ഒരു സ്വപ്നം ഓര്‍മ്മിപ്പിച്ചത്..!

ഇന്നലെ രാത്രി ഞാന്‍ കണ്ട സ്വപ്നത്തില്‍ എന്നോടൊപ്പം ഒന്ന് മുതല്‍ പത്തു വരെ പഠിച്ച,ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ ഞങ്ങളോട് യാത്ര പറഞ്ഞു പോയ എന്റെ ഒരു സുഹൃത്തിനെ കണ്ടു, റെനി . അവനെ കുറിച്ച് ഒന്നും ഓര്‍ക്കാതെ ഇരുന്നിട്ടും എന്തു കൊണ്ടാണു ഞാന്‍ അവനെ സ്വപ്നം കണ്ടതെന്ന് എത്ര ഓര്‍ത്തിട്ടും മനസിലായില്ല. ആ സ്വപ്നവും വളരെ വിചിത്രമായി തോന്നി; ആരൊക്കെയോ കൂടി ഞാന്‍ എവിടെക്കോ പോകുന്നു, അവിടെ ദൂരത്തുള്ള ഒരു ചാര് പലകയില്‍ ഇരുന്നിരുന്ന റെനി, മുഖം പൊക്കി എന്നെ നോക്കി ചിരിച്ചു കൊണ്ട് ഒരു ബോര്‍ഡ് ഉയര്‍ത്തി കാണിച്ചു. അതില്‍ വലിയ അക്ഷരങ്ങളില്‍ “NEXT ” എന്നെഴുതിയിരുന്നു. ആ സ്വപ്നം convey ചെയ്തത് എന്ത് തന്നെയായാലും ശരി, രാവിലെ മുതല്‍ ഓര്‍മ്മകളില്‍ പകുതി വഴിയില്‍ യാത്ര ചോദിച്ചു പിരിഞ്ഞു പോയ ചിലരാണ് – ചാള്‍സ്, റെനി,ജ്ഞാനം,ഷാന്‍ടി .

ഡ്യു ബോണ്‍ ചാള്‍സ് ഡിക്സന്‍, ഓര്‍മ്മയില്‍ നിന്നും ആദ്യം വിട പറഞ്ഞത് അവനാണ്… എന്‍റെ പ്രീ-ഡിഗ്രി ക്ലാസ്സ്‌മേറ്റ്‌. കൊല്ലം ഫാത്തിമ മാതാ കോളേജിലെ എന്‍റെ സഹപാഠി.നൂറില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്ന ആ ക്ലാസ്സില്‍ ആദ്യ വര്‍ഷത്തില്‍ തന്നെ മിക്കവാറും എല്ലാരോടും സൗഹൃദം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരാള്‍ ഞാന്‍ ആയിരുന്നു, പക്ഷെ എല്ലാവരുടെയും പേരോര്‍ക്കുക കുഴക്കുന്ന പണിയും. ആകെ 21 പെണ്‍കുട്ടികളെ ക്ലാസ്സിലുണ്ടായിരുന്നുള്ളൂ,ബാക്കി ഒക്കെ പയ്യന്‍സ്. പക്ഷെ ചാള്‍സ് ന്‍റെ പേര്,കടിച്ചാല്‍ പൊട്ടാത്ത ആ പേരിന്‍റെ പ്രത്യേകത കൊണ്ട് തന്നെ മനസ്സില്‍ നിന്നു. ഇ-മെയിലും ,മൊബൈലും കേട്ടുകേള്‍വി പോലുമില്ലാത്ത എന്നാൽ എഴുത്തുകളും,ഗ്രീറ്റിംഗ് കാര്‍ഡുകളും ജീവിച്ചിരുന്ന കാലമായിരുന്നു. ആദ്യ വര്‍ഷത്തെ ക്രിസ്മസ് വെക്കേഷന്‍, കോളേജ് അടയ്ക്കുന്ന ദിവസം കൂട്ടുകാരോട് സംസാരിച്ചു നില്‍ക്കെ ചാള്‍സ് അടുത്തേക്ക് വന്നു. കയ്യില്‍ ഇരുന്ന കാര്‍ഡ്‌ കണ്ടു ഞാന്‍ തമാശയ്ക്ക് ചോദിച്ചു,” ആഹ എനിക്ക് കാര്‍ഡ്‌ ഒക്കെ കൊണ്ടാണല്ലോ വരവ്, “. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവന്‍ ആ x ‘mas കാര്‍ഡ്‌ എനിക്ക് സമ്മാനിച്ചു….അവന്‍ എന്‍റെ അത്ര അടുത്ത സുഹൃത്ത് അല്ലായിരുന്നു.പക്ഷെ, ആ കാര്‍ഡ്‌ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി.. അടുത്ത വര്ഷം ആ കാര്‍ഡിന്‍റെ കടം ഞാന്‍ വീട്ടി.”this may be our last x’mas here,happy x’mas” അവന്‍റെ കയ്യില്‍ dec 21 ,1999 കൊടുത്ത കാര്‍ഡില്‍ ഞാന്‍ അങ്ങനെ എഴുതിയിരുന്നു ,കഴിയാന്‍ പോകുന്ന കലാലയ ജീവിതത്തിന്‍റെ സിംബോളിക് വാചകങ്ങള്‍ ആയി. 26 നു രാവിലെ എന്‍റെ ബെസ്റ്റ് ഫ്രണ്ട് റിനു എന്നെ വിളിച്ചു പറഞ്ഞു, “22 നു നടന്ന ഒരു അപകടത്തിൽ ചാള്‍സും ഉള്‍പ്പെട്ടിരുന്നു , ഇന്ന് രാവിലെ അവന്‍ നമ്മളെയൊക്കെ വിട്ടു പോയി “.

