ലെഫ്റ്റ്‌ റൈറ്റ് ലെഫ്റ്റ്: ഒരു വേറിട്ട ഇടതുപക്ഷ സിനിമ.

ഈ അടുത്തിടെ ലെഫ്റ്റ്‌ റൈറ്റ് ലെഫ്റ്റ് എന്ന സിനിമ കാണാന്‍ ഇടയായി, ഇടതുപക്ഷത്തിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന സിനിമ എന്നും, അത് കൊണ്ട് തന്നെ വലിയ വാര്‍ത്തയാകാതെ വിവാദങ്ങൾ ഉണ്ടാക്കാൻ പോലും അനുവദിക്കപെടാതെ ആ സിനിമ തീയേറ്ററുകള്‍ വിട്ടുവെന്നും ഒക്കെ നേരത്തെ തന്നെ കേട്ടിരുന്നു. കേട്ടതിലെ സത്യവും അസത്യവും അറിയില്ലെങ്കിലും…

സുഹൃത്തിന്റ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് കോപ്പിചെയ്തടുത്ത അനേകം സിനിമകളില്‍ ഒന്ന്. യാദൃശ്ചികമായി അടുക്കളയിലെ തിരക്കിനിടെ ‘കേൾക്കാൻ’ തീരുമാനിച്ച്‌ (കാണാന്‍ സമയമില്ല) സിനിമ പ്ളേ ചെയ്തു അടുക്കളയിലേക്ക് തിരിയുംപോഴേക്കും ഫ്ളാഷ്ബാക്കിന്റെ ഗാംഭീര്യത്തില്‍ വിയര്‍പ്പിന്റെയും ചോരയുടേയും ചൂടില്‍ തീര്‍ത്ത നല്ല സംഭാഷണങ്ങളോടെ സിനിമ തുടങ്ങി, അപ്പോൾ മുതല്‍ ആ സിനിമ എന്നെ പിടിച്ചിരുത്തി – ഒരിക്കല്‍പോലും എഴുന്നേല്‍ക്കാനാകാതെ അവിടെയിരുന്ന് സിനിമ മുഴുവന്‍ കണ്ടുതീര്‍ന്നപ്പോള്‍ എന്തൊക്കെയോ വികാരങ്ങള്‍ മനസിനെ മുറിപ്പെടുത്താന്‍ തുടങ്ങി. യഥാര്‍ഥ കമ്യുണിസം എന്താണ് എന്നുള്ള ചിന്തകളാണോ? ആരാണ് ശരി, ആരാണ് തെറ്റ് എന്നുള്ള ചിന്തകളാണോ? അതോ ഒരു കറകളഞ്ഞ കമ്യുണിസ്റ്റുകാരന്‍ കമ്യുണിസത്തോട് മുഴുവന്‍ സിനിമയിലൂടെ പൊട്ടിത്തെറിക്കുന്നത് കണ്ടിട്ടാണോ? അതോ ഇത്ര നന്നായി ഇത്ര ഒതുക്കത്തോടെ അടക്കത്തോടെ തികച്ചും വിപ്ളവാത്മകമായ ഒരു വിഷയത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ച ആ തിരക്കഥാകൃത്തിനോടും സംവിധാനയകനോടുമുള്ള ആദരവാണോ? അറിയില്ല എന്തായാലും ഇതിന്റെയെല്ലാം സമ്മിശ്രമായി ഉണ്ടായ ഒരു അസ്വസ്ഥത അതു മാത്രമാണ് ഈ എഴുത്തിന് ആധാരം.

ചുറ്റും ജീവിച്ചിരിക്കുന്ന അനേകർ കഥാപാത്രങ്ങളായി നിറഞ്ഞുനില്‍ക്കുന്ന സിനിമയില്‍ പല മേഖലകളിലും പതിവ് ചട്ടക്കൂട് പൊളിച്ചെഴുതിയിരിക്കുന്നു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മലയാളത്തില്‍ ക്ലീഷേ അയ വില്ലന്‍-നായകന്‍ എന്ന സങ്കല്‍പ്പത്തെത്തന്നെ വ്യത്യസ്ഥമായ തലത്തിലാണ് സിനിമ അഭിസംബോധന ചെയ്യുന്നത്. ഈ സിനിമയില്‍ ആരും തന്നെ വില്ലൻ അല്ല. ആരും തന്നെ നായകനും. ഒരൽപം എങ്കിലും വില്ലൻ എന്ന് തോന്നിക്കാവുന്ന, കൈതേരി സഹദേവന്‍ എങ്ങനെ ഉണ്ടായി എന്ന വികാര നിര്‍ഭരമായ, വിപ്ളവാത്മകമായ കഥയോട് കൂടിയാണ് സിനിമ തുടങ്ങുന്നത് തന്നെ. സാധാരണ ആ തുടക്കം ഒരു നായകൻറെ തുടക്കം ആണ്,അവന്റെ ഉദയത്തിന്റെ ഫ്ലാഷ് ബാക്ക് ആണ്. എന്നാൽ ഈ സിനിമ ആ ചട്ടക്കൂടിനെ നന്നായി തിരുത്തിയെഴുതിയിരിക്കുന്നു.

