സ്വിസ്ബാങ്ക് വിവാദം: അക്കൗണ്ടുള്ള എക മലയാളി ഓസ്‌ട്രേലിയന്‍ പ്രവാസി.

മെല്‍ബണ്‍: സ്വിസ്ബാങ്കില്‍ അക്കൗണ്ടുള്ള ഏകമലയാളി ഇപ്പോള്‍ താമസിക്കുന്നത് ഓസ്‌ട്രേലിയയില്‍. ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ അനില്‍ അംബാനിയുടേയും മുകേഷ് അംബാനിയുടേയും പേരുകള്‍ കണ്ട് ഞെട്ടാത്ത മലയാളി ആനി മെല്‍വാര്‍ഡ് എന്ന പേരുകേട്ട് അമ്പരക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ ബര്‍ണശേരി സ്വദേശിനിയായ ആനിയെ മാധ്യമങ്ങള്‍ കണ്ടെത്തിയത്. ഇപ്പോള്‍ പ്രായം 84 വയസ്സ്. ഒരു ലക്ഷം ഡോളറാണ് ഇവര്‍ക്ക് സ്വിസ് ബാങ്കിലെ നിക്ഷേപം. കണ്ണൂര്‍ക്കാരിയാണെങ്കിലും നാട്ടുകാര്‍ക്കൊന്നും ഇവരെ അത്രക്ക് പരിചയനമില്ല. ദുബായിയില്‍ ജോലി ചെയ്തിരുന്ന അവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയിരുന്നു. ദുബായിലെ ഒരു ഓസ്‌ട്രേലിയന്‍ ബാങ്കില്‍ ഉദ്യോഗസ്ഥയായിരുന്നപ്പോള്‍ ലഭിച്ച പണമാണ് ഇവര്‍ സ്വിസ്ബാങ്കില്‍ ഇട്ടത്. ആനിയുടെ രണ്ടു മക്കളും ഓസ്‌ട്രേലിയിയല്‍ താമസിക്കുന്നുണ്ട്.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഐ.സി.ഐ.ജെയും പാരിസിലെ ലീ മൊണ്ടെ പത്രവും മുന്‍കൈയെടുത്താണ് സ്വിസ്ബാങ്കിലെ നിക്ഷേപകരുടെ വിവരങ്ങള്‍ പരസ്യമാക്കിയത്. ഇന്ത്യയില്‍നിന്ന് ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’ അന്വേഷണത്തില്‍ പങ്കാളിത്തം വഹിച്ചു. മൂന്നുമാസം നീണ്ട അന്വേഷണത്തിന്റെ വിവരങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അതില്‍ പങ്കാളിത്തം വഹിച്ച മാധ്യമങ്ങള്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചതോടെയാണ് ആനിയും ലോകശ്രദ്ധ നേടിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷത്തോളം നിക്ഷേപകരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 1969 മുതല്‍ 2006 വരെയുള്ള കാലത്ത് തുടങ്ങിയ അക്കൗണ്ടുകളാണ് ഇവ. യുദ്ധക്കുറ്റവാളികള്‍, മയക്കുമരുന്നു വ്യവസായികള്‍, ആയുധ ദല്ലാളന്മാര്‍, ഏകാധിപതികള്‍, വന്‍കിട വ്യവസായികള്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ അവിഹിതമായി സമ്പാദിച്ച പണം എച്ച്.എസ്.ബി.സിയില്‍ എത്തിയതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. കള്ളപ്പണ നിക്ഷേപം ഇന്ത്യയില്‍ വിവാദവിഷയമായി നില്‍ക്കെ, ഇതിനെ അടിസ്ഥാനമാക്കി കൂടുതല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കുന്നതാണ് റിപ്പോര്‍ട്ട്.

എച്ച്.എസ്.ബി.സിയില്‍ നിക്ഷേപമുള്ളവരുടെ 600 പേരുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 627 പേരുകള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കി. അതടക്കമാണ് ഇപ്പോഴത്തെ വിശദാംശങ്ങള്‍. നിക്ഷേപകരുടെ വിശദാംശങ്ങള്‍ കിട്ടാന്‍ പ്രയാസമാണെന്ന് വിശദീകരിച്ച സര്‍ക്കാറിന്, പുതിയ പേരുകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കേണ്ടിവരും. അംബാനിമാര്‍ക്കു പുറമെ, ജെറ്റ് എയര്‍വേസിന്റെ നരേഷ് ഗോയല്‍, ആനന്ദ്ചന്ദ് ബര്‍മന്‍, രാജന്‍ നന്ദ, യശോവര്‍ധന്‍ ബിര്‍ള എന്നിങ്ങനെ നീളുന്നതാണ് നിക്ഷേപകരായ വ്യവസായികളുടെ പട്ടിക.

വജ്രവ്യാപാരികളായ അനൂപ് മത്തേ, റസര്‍ മത്തേ, ശിവസേനാ നേതാവായിരുന്ന ബാല്‍ താക്കറെയുടെ മരുമകള്‍ സ്മിത താക്കറെ, മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി നാരായണ്‍ റാണെ, ഭാര്യ നീലം, മകന്‍ നിലേഷ്, അന്തരിച്ച മുന്‍കേന്ദ്രമന്രതി വസന്ത് സാഥേ എന്നിങ്ങനെ പട്ടിക നീളുന്നു.

Comments

comments