വായനശാല

പ്രീയപെട്ട വായനക്കാർക്കായി ക്രിയേറ്റിവ്  കോർണറിനു ശേഷം മലയാളം വാർത്ത സമർപ്പിക്കുന്ന പുതിയ സംരഭം – വായന ശാല.

നാടും വീടും വിട്ടു, അന്യ നാട്ടിൽ കുടിയേറിയ പ്രവാസി മലയാളിക്കു നഷ്ടമാകുന്നത് മലയാളവും, വേണ്ടപെട്ടവരുടെ സ്നേഹവും, മണ്ണിൻറെ മണവും, നമ്മുടെ വായനാശീലവും ഒക്കെയാണ്. നഷ്ടപെടുന്ന നമ്മുടെ മലയാളത്തെ, നമ്മുടെ വായനയെ, ഒരു കാലത്ത് മലയാളി അഹങ്കരിച്ചിരുന്ന വായനാസംസ്കാരത്തെ ഇവിടെ ഓസ്ട്രെലിയൻ മണ്ണിൽ തിരിച്ചുപിടിക്കാനുള്ള ശ്രമം അതാണ്‌ വായനാശാല.

നമുക്ക് നഷ്ടമായൊരു കാലമുണ്ട്- പുസ്തകങ്ങളെ സ്നേഹിച്ചിരുന്ന, ഇഷ്ടപെട്ട പുസ്തകങ്ങളെ തേടിപ്പിടിച്ചു വായിച്ചിരുന്ന ഒരു കാലം. അന്ന് വായനശാലയിൽ നിന്നും കൂട്ടുകാരുടെ കയ്യിൽ നിന്നും തേടിപ്പിടിച്ചു, കടമെടുത്തു പുസ്തകങ്ങൾ വായിക്കുമ്പോൾ അനുഭവിച്ചിരുന്ന സന്തോഷം അത് ഒരിക്കലും ഇനി കിട്ടില്ല, എന്നാലും അതിലേക്കു തിരിചെത്താനുള്ള ഒരു ശ്രമം അതാണ്‌ വായനശാല.

വായനശാലയുടെ പ്രവർത്തന ശൈലി:

വായനശാല Melbourne മലയാളികൾക്കിടയിൽ ലഭ്യമായിട്ടുള്ള പുസ്തകങ്ങളെ ഇവിടെ അവതരിപ്പിക്കുകയാണ്. പുസ്തകങ്ങൾക്കൊപ്പം ഈ പുസ്തകങ്ങൾ കൈവശമുള്ളവരുടെ വിവരങ്ങളും കൊടുക്കുന്നു. പുസ്തകങ്ങൾ വായിക്കാൻ താല്പര്യമുള്ളവർക്ക് അതിൻറെ ഉടമസ്ഥനെ താല്പര്യം അറിയിക്കാം,പുസ്തകം വാങ്ങിക്കാം, വായിക്കാം തിരിച്ചു കൊടുക്കാൻ ഓർമിക്കുക…. ലളിതം സുന്ദരം…..

വായനക്കാർ മാത്രമല്ല, പുസ്തകങ്ങൾ കൈവശമുള്ളവർ, മറ്റുള്ളവരുമായി അത് പങ്കിടാൻ താല്പര്യമുള്ളവരും ദയവായി വിവരങ്ങൾ അയച്ചു തരിക, നിങ്ങൾ വായിച്ച പുസ്തകങ്ങളെ പറ്റിയുള്ള നിങ്ങളുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും അത് ഒരു വരി ആയിരുന്നാൽ കൂടി അതും ഞങ്ങളുമായി പങ്കുവെയ്ക്കു, വായനശാലയിൽ അവ ഉൾപെടുത്തുവാൻ; പ്രസിദ്ധീകരിക്കുവാൻ സന്തോഷം മാത്രം.

ഇത് ഒരു ശ്രമമാണ്, വായനയുടേയും എഴുത്തിന്റെയും ലോകത്തേയ്ക്ക് ഒരു തിരിച്ചു പോക്കിന്, നഷ്ടങ്ങൾ ഇല്ലാതെ നേട്ടങ്ങൾ മാത്രമുള്ള ഒരു ശീലത്തിന്റെ തുടക്കത്തിനുള്ള ശ്രമം. എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്…

“പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയിലെടുത്തോളു
പുത്തനോരായുധമാണ് നിനക്കതു പുസ്തകം കയിലെടുത്തോളു “

Comments

comments