ഒരു സാധാരണ പ്രക്ഷകനെന്ന നിലയില്‍ എനിക്ക് തോന്നുന്നത് കൈതേരി സഹദേവനും ഒരു വില്ലന്‍ ആകുനില്ല എന്നാണ്. ആയാള്‍ ഒരു ആശയം ആണ്. വഴിതെറ്റിപ്പോയ ഒരു ആശയം. ഇത്തരം അപകടകരമായ, തെറ്റായ ആശയങ്ങള്‍ക്ക് ഒടുവില്‍ പ്രതീകാത്മകമായെങ്കിലും ഒരു അന്ത്യം വരുത്തുവാന്‍ ഒരു ഭ്രാന്തന്റെ ചിന്തകള്‍ക്കേ സാധിക്കൂ. ആശയപരമായ അത്തരമൊരു നീക്കമാണ് ഭ്രാന്തനായ പോലീസുകാരനെക്കൊണ്ട് ഈ കഥാപാത്രത്തെ (വഴിതെറ്റിയ ആശയ സ്വേച്ഛധിപതിയെ) വകവരുത്തുന്നതിലൂടെ സിനിമ മുൻപോട്ടു വെക്കുന്നത്.

ആരുടെ സിനിമയാണിത്? പാര്‍ട്ടിക്കുവേണ്ടി പാര്‍ട്ടി പറഞ്ഞതുകേട്ട് ഒടുവില്‍ പാര്‍ട്ടി കൈമലര്‍ത്തിയപ്പോള്‍ അച്ഛനെയും ഇളയച്ഛനെയും ഒരു പോലെ നഷ്ടമായ ബാല്യത്തില്‍ നിന്നുവളര്‍ന്ന്, കാലഘട്ടത്തിന്റെ മാറ്റത്തിന് അനുയോജ്യമായി പണംകൊണ്ട് നേടേണ്ടവയക്കും ആശയംകൊണ്ട് നേടേണ്ടവയ്ക്കും വ്യക്തമായ അതിര്‍വരമ്പ് നിർണയിച്ചു, പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് എത്തി ഒടുവില്‍ തന്നെ എതിര്‍ക്കുന്നവരെ ചരിത്രത്തിന്റെ തനിയാവര്‍ത്തനം എന്നതുപോലെ പാര്‍ട്ടിയെക്കൊണ്ടുതന്നെ “സാങ്കേതികമായി” തള്ളിക്കളയിച്ച് അവസാനിപ്പിക്കുന്ന പാര്‍ട്ടിക്കും മുകളില്‍ വ്യക്തിയായി വളരുന്ന കൈതേരി സഖാവിന്റെയോ?

അതോ മഹാനടന്‍ ജയന്റെ സിനിമ കാണുന്നതിനിടയില്‍ ഈ ലോകത്തേയ്ക്ക് ജനിച്ചു വീണതും, പിന്നീട് ചേച്ചിയെയും, അച്ഛനെയും ബാല്യത്തില്‍ തന്നെ നഷ്ടപെട്ട ദുരിതത്തില്‍ നിന്നും കരകയറാനവാതെ ബാല്യത്തിൽത്തന്നെ കുടുങ്ങിപ്പോയ മനസ്സിലൂടെ, ചിത്തഭ്രമത്തില്‍ പുതിയ ലോകത്തില്‍ താന്‍ കണ്ടെത്താന്‍ ശ്രമിച്ച തന്റെ ചേച്ചിക്കും പണ്ടു സഹായിച്ച നഴ്‌സിനുംവേണ്ടി ജീവനും ജീവിതവും മറന്നുപ്രവര്‍ത്തിച്ച സമചിത്തത നഷ്ടപ്പെട്ട ജയന്‍ എന്ന പോലീസുകാരന്റെയോ?

