കുറ്റം അവളുടേതെന്ന്: മരണശേഷവും ഡല്‍ഹി പെണ്‍കുട്ടിയെ വേട്ടയാടി പ്രതി.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ മരണശേഷവും പ്രതികള്‍ വേട്ടയാടുന്നു. മാനഭംഗത്തിന് ഉത്തരവാദി പെണ്‍കുട്ടിതന്നെയാണെന്നാണ് പ്രതികളിലൊരാള്‍ പറഞ്ഞത്. ബലാത്സംഗം ചെയ്യുമ്പോള്‍ അവള്‍ പ്രതിരോധിക്കരുതായിരുന്നു. നിശബ്ദമായിരിക്കുകയും ബലാത്സംഗം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ കാര്യം കഴിഞ്ഞതിന് ശേഷം അവളെ ഉപേക്ഷിക്കുമായിരുന്നെന്നാണ് പ്രതി മുകേഷ് സിംഗ് പറയുന്നത്.

ഡല്‍ഹി സംഭവത്തെ കുറിച്ച് ഡോക്യൂമെന്ററി തയാറാക്കുന്ന ബ്രിട്ടീഷുകാരിയായ ലെസ്ലി യുഡ്വിനുമായി നടത്തിയ സംഭാഷണത്തിലാണ് മുകേഷ് സിംഗിന്റെ തുറന്നു പറച്ചില്‍. 16 മണിക്കൂര്‍ നേരത്തെ സംഭാഷണത്തിനിടയില്‍ ഒരിക്കല്‍ പോലും മുകേഷ് സിംഗ് കുറ്റബോധമോ പശ്ചാത്താപമോ പ്രകടിപ്പിച്ചില്ല. അതേസമയം അന്നത്തെ സംഭവത്തില്‍ പെണ്‍കുട്ടിയെ മാത്രമാണ് പ്രതി കുറ്റപ്പെടുത്തുന്നത്. ’പെണ്‍കുട്ടി പ്രതിരോധിച്ചില്ലെങ്കില്‍ ആക്രമിക്കില്ലായിരുന്നു. അവളുടെ കൂടെയുണ്ടായിരുന്നവനെ മാത്രമേ തല്ലുമായിരുന്നുള്ളൂ. നല്ല പെണ്‍കുട്ടികള്‍ രാത്രി 9 മണിക്ക് ശേഷം റോഡില്‍ കറങ്ങി നടക്കില്ല. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് ബലാത്സംഗത്തിന് ഉത്തരവാദി. വീട്ടു ജോലിയും സംരക്ഷണവുമാണ് പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളത്. അല്ലാതെ മോശം വസ്ത്രങ്ങളണിഞ്ഞ് രാത്രി ക്‌ളബ്ബുകളിലും ഡിസ്‌കോ ബാറുകളിലും കറങ്ങി നടക്കുകയല്ല വേണ്ടത്. ഇങ്ങനെയുള്ളവരെ പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്’ മുകേഷ് പറയുന്നു. ഡല്‍ഹി പെണ്‍കുട്ടിയുടെ കൊല ആകസ്മികമായി സംഭവിച്ചതാണ്. ബലാത്സംഗക്കേസിലെ കുറ്റവാളികളെ വധശിക്ഷയ്ക്ക് വിധിക്കുന്നത് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ കുഴപ്പമുണ്ടാക്കുകയേ ഉള്ളൂ. നേരത്തെ ബലാത്സംഗത്തിന് ശേഷം അവളാരോടും പറയില്ല എന്ന് പറഞ്ഞ് പ്രതികള്‍ അവരെ വിട്ടുകളയുമായിരുന്നു. ഇനി ക്രിമിനലുകള്‍ ബലാത്സംഗം ചെയ്യുകയാണെങ്കില്‍ വധശിക്ഷ പേടിച്ച് ‘അവര്‍’ പെണ്‍കുട്ടികളെ കൊന്നുകളയുമെന്നും മുകേഷ് സിങ് പറയുന്നു.

2012 ഡിസംബര്‍ 16 രാത്രി 8.30 ന് ബസില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. 13 ദിവസത്തിന് ശേഷം സിംഗപ്പൂരില്‍ വെച്ച് പെണ്‍കുട്ടി മരിച്ചു. ബസിന്റെ ഡ്രൈവറായ മുകേഷ് സിങ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ്. അതേസമയം ഈ അഭിമുഖം സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി. ബി.ബി.സിക്കുവേണ്ടി തയാറാക്കിയ ഡോക്യൂമെന്ററി സംപ്രേക്ഷണം ചെയ്യരുതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വാര്‍ത്താ ചാനലുകളോട് ആവശ്യപ്പെട്ടു. അഭിമുഖത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

ബി.ബി.സി ചാനലിനായുള്ള ഡോക്യുമെന്ററിക്കായാണ് ബ്രിട്ടീഷ് ചലച്ചിത്രകാരി ലെസ്ലി യുഡ്വിന്‍ പ്രതി മുകേഷ് സിംഗുമായി അഭിമുഖം നടത്തിയത്. വിവദത്തിന്റെ പശ്ചാത്തലത്തില്‍ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറലിനെ വിളിച്ചു വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് വിശദീകരണം തേടി. അഭിമുഖത്തിന് അനുമതി നല്‍കിയപ്പോള്‍ ചട്ടങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഡോക്യുമെന്ററിക്കെതിരേ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നു ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി വ്യക്തമാക്കിയിരുന്നു.

Comments

comments