കുറ്റകൃത്യങ്ങള്‍ കുറയുന്നു, അഭിമാനമായി മെല്‍ബണ്‍ നഗരം.

മെല്‍ബണ്‍:അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണെങ്കിലും മെല്‍ബണ്‍ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരികയാണെന്ന് ക്രൈംസ്റ്റാറ്റിക്‌സ് കണക്കുകള്‍. ജനസംഖ്യയില്‍ വലിയ തോതിലുള്ള വര്‍ധനയുണ്ടായെങ്കിലും എല്ലാ വിഭാഗം കുറ്റകൃത്യങ്ങളിലും കുറവുണ്ടായെന്നതു അധികൃതര്‍ക്ക് ആശ്വാസവാര്‍ത്തയാണ്.

2012 ലെ നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെല്‍ബണ്‍ നഗരത്തിലേക്കു താമസിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ ഇപ്പോള്‍ ഒരോ ദിവസവും അഞ്ചുശതമാനം വര്‍ധനയാണ്. ഇതേ കാലഘട്ടത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്കാകട്ടെ 20 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. മയക്കുമരുന്നുകേസുകളില്‍ ഏഴ് ശതമാനവും വ്യക്തികള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ 13 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം സിസിടിവി സ്ഥാപിച്ചതു കുറ്റകൃത്യങ്ങളുടെ നിരക്കു കുറയ്ക്കാന്‍ സഹായകമായിട്ടുണ്ടെന്ന് മേയര്‍ റോബര്‍ട്ട് ഡോയല്‍ അറിയിച്ചു. മദ്യത്തിന്റെ വില്‍പനയും കുറഞ്ഞു. ഇതുമൂലം കുറ്റകൃത്യങ്ങളുടെ നിരക്കിലും വലിയ താഴ്ചയാണ് ഉണ്ടായത്. 2009 നും 2013 നും ഇടയില്‍ മദ്യവില്‍പനയില്‍ നഗരത്തില്‍ ആറ് ശതമാനം താഴ്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ വില്‍പനയില്‍ 25.1 ശതമാനത്തിന്റെ വര്‍ധനയും ഉണ്ടായെന്ന് ഓസ്‌ട്രേലിയന്‍ നൈറ്റ് ടൈം എക്കണോമിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മെല്‍ബണ്‍ നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയുമ്പോഴും വിക്ടോറിയയില്‍ ഇത് ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുകയാണ്.
കുറ്റകൃത്യങ്ങളുടെ നിരക്കില്‍ സംസ്ഥാനം 2.5 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മയക്കുമരുന്ന് ഉപയോഗം മൂലമുള്ള സംഘര്‍ഷങ്ങള്‍, കുടുംബകലഹം എന്നിവയാണ് ഇതില്‍ കൂടുതലും. 2014 ല്‍ 456,000 കുറ്റകൃത്യങ്ങളാണ് വിക്ടോറിയ പോലീസ് രജിസ്റ്റര്‍ ചെയ്തത്. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 18,0000 അധികമാണ് ഇതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Comments

comments