പ്രസ്ഥാനത്തിനുവേണ്ടി ആശയപരമായും മാനസീകവും ശാരീരികവുമായും പോരാടി, ഒരുഘട്ടത്തില്‍ കൈതേകി സഹദേവനു തന്നെ വെല്ലുവിളി ഉയര്‍ത്തിയിട്ടും പിന്നീട് ശരീരം തളര്‍ന്നിട്ടും മനസ്സ് തളരാതെ പാര്‍ട്ടിക്കുവേണ്ടി പോരാടിയ ചെഗുവര റോയിയുടേയോ? ചെഗുവര റോയിയുടെ പക്ഷത്തുനിന്ന് അതിനെ നോക്കിക്കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

റോയിയെ ആദ്യം പ്രേക്ഷകനുമുൻപില്‍ അവതരിപ്പിക്കുന്ന സീൻ മുതല്‍ ശക്തമായ ആശയ സംവേദന സാധ്യതകളെ സിനിമയുടെ അണിയറ പ്രവർത്തകർ മുന്‍പോട്ടു വെക്കുന്നു. കമ്യുണിസത്തിന്റെ മുഴുവന്‍ ഗ്രഹാതുരതയും വെളിവാക്കുന്ന വഴിയോര പുസ്തകകടയിലാണ് അയാളെ ആദ്യം പ്രേക്ഷകൻ കാണുന്നത്.പുസ്തകം നോക്കുന്ന അയാളുടെ ശ്രദ്ധ യുവജനപ്രസ്ഥാനങ്ങള്‍ നടത്തുന്ന സമരകോലാഹലങ്ങളിലേയ്ക്കോ അവിടുത്തെ സംഘർഷാവസ്തയിലെക്കോ ഒരിക്കൽ പോലും തിരിക്കുന്നതുമില്ല. അവയോടു തികഞ്ഞ നിസ്സംഗത പുലർത്തുന്ന വിപ്ളവ നായകനായി ചെഗുവേര റോയ് ആദ്യം പ്രത്യക്ഷപെടുന്നു. യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലെ ചെറിയ ഷോട്ടുകളില്‍ക്കൂടിത്തന്നെ ഒത്തിരി ആശയങ്ങളും ആശയസംഘര്‍ഷങ്ങളും കാണികളിലേക്ക് എത്തിക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കു കഴിയുന്നുണ്ടെന്നതാണ് സത്യം.

ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷതയായി തോന്നിയത് ചില വ്യക്തികളെ പ്രതിനിധീകരിക്കാന്‍ വളരെ സാധാരണമായി സമൂഹം അംഗീകരിച്ചിട്ടുള്ള അവരുടെ പ്രതിബിംബങ്ങളോ അംഗ ചേഷ്ടകളോ ഉപയോഗിച്ചിട്ടില്ല എന്നതാണ്. പലപ്പോളായി കോമഡിയും മിമിക്രിയും കൂടി ചേർന്ന് തേജോവധം ചെയ്ത ഇത്തരം അനുകരിക്കലുകളിൽ നിന്നും സിനിമ ധീരമായി വിട്ടുനില്‍ക്കുന്നു, സ്വതസിദ്ധമായ തന്മയത്വത്തോടെ ആശയങ്ങളിലൂടെ ഓരോ വ്യക്തിയെയും ധീരമായി അവതരിപ്പിക്കാൻ സിനിമയുടെഅണിയറപ്രവര്‍ത്തകര്‍കർക്ക് കഴിഞ്ഞു.

ട്രേഡ് മില്ലിനെ പ്രകൃതിയില്‍ നിന്നും മനുഷ്യനെ അകറ്റുന്ന ബൂർഷ എന്ന് വിളിച്ച്, അടുത്ത സീനില്‍ ട്രേഡ്മില്‍ നല്ലതാണെന്ന് നയം മാറ്റുകയും, “കടിച്ചാല്‍ പൊട്ടാത്ത വാക്കുകളുടെ കുത്തൊഴുക്കില്‍” അണികളെ നിയന്ത്രിക്കുകയും ചെയ്യുന്ന എസ്.ആര്‍. ഒടുവില്‍ പാര്‍ട്ടിക്കാരനായ അലിയാരെ ഇനിയെങ്കിലും സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന റോയിയോട് “സാങ്കേതികമായി” തന്റെ ഭാഗത്ത് തെറ്റില്ലെന്ന് വാദിക്കുന്നന്ന എസ്ആര്‍. ഈ characterisam ങ്ങൾ മാത്രം മതി S R ആരെ പ്രതിനിധാനം ചെയ്യുന്നു എന്ന് പ്രേക്ഷകനു മനസില്ലാക്കാന്‍

