കേരളത്തെ അപമാനിച്ച് കേന്ദ്രം! ടൂറിസം വികസനത്തിന് ഈവര്‍ഷത്തെ കേന്ദ്ര വിഹിതം വെറും അഞ്ചുലക്ഷം രൂപ!.

ന്യൂഡല്‍ഹി: കേരളത്തിലെ ഈവര്‍ഷത്തെ ടൂറിസം വികസനത്തിനു കേന്ദ്രത്തിന്റെ വിഹിതം വെറും അഞ്ചുലക്ഷം രൂപ!. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലെ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തിനുപോലും ഇതിലേറെ ചെലവുവരുമെന്നിരിക്കേയാണ് കേന്ദ്രത്തിന്റെ ഈ വിചിത്രമായി നിലപാട്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ടൂറിസം വികസനത്തിന് കേരളത്തിന് ലഭിച്ചത് 23 കോടി രൂപയായിരുന്നു. അതിനു മുമ്പുള്ള വര്‍ഷം 87 കോടി രൂപയും. ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രവാസി മലയാളികളില്‍ നിന്നുള്ള വിഹിതം കഴിഞ്ഞാല്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം ലഭിക്കുന്നത് ടൂറിസം മേഖലയില്‍ നിന്നാണ്. 2013 ല്‍ 23,000 കോടി രൂപയായിരുന്നു ടൂറിസം മേഖലയിലെ വരുമാനം.

മറ്റുസംസ്ഥാനങ്ങള്‍ക്ക് വകമാറ്റി ചെലവഴിച്ചതിനാലാണ് കേരളത്തിനുള്ള വിഹിതം നാമമാത്രമായ അഞ്ചുലക്ഷം രൂപയില്‍ ഒതുങ്ങിയതെന്ന് കേരളത്തിലെ എംപിമാര്‍ ആരോപിക്കുന്നു. സംസ്ഥാനത്തോട് കാണിക്കുന്ന വലിയ അവഗണനയാണിതെന്ന് മുന്‍ടൂറിസം സഹമന്ത്രിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. കേരളത്തിനുവേണ്ടിയുള്ള വിഹിതം മറ്റു സംസ്ഥാനങ്ങള്‍ക്ക് വക മാറ്റിയിരിക്കാമെന്ന സംശയവും അദ്ദേഹം ഉന്നയിക്കുന്നു.

ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത ഈ തീരുമാനം സംബന്ധിച്ച് കേന്ദ്രം വിശദീകരണം നല്‍കണമെന്നാണ് സിപിഎം നേതാവും രാജ്യസഭാംഗവുമാ കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെടുന്നത്. അഞ്ചുലക്ഷം രൂപയുടെ സഹായം നല്‍കി കേരളത്തെ അപമാനിച്ചതിനെക്കുറിച്ച് മന്ത്രാലയം വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടൂറിസം മേഖലയോടുള്ള സമീപനത്തില്‍ അടിമുടി മാറ്റംവരുതത്തണമെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ സമീപകാലത്ത് ആവശ്യപ്പെട്ടിരുന്നു. മദ്യനയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേരളത്തില്‍ സ്വീകരിച്ച നടപടികള്‍ കേരള ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതും കേരളത്തിലെ ടൂറിസത്തെ തളര്‍ത്തി. മദ്യനിരോധനം സംബന്ധിച്ച ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് വരാനിരുന്ന ആയിരക്കണക്കിന് വിദേശികള്‍ ഇപ്പോള്‍ ശ്രീലങ്കയിലേക്കാണ് തിരിക്കുന്നത്.

എന്നാല്‍ വ്യാപകമായ വിമര്‍ശനങ്ങളും എംപിമാരുടെ കടുത്ത പ്രതിഷേധം പ്രകടനങ്ങളേയും തുടർന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കെ.ഡി.സിംഗിന്റെ അധ്യക്ഷതയിലുള്ള വിനോദസഞ്ചാര മേഖലയ്ക്കുവേണ്ടിയുള്ള പാര്‍ലമെന്ററി പാനല്‍ ടൂറിസം വികസനം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള ടൂറിസത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈമാസം 13 നാണ് പാര്‍ലമെന്ററി പാനലിന്റെ അടുത്ത സിറ്റിംഗ്.

Comments

comments