ഓസ്‌ട്രേലിയന്‍ ജനസംഖ്യ 2055 ല്‍ 40 മില്യണിനടുത്തെത്തും!

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ജനസംഖ്യ 2055 ല്‍ 39.7 മില്യണ്‍ കടക്കുമെന്ന് ഇന്റര്‍ ജനറേഷണല്‍ റിപ്പോര്‍ട്ട്. ആവര്‍ഷം 40,000 ഓസ്‌ട്രേലിയക്കാര്‍ നൂറാംജന്മദിനം ആഘോഷിക്കുകയും ചെയ്യുമെന്ന് കാന്‍ബറയില്‍ ഇന്നു പരസ്യമാക്കിയ നാലാമത് ഇന്റര്‍ജനറേഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ വൃദ്ധജനപരിപാലനത്തിനും ആരോഗ്യസംരക്ഷണത്തിനും കൂടുതല്‍ തുക നീക്കിവയ്‌ക്കേണ്ടിവരുമെന്നും വിലയിരുത്തപ്പെടുന്നു.

ഫെഡറല്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഇനി വെറും രണ്ടാഴ്ച മാത്രം സമയം അവശേഷിക്കേ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ക്കനുസൃതമായി പദ്ധതികള്‍ രൂപപ്പെടുത്തുന്നത് ട്രഷറര്‍ ജോ ഹോക്കിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും. പ്രത്യേകിച്ചും ആരോഗ്യ-തൊഴില്‍ മേഖലകളില്‍. 2055 ല്‍ ജനിക്കുന്ന കുട്ടികള്‍ 90 വയസുവരെ ആയുര്‍ദൈര്‍ഘ്യമുള്ളവരായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അക്കാലത്ത് ജനിക്കുന്ന കുട്ടികളില്‍ പുരുഷന്മാര്‍ക്ക് ശരാശരി 95 വയസുവരെയും സ്ത്രീകള്‍ക്ക് 96 വയസുവരെയും ആയുര്‍ദൈര്‍ഘ്യം ഉണ്ടായിരിക്കും. 65 വയസിനു മുകളിലുള്ള ഓസ്‌ട്രേലിയക്കാരുടെ എണ്ണം ഇന്നത്തെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇരട്ടിയാകും. തൊഴില്‍, നികുതി മേഖലകളില്‍ വലിയ പ്രത്യാഘാതങ്ങളാണ് ഇത് സൃഷ്ടിക്കുക. ഒപ്പം ആരോഗ്യ മേഖലയിലും. ഇപ്പോള്‍ ഒരാള്‍ക്ക് ശരാശരി 670 ഡോളറാണ് വര്‍ഷം ചെലവഴിക്കുന്നതെങ്കില്‍ 2055 ആകുമ്പോള്‍ ആരോഗ്യമേഖലയില്‍ ഇതിന്റെ പത്തിരട്ടി തുക ഓരോരുത്തര്‍ക്കും ചെലവഴിക്കേണ്ടിവരും. പ്രായമേറിയവരുടെ പെന്‍ഷനും ഉയര്‍ന്ന നിരക്കിലാകും. ബജറ്റില്‍ ഇതനുസരിച്ച് പദ്ധതികള്‍ രൂപപ്പെടുത്തിയാലേ നാലുപതിറ്റാണ്ടിന് അപ്പുറം കാര്യങ്ങള്‍ ഫലപ്രദമായി നേരിടാനാവൂ എന്നും വിലയിരുത്തപ്പെടുന്നു.

Comments

comments