സാധാരണ സിനിമകളില്‍ സംഘര്‍ഷഭാരിതമായ ഇടിവെട്ടു dialogue നിറഞ്ഞ, അസഭ്യവർഷങ്ങൾ ചൊരിയേണ്ട സന്ദർഭങ്ങളെ ലളിതമായി പറഞ്ഞുകൊണ്ട് ഒന്നോ രണ്ടോ വാക്കുകളിലൂടെ പ്രസക്തമായ കാര്യങ്ങള്‍ വിവരിച്ച് ശക്തമായ ആശയ സംവാദത്തിനുള്ള തുറകളെ തുറന്നിട്ട് കൊണ്ടാണ് തിരക്കഥാകൃത്ത് സിനിമയെ മുന്‍പോട്ടു നയിക്കുന്നത്. ഈ ഒഴിക്കിനിടയില്‍ കഥാതന്തുവില്‍ നിന്ന് ഒരിക്കല്‍ പോലും വ്യതിചലിക്കാതിരിക്കുവാനും സാധിക്കുന്നു.

മോശം നിലപാടുകളെപ്പോലും അസഭ്യ വാക്കുകളിലൂടെയോ ക്രൂരമുഖങ്ങളിലൂടെയോ നെഗറ്റീവിസം തേന്നുന്ന സംഭാഷണങ്ങളുടെയോ ഒന്നിന്റെയും പിന്‍ബലമില്ലാതെ “മാന്യമായ”, മോശം നിലപാടുകൾ ആകി മാറ്റാന്‍ തിരക്കഥാകൃത്ത് സിനിമയില്‍ ഉടനീളം ശ്രമിക്കുന്നു

ഓരോ കഥാപാത്രവും കഥാഗതിയുടെ ശരിയായ ഒഴുക്കിനുവേണ്ടിയുള്ള പോഷക നദികള്‍. ആരും അധികപ്പറ്റാവുന്നില്ല. തുടക്കത്തിൽ ഉള്ള മാമുക്കോയയുടെ കഥാപാത്രത്തെ അവിടം കൊണ്ട് നിര്‍ത്താതെ, അലിയാരിലേക്ക്, കൈതേരി സഹദേവന്റെ മുഖം സാധാരണകാരന്റെ കണ്ണാടിയിലൂടെ കാണിക്കുന്നതിനു തിരികെ കൊണ്ട് വരുന്നു. അത് പോലെ ഓരോ കഥാപാത്രങ്ങളും , തികഞ്ഞ അച്ചടക്കത്തോടെ കഥയുടെ ഒഴുക്കിന് കൂട്ടാവുന്നു . എന്തിനു വേണ്ടി ആണെന്നോ ആര്‍ക്കുവേണ്ടിയെന്നോ അറിയാത്ത അനേകം കഥാപാത്രങ്ങൾ തലങ്ങും വിലങ്ങും ഓടി നടക്കുന്ന ഇപ്പോഴത്തെ പല സിനിമകളുടെയും ഇടയില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വ്യ ത്യസ്തമാകുന്നത് ഇതു കൊണ്ടുകൂടിയണ്.

കൈതേരി സഹദേവനെ വഴിയില്‍ തടഞ്ഞു വെച്ച് റോയ് നടത്തുന്ന സംഭാഷണവും ശരിക്കും കാച്ചിക്കുറുക്കിയത് തന്നെ. സഹദേവന്‍ പറയുന്നത് കേൾക്കുമ്പോൾ അതല്ലേ ശരിയെന്നും പിന്നീടു റോയ് സംസാരിക്കുമ്പോൾ അതിലെ ശരികളിലേയ്ക്കും പ്രേക്ഷകര്‍ അതിശയത്തോടെ നടന്നടുക്കും. ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ് എന്ന് വെച്ചടി വെച്ചാല്‍ വീടെത്തില്ല, അതിനു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന് തന്നെ വെക്കണം തുടങ്ങിയുള്ള സംഭാഷങ്ങൾ – ശക്ത വാചകങ്ങൾ മിതമായ സംഭാഷണ ശൈലിയിലൂടെ ആവിഷ്കരിച്ചുള്ള ആശയ സംവാദങ്ങൾ ആണ്. വേറിട്ട് നില്ക്കുന്ന ഈ സംഭാഷങ്ങൾ-ആശയങ്ങൾ തമ്മിലുള്ള സംഘട്ടനത്തില്‍ പൂർണ്ണമായ ശരിയും പൂര്‍ണ്ണമായ തെറ്റും തമ്മിലുള്ള വിടവ് വളരെ നേർത്തതും പലപ്പോഴും തിരിച്ചരിയാനാവത്തവിധം ഇഴകി ചെർന്നതുമാനെന്ന സത്യത്തെ പ്രതിഫലിപ്പിക്കുന്നു. ശക്തമായ തിരക്കഥയുടെ ശക്തമായ കാമ്പിന് പ്രേക്ഷകന്റെ ചെകിടിനെയും തീയറ്റർനേയും പ്രകമ്പനം കൊള്ളിക്കാതെ തന്നെ തീവ്രമായ , കത്തിജ്വലിക്കുന്ന ആശയ സംവാദനം നടത്താനും സിനിമയുടെ അന്തസ്സിനെ ഉയർത്തിപ്പിടിയ്ക്കാനും സാധിക്കുമെന്നും ഈ സിനിമ തെളിയിക്കുന്നു

