വര്‍ഗീയത വളരുന്നു, രാജ്യം തളരുന്നു!

മെല്‍ബണ്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ നിറയൊഴിച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ഇന്ത്യന്‍ മനസാക്ഷിക്കു മുന്നില്‍ ഒരിക്കലും വീര പുരുഷനല്ല. അതുകൊണ്ടാണ് ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്നു ഒരാള്‍ വിശേഷിപ്പിക്കുമ്പോള്‍ പാര്‍ലമെന്റ് മുതല്‍ തെരുവില്‍ വരെ പ്രതിഷേധങ്ങളുയരുന്നത്. എതിര്‍പ്പുകളുയരുമ്പോഴും ഗോഡ്‌സെയുടെ സംഘടന അദ്ദേഹത്തെ വീര പുരുഷനാക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ആദ്യപടിയായി അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നു.

ഗോഡ്‌സെ അംഗമായ ഹിന്ദുമഹാസഭയുടെ ഡല്‍ഹിയിലെ കേന്ദ്ര ഓഫീസില്‍ ഇതിനുള്ള ചര്‍ച്ചകള്‍ ദ്രുതഗതിയിലാണ്. ഇതിന് ഏതാനും കിലോമീറ്റര്‍ അകലെ മാത്രമാണ് വര്‍ഗീയവിഷം നിറഞ്ഞ മനസുമായി അദ്ദേഹം രാഷ്ട്ര പിതാവിനെ വെടിയുണ്ടകള്‍ക്കിരയാക്കിയത്. 1948 ല്‍ നടന്ന സംഭവം രാജ്യം ഇന്നും ഞെട്ടലോടെ ഓര്‍മിക്കുന്നു.

ഗോഡ്‌സെയുടെ പ്രതിമ ഏറ്റവും കുറഞ്ഞത് അഞ്ച് നഗരങ്ങളിലെങ്കിലും സ്ഥാപിക്കണമെന്നാണ് ഹിന്ദുമഹാസഭാ പ്രസിഡന്റ് ചന്ദ്രപ്രകാശ് കൗശിക് ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന സര്‍ക്കാരിന് കത്തയക്കുമെന്നും കൗശിക് പറയുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ സ്വന്തം ഓഫീസുകളില്‍ പ്രതിമ സ്ഥാപിക്കും. ഹിന്ദുമഹാസഭയുടെ എല്ലാ മഹാനേതാക്കളുടേയും പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. എന്തുകൊണ്ട് ഗോഡ്‌സെയുടെ പാടില്ല എന്നാണ് കൗശികിന്റെ സംശയം. ഗോഡ്‌സെ ഗാന്ധിയോട് ഒരു അക്രമവും ചെയ്തില്ല. അദ്ദേഹം ബ്രാഹ്മണനായിരുന്നു. ഒരു പത്രത്തിന്റെ എഡിറ്ററും… അറ്റകൈ പ്രയോഗിക്കുന്നതിനുമുമ്പ് എല്ലാ ശ്രമങ്ങളും അദ്ദേഹം നടത്തിയിരുന്നുവെന്നും കൗശിക് പറയുന്നു.

എന്നാല്‍ ഹിന്ദുമഹാസഭപോലുള്ള വര്‍ഗീയശക്തികളെ തിരിച്ചറിയാനുള്ള ബോധം ഇന്ത്യയിലെ മതനിരപേക്ഷ വാദികള്‍ക്കുണ്ട്. ഗോഡ്‌സെയെ വിശുദ്ധനാക്കാനുള്ള, വെള്ളപൂശാനുള്ള ശ്രമം നമ്മുടെ മൂല്യ സങ്കല്‍പങ്ങളെയും മത നിരപേക്ഷതയെയും അഹിംസയെയും  ഉപേക്ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ഡയറക്ടര്‍ എന്‍.വാസുദേവന്‍ പറഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഭ്രാന്തന്‍ നിലപാടാണ്. ഇത്തരം അവിശുദ്ധ സംഘങ്ങളെ എന്നും ഇന്ത്യന്‍ സമൂഹത്തില്‍ കാണാനാകും. വാജ്‌പേയിയുടെ കാലത്തും ഇത്തരം സംഘങ്ങള്‍ തലപൊക്കാന്‍ ശ്രമിച്ചതാണ്. എന്നാല്‍ അദ്ദേഹം ഉദാര മനസ്‌കനായതുകൊണ്ട് ശ്രമം വിജയിച്ചില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വ്യത്യസ്ഥമാണ്. മതേതര സങ്കല്‍പ്പത്തിന്റെ ആണിക്കല്ലിളക്കുന്ന ഈ സംഘങ്ങളെ നിയന്ത്രിക്കാന്‍ ആരും ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പരിതപിക്കുന്നു.

Group photo of people accused in the murder of Mohandas Gandhi

ഗാന്ധിയെപ്പോലെ തന്നെ ദേശസ്‌നേഹിയാണ് ഗോഡ്‌സെയെന്ന് അടുത്തിടെ പറഞ്ഞത് ബിജെപി എംപിയായ സാക്ഷി മഹാജനാണ്. അതുവിവാദമാവുകയും ചെയ്തു. പാര്‍ലമെന്റിനെ ഏറെ സമയം ശബ്ദായമാനമാക്കാനും പ്രസ്താവന വഴിതെളിച്ചു. ഗാന്ധിജിയെ വധിച്ചവരെ ആദരിക്കുന്നുന്നതിനുള്ള ഒരു നീക്കവുമില്ലെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ മുക്താര്‍ അബ്ബാദ് നഖ് വിയും വെങ്കയ്യ നായിഡുവും ആണയിടുമ്പോഴും കാര്യങ്ങള്‍ ഏറെ വ്യത്യസ്ഥമാണ്.

ഹിന്ദുമഹാസഭാ അംഗങ്ങള്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും ഗോഡ്‌സെ ഏറെ പൂജനീയമായൊരു വ്യക്തിത്വമാണെന്നാണ്. അദ്ദേഹം രാജ്യത്തിനുവേണ്ടി സ്വയം ബലിയര്‍പ്പിക്കപ്പെടുകയായിരുന്നുവെന്ന് കൗശിക് തന്നെ പറയുന്നു. ഈവര്‍ഷം ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്‌സെയുടെ ചരമവാര്‍ഷികം ബലിദാന്‍ ദിവസമായി ആഘോഷപൂര്‍വം കൊണ്ടാടി. ഗോഡ്‌സെ എഴുതിയ അവസാനത്തെ കത്ത് വായിച്ചും അഖണ്ഡഭാരതത്തെക്കുറിച്് അദ്ദേഹത്തിന്റെ നിലപാടുകള്‍ വിശദീകരിച്ചുമായിരുന്നു ചടങ്ങുകള്‍. ഒപ്പം കായികപരിശീലനവും നടത്തി.

അതേ….വര്‍ഗീയത വളരുകയാണ്….
ഇന്ത്യയുടെ മതേതര സങ്കല്‍പ്പങ്ങളില്‍ ഇവ എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുമെന്നു മാത്രമാണ് ഇനി കാത്തിരുന്നു കാണേണ്ടത്!

തയാറാക്കിയത്: അരുണ്‍ പാലക്കലോടി.

Comments

comments