മോദിയെ വരവേല്‍ക്കാന്‍ പാക്കിസ്ഥാന്‍-ഓസ്‌ട്രേലിയ ബിസിനസ് കൗണ്‍സില്‍ പ്രതിനിധിയും!

സിഡ്‌നി:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നവംബര്‍ 17 ന് സിഡ്‌നിയില്‍ നല്‍കുന്ന സ്വീകരണത്തില്‍ പാക്കിസ്ഥാന്‍ -ഓസ്‌ട്രേലിയ ബിസിനസ് കൗണ്‍സില്‍ (PABC) പ്രതിനിധിയും പങ്കെടുക്കും. സ്വീകരണപരിപാടിയുടെ ചുമതലയുള്ള 200 ഓളം സംഘടനകളില്‍ PABC യും ഉള്‍പ്പെടും. ഹിന്ദു കൗണ്‍സില്‍ ഓസ്‌ട്രേലിയ, ഹിന്ദു സ്വയംസേവക് സംഘ്, വിശ്വഹിന്ദുപരിഷത് ഓസ്‌ട്രേലിയ തുടങ്ങിയവയാണ് മറ്റ് സംഘടനകള്‍. മോദിയുടെ സ്വീകരണചടങ്ങില്‍ പങ്കെടുക്കുമെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ മെച്ചപ്പെട്ട രീതിയിലാണെന്നും PABC പ്രസിഡന്റ് ഇഫ്തിക്കര്‍ റാണ പറഞ്ഞു.

അതിനിടെ ഇലട്രോണിക് വിസ സേവനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയയെയും ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും. നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയ സന്ദര്‍ശനവേളയില്‍ ഇതിനുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. യുഎസ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിനോദ സഞ്ചാരികള്‍ക്ക് ഇലട്രോണിക്‌സ് വിസ അടുത്തയാഴ്ച മുതല്‍ ഇന്ത്യ നല്‍കിത്തുടങ്ങും..ന്യൂഡല്‍ഹിയില്‍ നടക്കുന്ന പ്രൗഡമായ ചടങ്ങളില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ടൂറിസം മന്ത്രി ശ്രീപാദ് നായികും ചേര്‍ന്ന് ഇലട്രോണിക് വിസ സംവിധാനം ഉദ്ഘാടനം ചെയ്യുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇ വിസ അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നുമാണ് സൂചന.

രാജ്യത്തെ ടൂറിസം മേഖലയില്‍ വലിയ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇന്ത്യ ഇ-വിസയിലേക്ക് നീങ്ങുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബംഗലരു, കൊച്ചി, തിരുവനന്തപുരം, ഗോവ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരം കൂടുതല്‍ ആകര്‍ഷകമാക്കാനും അതുവഴിയുള്ള വരുമാനം ഇരട്ടിപ്പിക്കാനുമാണ് പുതിയ പദ്ധതി. ഓണ്‍ ലൈനില്‍ അപേക്ഷിച്ചാല്‍ മൂന്നു മുതല്‍ അഞ്ചു ദിവസത്തിനുള്ളില്‍ വിസ ലഭിക്കും. ഓണ്‍ ലൈനില്‍ ലഭിക്കുന്ന വിസയുടെ പ്രിന്റൗട്ട് എടുത്താല്‍ മതിയാകും. അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയടക്കം 30 രാജ്യക്കാര്‍ക്കാണ് ആദ്യം ഇത് നടപ്പാക്കുക. ജര്‍മ്മനി, ഇസ്രായേല്‍, റഷ്യ എന്നീ രാജ്യക്കാര്‍ക്കും ഇത് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. ഇന്ത്യയില്‍ എത്തുന്ന അന്നു മുതല്‍ 30 ദിവസത്തേക്കാണ് വിസ ലഭിക്കുക. ആവശ്യമെങ്കില്‍ നീട്ടിക്കിട്ടും. ഇ വിസയ്ക്കായി പ്രത്യേക വെബ്‌സൈറ്റും സര്‍ക്കാര്‍ രൂപീകരിക്കും. ഘട്ടംഘട്ടമായി 109 രാജ്യങ്ങളിലെ ഇതിലുള്‍പ്പെടുത്തും. രാജ്യത്ത് വിമാനമിറങ്ങുമ്പോള്‍ വിസ നല്‍കുന്ന വിസ ഓണ്‍ അറൈവല്‍ പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. അതിനാലാണ് ഇ-വിസ തുടങ്ങുന്നത്.

Comments

comments