ചിത്ത ഭ്രമത്തിന്റെ അതിര്‍ വരമ്പില്‍ നില്ക്കുന്ന ജയൻ, ഭ്രാന്തൻ വിപ്ലവ പ്രതിനിധിയെ കുത്തുമ്പോൾ മരണം, ചോര എന്നിവ ചിത്രീകരിക്കപെടുനില്ല. പകരം സ്ക്രീനില്‍ വരുന്നത് ഇരുട്ട് ആണ് . ആ ഇരുട്ടു എന്തിനെ പ്രതിനിധീകരിക്കുന്നു എന്നുള്ളത് പ്രേക്ഷകന്റെ ചിന്താശക്തിക്ക് വിട്ടു കൊടുക്കുന്ന ആശയം. ഇന്നത്തെ പല സിനിമകളിലും എന്ന പോലെ എല്ലാം കുത്തിനിറച്ചു, സീൻ ബൈ സീൻ , ഫ്ലാഷ് ബാക്ക് കാണിച്ചു, പറഞ്ഞുതന്നു വിശദീകരിച്ചു, പഠിപ്പിച്ചു ഒടുവില്‍ embosission എഴുതിക്കുന്ന സ്കൂൾ ടീച്ചറില്‍ നിന്നുമാറി , സിനിമയെ പ്രേക്ഷകന്റെ ചിന്താശക്തിക്ക് വിട്ടുകൊടുക്കുന്ന ബുദ്ധിപരമായ നീക്കം.

സിനിമയെ കണ്ണുകൾ കൊണ്ടുമാത്രം കാണുന്ന passive viewing ശൈലിയില്‍ നിന്നുമാറി ആക്റ്റീവ് ആയി കാണുന്നതിനു പ്രേരിപ്പിക്കുന്നതിനു അപൂര്‍വ്വം സിനിമകൾക്കേ സാധിക്കാരുള്ളൂ ആ വിഷയത്തില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് മറ്റു സിനിമകൾക്ക് മാതൃകയായി മാറുന്നു.

ഒടുവില്‍ സിനിമ അവസാനിക്കുമ്പോള്‍ യഥാര്‍ഥ കമ്യുണിസ്റ്റുകള്‍ വിപ്ലവകാരികളോ ആദര്‍ശവാദികളോ ഒന്നും തന്നെയല്ല. വിപ്ളവം അവശേഷിപ്പിക്കുന്ന സധാരണകാരനായ ഒറ്റപെട്ട മനുഷ്യരാണെന്ന് അടിവരയിടുന്നു. ഒറ്റപെടലിലും ധീരതയോടെ ജീവിതത്തെ നേരിടുന്ന ‘സ്ത്രീകൾ’ അവരാണ് യഥാർത്ഥ കമ്യുണിസ്റ്റ്കാർ എന്ന് സിനിമ വ്യക്തമാക്കുന്നു . തിരക്കഥാകൃത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ We are real communist, we are alone, we are brave yet we continue to fight and live. ചുരുക്കിപ്പറഞ്ഞാല്‍ സാധാരണക്കാരിയായ എനറെ ഭാഷയിലും നോട്ടത്തിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരു അസാധാരണ സൃഷ്ടിയാണ്. മേന്മ പുലർത്തുന്ന, നിലവിലുള്ള പല സങ്കല്പങ്ങളെയും, ആഖ്യാന രീതികളെയും വെല്ലുവിളിക്കുന്ന , ആശയ സംവേദനത്തിന്റെ സിനിമ.

salute..

 

 

എഴുതിയത് – ജീതു എലിസബത്ത് മാത്യു

Comments

comments