കാന്‍ബറയെ ഉത്സവത്തിമിര്‍പ്പിലാക്കി മള്‍ട്ടിക്കള്‍ച്ചറല്‍ ഫെസ്റ്റ്

കാന്‍ബറ: ആയിരങ്ങള്‍ പങ്കെടുത്ത കാന്‍ബറയിലെ മള്‍ട്ടിക്കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഓസ്‌ട്രേലിയന്‍ ജനതയ്ക്കു സമ്മാനിച്ചത് പുത്തന്‍ അനുഭവം. മൂന്നു ദിവസത്തെ മള്‍ട്ടിക്കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ ഭാഗഭാക്കാന്‍ പതിനായിരങ്ങളാണ് ഇത്തവണ എത്തിയത്. ഇതു 19 ാം തവണയാണ് കാന്‍ബറയില്‍ മള്‍ട്ടിക്കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ചൈനീസ് സമൂഹത്തിന് ഏറെ സന്തോഷം പകരുന്നതാണ് ഇത്തവണത്തെ ആഘോഷമെന്ന് എസിടി ചൈനീസ് ഓസ്‌ട്രേലിയന്‍ അസോസിയേഷന്‍ പ്രസിഡന്റ് ചിന്‍ വുംഗ് പറഞ്ഞു. എസിടിയിലെ ചൈനീസ് കലാകാരന്മാര്‍ പങ്കെടുക്കുന്ന ഒരുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ഫെസ്റ്റിവലില്‍ സംഘടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. നിരവധി ചൈനീസ് വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. ചൈനീസ് വംശജര്‍ക്കുപുറമേ ഇന്ത്യ, പാക്കിസ്ഥാന്‍, ആഫ്രിക്ക, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഫെസ്റ്റിവലില്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു. വൈവിധ്യമാര്‍ന്ന തരത്തിലുള്ള ഭക്ഷണവും ഇതോടൊനുബന്ധിച്ച്
വിവിധ സമൂഹങ്ങള്‍ തയാറാക്കിയിരുന്നു.

എസിടിയിലെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് വിവിധരാജ്യങ്ങളില്‍ നിന്നുള്ള താമസക്കാര്‍ക്ക് വിവരിച്ചുനല്‍കുന്ന കൈപ്പുസ്തകം പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് മിനിസ്റ്റര്‍ സൈമണ്‍ കോര്‍ബെല്‍ പുറത്തിറക്കി. വിദേശരാജ്യങ്ങളില്‍ ജനിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്നവരില്‍ 33 ശതമാനം പേര്‍ക്കുമാത്രമേ രാജ്യത്തെ ആരോഗ്യ സംവിധാനത്തെക്കുറിച്ച് ശരിയായ അവബോധമുള്ളൂ. അതേസമയം ഓസ്‌ട്രേലിയക്കാരുടെ നിരക്ക് 43 ശതമാനമാണ്.

എസിടിയിലെ ആരോഗ്യസംവിധാനങ്ങള്‍ അത് ലഭ്യമാകുന്ന കേന്ദ്രങ്ങള്‍, ചെലവ് തുടങ്ങിയവയാണ് കൈപ്പുസ്തകത്തിലുള്ളത്. മെഡിക്കല്‍ കാര്‍ഡ്, സെന്റര്‍ലൈന്‍ കണ്‍സഷന്‍ കാര്‍ഡ് അല്ലെങ്കില്‍ എസിടി സര്‍വീസ് കാര്‍ഡ് എന്നിവ ലഭിക്കുന്നത് എങ്ങനെ, ആരാണ് ഇതിന് യോഗ്യതയുള്ളവര്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങള്‍ കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും എല്ലാം ഇതിലൂടെ അറിയാന്‍ കഴിയും.

Comments

comments