ട്ട് ഡോയല്‍. ലോകത്തില്‍ മനുഷ്യവാസത്തിന് ഏറ്റവും അനുയോജ്യമായ നഗരം എന്ന ബഹുമതി തുടര്‍ച്ചയായി നാലാംവര്‍ഷവും സ്വന്തമാക്കിയതിന്റെ പിന്നിലെ ഏതാനും രഹസ്യങ്ങളും മേയര്‍ പങ്കുവച്ചു. മെല്‍ബണ്‍ ടൗണ്‍ഹാളിനു മുന്നിലുള്ള പൂക്കള്‍ വില്‍ക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനസമയം ഇതിന് ഒരു ഉദാഹരണമാണെന്ന് മേയര്‍ പറയുന്നു. ടൗണ്‍ഹാളിന്റെ മുഖ്യകവാടത്തിനു തൊട്ടുചേര്‍ന്നാണ് പൂക്കള്‍ വില്‍ക്കുന്ന സ്ഥാപനം. എല്ലാദിവസവും പുലര്‍ച്ചെ രണ്ടുമണിവരെ പ്രവര്‍ത്തിപ്പിക്കണമെന്ന ഉറപ്പിലാണ് സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. ഇതിനു കാരണമെന്താണെന്ന് ചോദിച്ചാല്‍ മേയറുടെ ഉത്തരം വളരെ ലളിതമാണ്-സുരക്ഷ. പുലര്‍ച്ചെവരെ വെളിച്ചവും ആളനക്കവും ലഭിക്കുന്നതിനാല്‍ നഗരം ഉറങ്ങിയിട്ടില്ലെന്ന തോന്നലാണ് ഇതിലൂടെ ലഭ്യമാകുന്നത്. പോലീസിന്റെയും സിസിടിവി ക്യാമറകളുടേയും സഹായത്തിനൊപ്പം ഇത്തരം സംവിധാനങ്ങള്‍ കൂടി ഉള്‍പ്പെടുന്നതോടെ സാമൂഹ്യവിരുദ്ധര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. സുരക്ഷ, വികസനം എന്നിവയ്ക്കായി സ്വീകരിച്ച സംവിധാനങ്ങള്‍ ഈയാഴ്ച മേയര്‍ റോബര്‍ട്ട് ഡോയല്‍ പെര്‍ത്തിലെ ഭരണകൂടവുമായി പങ്കുവയ്ക്കും.

ലോകത്തെ 140 നഗരങ്ങളില്‍ മനുഷ്യജീവിതത്തിന് ഏറ്റവും അനുയോജ്യം മെല്‍ബണ്‍ ആണെന്ന് എക്കണോമിക്‌സ് ഇന്റലിജന്‍സ് യൂണിറ്റ് സര്‍വേ ഇത്തവണയും വ്യക്തമാക്കി. തുടര്‍ച്ചയായ നാലാംവര്‍ഷമാണ് മെല്‍ബണ്‍ ഈ സ്ഥാനത്തിന് അര്‍ഹമാകുന്നത്. ഏകദേശം നാല് ദശകങ്ങള്‍ കൊണ്ടാണ് മെല്‍ബണ്‍ ഈ രീതിയിലേക്ക് മുന്നേറിയത്. 1970 കളില്‍ ഒരു പ്രമുഖ ആര്‍ക്കിടെക്റ്റ് മെല്‍ബണിനെ വിശേഷിപ്പിച്ചത് പ്രവര്‍ത്തനരഹിതമായ നഗരമെന്നാണെന്ന കാര്യവും മേയര്‍ ഓര്‍മിപ്പിച്ചു.
1978 ല്‍ 600 കഫേകളും റസ്റ്ററന്റുകളും ബാറുകളുമാണ് നഗരത്തിലുണ്ടായിരുന്നത്. ഇന്നത് 2000 ത്തിലേറെയായി. 2010 ഓടെയാണ് നഗരത്തിലെ രാത്രികാല കച്ചവടവും പരിപാടികളും മറ്റും ആരംഭിച്ചതെന്നും ഇത് നഗരജീവിതത്തെ മാറ്റിമറിച്ചുവെന്നും അദ്ദേഹം പറയുന്നു.

Comments

comments