വിക്ടോറിയയില്‍ ഒരാഴ്ചയ്ക്കിടെ റോഡില്‍ പൊലിഞ്ഞത് 12 ജീവനുകള്‍

മെല്‍ബണ്‍:വാനമോടിക്കുന്നവര്‍ ബുദ്ധിയുപയോഗിക്കണമെന്ന് വിക്ടോറിയയിലെ മോട്ടോര്‍ വാഹനവകുപ്പ്. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ വാഹനാപകടങ്ങളില്‍ 12 പേര്‍ മരണമടഞ്ഞ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പല അപകടങ്ങളും ചെറിയ ധാരണാപിശകുമൂലം സംഭവിച്ചതാണെന്ന് റോഡ് പോലീസിംഗ് ഓപ്പറേഷന്‍ സൂപ്രണ്ടന്റ് നിവില്‍ ടെയ്‌ലര്‍ പറഞ്ഞു.  വാഹനത്തില്‍ കയറിയശേഷം അത് സ്റ്റാര്‍ട്ട് ചെയ്യുന്നതിനൊപ്പം സ്വന്തം ബുദ്ധിയും സ്റ്റാര്‍ട്ട്‌ചെയ്താല്‍ പല അപകടങ്ങളും ഒഴിവാക്കാനാകും. വാഹനത്തില്‍ സഹ യാത്രികരാകുമ്പോള്‍ ഡ്രൈവറോട് സംസാരിക്കുന്നത് അവസാനിപ്പിക്കുക. അത്തരം സംഭവങ്ങള്‍ പരമാവധി നിരുത്സാഹപ്പെടുത്തുകയും വേണമെന്നാണ് അദ്ദേഹം നല്‍കുന്ന ആദ്യത്തെ ഉപദേശം.
അശ്രദ്ധമായി വാഹനം ഓടിക്കുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കു കാരണമാകുന്നു. ജീലോംഗില്‍ ഏറ്റവുമൊടുവിലുണ്ടായ അപകടത്തില്‍ കത്തിക്കരിഞ്ഞ കാറിനുള്ളില്‍ രണ്ടുപേരുടെ ജഡം കണ്ടെത്തുകയായിരുന്നു. കൂട്ടിയിച്ച് തകര്‍ന്ന് കാറിന് തീപിടിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. ഡ്രൈവറെയും യാത്രക്കാരനെയും ഇതുവരെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെ ടുറാക്കില്‍ ട്രക്കിനു പിന്നില്‍ ബൈക്കിടിച്ച് ഒരു യുവാവ് മരിച്ചതാണ് മറ്റൊരു സംഭവം. അല്‍പം ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ബൈക്ക് യാത്രികന് ജീവന്‍ രക്ഷിക്കാമായിരുന്നു. മൗണ്ട് മാര്‍ത്തയില്‍ ഒരു സ്ത്രീ ഓടിച്ചിരുന്ന കാര്‍ ഇടിച്ചതും അശ്രദ്ധ മൂലമാണ്. ഇതുള്‍പ്പെടെ പല അപകടങ്ങളുടേയും കാരണം അന്വേഷിക്കുമ്പോള്‍ അശ്രദ്ധയാണ് പ്രഥമകാരണമെന്ന് വ്യക്തമാകും. മദ്യപിച്ചു വാഹനമോടിക്കുന്നതാണ് മറ്റൊരു പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇതുവരെ 234 പേരാണ് വിക്ടോറിയയില്‍ വാഹനാപകടത്തില്‍ മരിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 21 പേര്‍ അധികമായി മരിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നതായി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.

Comments

comments