വിശ്വസിക്കാനാകാതെ റിസീവറും പിടിച്ചു നിന്ന എന്നോട് അവള്‍ പറഞ്ഞു, “ഉച്ചക്കാണ് അടക്കം , നീ വേഗം ഇവിടേയ്ക്ക് വാ…. “ഒരു മാസത്തിനു ശേഷം jan 26 ,അവന്‍റെ ഓര്‍മ്മ ദിവസം വന്നു, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എല്ലാരും വരണമെന്ന് കോളേജില്‍ നിന്നും പറഞ്ഞിട്ടും ഞാന്‍ പോയില്ല.അവധി ദിവസം കഴിഞ്ഞ പിറ്റേ ദിവസം കോളേജില്‍ എത്തിയ എന്നോട് റിനാട്ടാസ് എന്ന സുഹൃത്താണ് പറഞ്ഞത്, “ചാള്‍സിന്റെ പപ്പയും മമ്മിയും ആര്‍ഷ എന്ന കുട്ടിയെ അന്വേഷിച്ചു, ഒന്ന് വീട് വരെ വരണം എന്ന് പറഞ്ഞു”. മരണത്തിനു പോകാന്‍ കഴിയാതിരുന്ന സുഹൃത്തുകളേയും കൂട്ടി ഞാന്‍ ഒരിക്കല്‍ കൂടി ചാള്‍സിന്റെ വീട്ടിലേക്കു പോയി. വളരെ ചെറിയ ഒരു അനുജത്തി അവനുണ്ട് എന്നറിയാമായിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോഴും അവന്‍റെ അമ്മ നോര്‍മല്‍ സ്റ്റെജിലേക്ക് എത്തിയിരുന്നില്ല.ഞങ്ങളെ കണ്ട അവന്‍റെ ചെറിയമ്മയും അങ്കിളും വിതുമ്പി കരഞ്ഞു, പപ്പാ എല്ലാര്‍ക്കും ചെയര്‍ എടുത്തു തന്നു ഇരിക്കാന്‍ പറഞ്ഞു.

അകത്തു നിന്നും വന്ന അവന്‍റെ മമ്മി ഭാവ ഭേദം ഇല്ലാതെ ഞങ്ങളെ നോക്കി. ചെറിയമ്മയോട് ഇവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു,നാരങ്ങ വെള്ളത്തിന്‍റെ കണ്ണാടിഗ്ലാസ്‌ ഓരോരുത്തര്‍ക്കും തരുമ്പോള്‍ ആ അമ്മ വിതുമ്പി “ഈ ഗ്ലാസ്സൊക്കെ അവന്‍, കൂട്ടുകാര്‍ വരുമ്പോള്‍ എടുക്കാന്‍ വെച്ചിരുന്നതാ….” അവിടെ ചാള്‍സിന്‍റെ ഒരു വലിയ ഫോട്ടോ വെച്ച്, മെഴുകുതിരി കത്തിച്ചിരുന്നു. ഓരോരുത്തരായി വിതുമ്പാന്‍ തുടങ്ങിയപ്പോള്‍ പപ്പാ ഞങ്ങളുടെ പേരുകള്‍ ചോദിക്കാന്‍ തുടങ്ങി. സോഫയില്‍ അവസാനം ഇരുന്ന ഞാന്‍ പേര് പറഞ്ഞപ്പോള്‍ ആ അമ്മ ഓടി വന്നെന്‍റെ കയ്യ് പിടിച്ചു, മുഖത്തേക്ക് തുറിച്ചു നോക്കി, പിന്നെ അകത്തെ മുറിയിലേക്ക് ഓടി മറഞ്ഞു… ഒന്നും മനസിലാകാതെ ഞങ്ങള്‍ അപ്പോളും വിതുമ്പി. അലമുറയിട്ടു കരഞ്ഞു തിരികെ വന്ന അവന്‍റെ മമ്മിയുടെ കയ്യില്‍ ഒരു കാര്‍ഡ്‌ ഉണ്ടായിരുന്നു.എന്‍റെ കയ്യില്‍ അതേൽപ്പിച്ചു മമ്മി പറഞ്ഞു, “എന്‍റെ കുഞ്ഞിന്‍റെതാ, മോള്‍ക്കുള്ളത്.ഞാന്‍ പൊട്ടിച്ചു നോക്കി, മോള് ക്ഷമിക്കണം….” അമ്മയുടെ കണ്ണീരു വീണു കുതിര്‍ന്ന ആ കാര്‍ഡ്‌ തുറന്നിട്ടും മങ്ങി മങ്ങി കാണുന്ന അക്ഷരങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല…. എന്‍റെ കയ്യിലിരുന്നു വിറച്ച ആ കാര്‍ഡില്‍ “this is not our last x’mas. we’l keep in touch after this life. here is my address and my phone no. …………………….”21.12.1999

Comments

comments