ആം ആദ്മി പാര്‍ട്ടി ഇനി എന്തുചെയ്യും?

ന്യൂഡല്‍ഹി: ഒടുവില്‍ വീണ്ടും ആം ആദ്മിയും കേജരിവാളും അധികാരത്തിലെത്തി. മുമ്പ് 49 ദിവസം ഭരിച്ച ചരിത്രമുണ്ടെങ്കിലും ഇനിയും ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയമെന്തെന്നത് സംബന്ധിച്ച വ്യക്തതകുറവുണ്ട്.കോണ്‍ഗ്രസിലും ബിജെപിയിലും കേന്ദ്രീകരിച്ചുനില്‍ക്കുന്ന ഘട്ടത്തിലും തീവ്ര വര്‍ഗീയതയുടെ കാര്യത്തിലൊഴിച്ച് ഇരു മുന്നണികളും പ്രതിനിധീകരിച്ചത് ഒരേ രാഷ്ട്രീയ നയങ്ങളെ ആണെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയ പരിമിതികളിലൊന്നാണ്.

വ്യത്യസ്ത രാഷ്ട്രീയ സാമ്പത്തിക നയങ്ങളുള്ള വ്യവസ്ഥാപിത ഇടതുപക്ഷത്തിനാവട്ടെ, ചുരുങ്ങിയ സ്ഥലങ്ങള്‍ക്കപ്പുറത്തേക്ക് അവരുടെ സ്വാധീന മേഖല വിപുലപ്പെടുത്താനും കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, ഉറച്ച കോട്ടകളില്‍ പോലും അവര്‍ തിരിച്ചടി നേരിടുകയുമാണ്. അതുകൊണ്ട് അവര്‍ ഏത് ദിശയിലേക്ക് തിരിയുമെന്നത് വലിയ ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. പ്രത്യേകിച്ചും കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി നയപരിപാടികള്‍ സ്വീകരിക്കുന്നതിനെയാണ് ഇന്ത്യയില്‍ മുഖ്യധാര മാധ്യമങ്ങള്‍ ഭരണമികവായി വിലയിരുത്താറുള്ളത്. ഈ കോര്‍പ്പറേറ്റ് അനുകൂല മാധ്യമ വാഴ്ത്തിന് നിന്നുകൊടുത്തില്ലെന്നതാണ് കഴിഞ്ഞവര്‍ഷത്തെ 49 ദിവസത്തെ
ആം ആദ്മിഭരണം കൊണ്ടുണ്ടാക്കിയ നേട്ടം. അതുകൊണ്ട് മാധ്യമങ്ങളുടെ ശക്തമായ കടന്നാക്രമണത്തിന് കേജരിവാള്‍ ഇനിയും വിധേയനാവുകയും ചെയ്യും.

ജനങ്ങള്‍ക്ക് കുടിവെള്ളവും വൈദ്യുതിയും ന്യായമായ വിലയ്ക്ക് നല്‍കിയെന്ന് മാത്രമല്ല, ജനങ്ങളെ കൊള്ളയടിച്ച പവര്‍ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനും കെജ്‌രിവാള്‍ സര്‍ക്കാര്‍ തയ്യാറായി. ഇപ്പോഴത്തെ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് ഇതൊക്കെ കാരണമായെന്ന് നിസ്സംശയം പറയാം. അതേസമയം മുന്‍ സര്‍ക്കാറിലെ മന്ത്രി സോം നാഥ് ഭാരതി കാണിച്ച വംശീയാധിക്ഷേപം പോലുള്ള കാര്യങ്ങളും നിലനില്‍ക്കുന്നു. ഏറെ വിമര്‍ശനത്തിന് ഇടയാക്കിയ, സ്ത്രീ വിരുദ്ധവും വംശീയവുമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയെങ്കിലും, ഇപ്പോഴും കുമാര്‍ വിശ്വാസിനെ പോലുള്ളവര്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനത്തു തന്നെ തുടരുന്നുമുണ്ട്. അതിനുപുറമെ, ആം ആദ്മിയുടെ മധ്യവര്‍ഗ അനുകൂലികളില്‍ നിര്‍ണായക പക്ഷക്കാരായവരുടെ രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടിയെ എത്രത്തോളം സ്വാധീനിക്കുമെന്നതും പ്രധാനമാണ്.

കേവലമായ അഴിമതി വിരുദ്ധത എന്ന മുദ്രാവാക്യത്തിനപ്പുറം ഒരു സംവിധാനത്തെ തന്നെ അഴിമതിയുടെ ബലത്തില്‍ നിലനിര്‍ത്തുന്നത് കോര്‍പ്പറേറ്റ് അനുകൂല ലിബറല്‍ നയങ്ങളാണെന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി തയ്യാറാകുമോ എന്നത് അവര്‍ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാട് മുന്നോട്ട് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായകമാണ്. ഗ്രാമ സ്വരാജാണ് തന്റെ നയമെന്നൊക്കെയുള്ള അവ്യക്ത നയപ്രഖ്യാപനങ്ങള്‍ക്കപ്പുറം, ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രം എന്തെന്ന് വ്യക്തതയോടെ പറയാനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശുഷ്‌കമായി കിടക്കുന്ന ഇടതുരാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകാനും കഴിയുമ്പോഴാണ് ആം ആദ്മി പാര്‍ട്ടിയ്ക്ക് യഥാര്‍ത്ഥത്തില്‍ ബദലായി ഉയരാന്‍ കഴിയുക. അതിന് പ്രകാശ് കാരട്ടിനൊപ്പം ചേരണമെന്നൊന്നുമില്ല. പക്ഷെ നയപരിപാടികളില്‍ ആ ഇടതുപക്ഷചായ് വ് കൊണ്ടുവരാന്‍ കഴിയുമോ എന്നതിലൂടെ ആം ആദ്മിയുടെ ഭാവി നിര്‍ണയിക്കാം.

ചുരുക്കത്തില്‍ ഡല്‍ഹിയിലെ തിളക്കമാര്‍ന്ന വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള രാഷ്ട്രീയ നിലപാടിനെ ധീരമായി ഉള്‍ക്കൊള്ളാനുളള കരുത്ത് ആം ആദ്മിക്ക് ഉണ്ടോ എന്ന ചോദ്യത്തിനാണ് കാലം ഉത്തരം തേടുന്നത്.

Comments

comments