മോദി സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം മോശമെന്ന് പഠനം!

അധികാരത്തില്‍ വന്നിട്ട് 200 ദിനങ്ങള്‍ പിന്നിടാന്‍ പോകുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം മോശമെന്ന് സര്‍വേ. ഒൗട്ട്ലുക്ക് വാരിക നടത്തിയ പഠനത്തിലാണ് കണ്ടത്തെല്‍. പ്രധാനമന്ത്രി പെരുപ്പിക്കുന്ന പ്രതിച്ഛായക്കപ്പുറം, താഴത്തെട്ടില്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനത്തിന് 10ല്‍ പകുതി മാര്‍ക്ക് പോലും നല്‍കാന്‍ കഴിയില്ളെന്ന് പഠനത്തില്‍ പറയുന്നു.

ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ക്കാണ് പകുതി മാര്‍ക്ക് കിട്ടിയത്. മറ്റു മന്ത്രാലയങ്ങള്‍ നോക്കി നടത്തുന്ന കേന്ദ്ര മന്ത്രിമാര്‍ക്ക് 10ല്‍ രണ്ടര മുതല്‍ നാലര വരെ മാര്‍ക്കാണ് പഠനം നല്‍കുന്നത്. പ്രധാന മന്ത്രിയുടെ ഓഫിസാണ് വിവിധ മന്ത്രാലയങ്ങളെ നിയന്ത്രിക്കുന്നത്. അതുവഴി മറ്റു മന്ത്രിമാര്‍ റബര്‍ സ്റ്റാമ്പ് മാത്രമാണെന്ന പ്രതീതിയാണ്.

ആറുമാസം പിന്നിട്ടിട്ടും കാര്യമായ പ്രവര്‍ത്തനങ്ങളിലേക്ക് മന്ത്രാലയങ്ങള്‍ കടന്നിട്ടില്ല. സാമ്പത്തിക രംഗത്തെ ഉണര്‍വും നാണയപ്പെരുപ്പം കുറഞ്ഞതും സര്‍ക്കാറിന്‍െറ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. എന്നാല്‍, ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണ്. അന്താരാഷ്ട്ര തലത്തില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞത് ഭാഗ്യമായെങ്കിലും സമ്പദ്സ്ഥിതി മെച്ചമല്ല. സാമുദായികാന്തരീക്ഷം കലങ്ങി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം നിറഞ്ഞു. ആര്‍.എസ്.എസ് സര്‍ക്കാറിന്‍െറ നയങ്ങളെ പരസ്യമായിത്തന്നെ സ്വാധീനിക്കുന്നു. സര്‍ക്കാര്‍ എന്നാല്‍ മോദി എന്നായി മാറി. വിവിധ നയ പരിപാടികളുടെ കാര്യത്തില്‍ മന്ത്രിമാരുമായി മോദി കൂടിയാലോചിക്കുന്നില്ല. ശുചിത്വ പരിപാടി മുതല്‍ എം.പിമാരുടെ മാതൃകാ ഗ്രാമ പദ്ധതി വരെയുള്ളവ പ്രഖ്യാപനങ്ങള്‍ക്കപ്പുറം പ്രായോഗിക തലത്തില്‍ പരാജയം. വന്‍കിട പദ്ധതികളും ആശയങ്ങളും മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും ഫയല്‍നീക്കമില്ല. ഫയലുകള്‍ കുമിഞ്ഞു കൂടുകയാണെന്നും പഠനത്തില്‍ പറയുന്നു.

Comments

comments