ആക്ഷന്‍ ഹീറോ അര്‍ഡോള്‍ഡ് ഷാര്‍സ്‌നഗറിന് മെല്‍ബണ്‍ പോലീസിന്റെ ഉപദേശം!


മെല്‍ബണ്‍: മെല്‍ബണ്‍ നഗരത്തിലൂടെ ഹെല്‍മറ്റില്ലാതെ സൈക്കൾ ഓടിച്ച ആക്ഷന്‍ ഹീറോ അര്‍ഡോള്‍ഡ് ഷാര്‍സ്‌നഗറിന് മെല്‍ബണ്‍ പോലീസിന്റെ വക ബോധവല്ക്കരണം. ആക്ഷന്‍ ഹീറോ പരിവേഷം മാറ്റിനിര്‍ത്തി പോലീസുകാര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കി താരം സംസാരിക്കുകകയും ചെയ്തതോടെ സംഭവത്തിനു ശുഭപര്യവസാനവുമായി.

നിരവധി സിനിമകളില്‍ കൈക്കരുത്തുകൊണ്ട് പോലീസ് ഓഫീസര്‍മാരെ നിലംപരിശാക്കിയിട്ടുള്ള ആക്ഷന്‍ നായകന് യഥാര്‍ത്ഥ ജീവിതത്തില്‍ മെല്‍ബണ്‍ പോലീസിനോട് കയര്‍ക്കാന്‍ അവസരമൊന്നും ലഭിച്ചില്ല എന്നതും സത്യം. ഹോളിവുഡിലെ ആക്ഷന്‍ നായകന്‍, ബോഡിബില്‍ഡര്‍, മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍, രാഷ് ട്രീയനേതാവ് എന്നിങ്ങനെ വിവിധനിലകളില്‍ ശ്രദ്ധേയനായ ഷാര്‍സ്‌നഗര്‍ മെല്‍ബണ്‍ തെരുവിലൂടെ ഹെല്‍മറ്റ് ഇല്ലാതെ സൈക്കിള്‍ ഓടിക്കുന്ന ചിത്രം സോഷ്യല്‍മീഡിയല്‍ക്കൂടിയും പ്രചരിച്ചിരുന്നു.

എലിസബത്ത് സ്ട്രീറ്റിലെ തിരക്കിലൂടെ ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് നായകന്‍ സൈക്കിളില്‍ പറക്കുന്ന ചിത്രമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. നീലക്കളറുള്ള ഷോര്‍ട്ട്‌സും കറുത്ത ടീഷർട്ടും ധരിച്ചിരുന്ന ടെര്‍മിനേറ്റര്‍ താരം ഹെല്‍മറ്റ് അണിഞ്ഞിരുന്നില്ല. വിക്ടോറിയയില്‍ ഇരുചക്രയാത്രികര്‍ ഹെല്‍മറ്റ് അണിയണമെന്നതു നിര്‍ബന്ധമാണ്. നിയമം ലംഘിക്കുന്നവര്‍ 146 ഡോളര്‍ പിഴ നല്‍കേണ്ടിവരുമെന്നും മോട്ടോര്‍വാഹന നിയമങ്ങള്‍ പറയുന്നു.

ഒരു സംഘം ആളുകള്‍ സൈക്കിളില്‍ യാത്രചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതു നിരീക്ഷിക്കുന്നതിനിടെയാണ് അവര്‍ക്കിടയില്‍ ഹെൽമറ്റില്ലാത്ത താരത്തെ കണ്ടെത്തിയത് അതോടെ 67 കാരനായ താരത്തെ മാറ്റിനിര്‍ത്തി നിയമലംഘനം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍സ്റ്റബിള്‍ റോബര്‍ട്ട് ഗില്‍സണും സംഘവും പറഞ്ഞു. താരപ്പകിട്ടുള്ള സന്ദര്‍ശകനായതിനാല്‍ പിഴ ഈടാക്കിയില്ല. അതിനുപകരം തൊട്ടടുത്ത 7-ഇലവന്‍ കടയില്‍പ്പോയി അഞ്ച് ഡോളര്‍ മുടക്കി സൈക്കിള്‍ ഹെല്‍മറ്റ് വാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ നിര്‍ദേശമാകട്ടെ ഹോളിവുഡ് സൂപ്പര്‍നായകന്‍ ഏറെ ക്ഷമയോടെ അംഗീകരിക്കുകയും ചെയ്തു. തന്റെ പിതാവ് പോലീസുകാരനായിരുന്നുവെന്നും അതിനാല്‍ സേനാംഗങ്ങളോട് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശടൂറിസ്റ്റുകള്‍ക്കുമേല്‍ നിയമം അടിച്ചേല്‍പ്പിക്കുന്നതിനു പകരം അവരെ രാജ്യത്തെ നിയമങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനാണ് പോലീസ് ഊന്നല്‍ നല്‍കുന്നതെന്നും സന്തോഷവാനായ കോണ്‍സ്റ്റബിള്‍ പറഞ്ഞു. സൈക്കിളിംഗില്‍ അതീവ തത്പരനാണ് ഷാര്‍സ്‌നഗര്‍. ലണ്ടനില്‍ പലപ്പോഴും സൈക്കിളില്‍ പാഞ്ഞുപോകുന്ന ടെര്‍മിനേറ്ററിനെ കാണാം. എന്നാല്‍ അവിടെ ഹെല്‍മറ്റ് നിര്‍ബന്ധമല്ല. അര്‍ഡോള്‍ഡ് ക്ലാസിക് ബോഡിബില്‍ഡിംഗ്്, ഫോര്‍മുല വണ്‍ ഗ്രാന്റ് പ്രീ എന്നിവയ്ക്കായാണ് അര്‍നോള്‍ഡ് ഷാര്‍സ്വനഗര്‍ മെല്‍ബണിലെത്തിയത്.

Arnold Schwarzenegger riding on Elizabeth Street, Melbourne

Comments

comments