കത്തോലിക്ക വിശ്വാസത്തില്‍ സമഗ്രമാറ്റങ്ങള്‍ ഉണ്ടാകുമോ? ചരിത്രം തിരുത്തുന്ന സിനഡിന് വത്തിക്കാനില്‍ തുടക്കം


മെല്‍ബണ്‍:വിവാഹ മോചനം, ഗര്‍ഭച്ഛിദ്രം, വിവാഹപൂര്‍വ ലൈംഗീകത തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭയുടെ നിലപാടുകള്‍ പുനഃപരിശോധിക്കണമോയെന്ന് ചര്‍ച്ച ചെയ്യുന്ന ചരിത്രപ്രധാനമായ സിനഡിന് വത്തിക്കാനില്‍ തുടക്കമായി. കത്തോലിക്ക സഭയിലെ ബിഷപ്പുമാരും കര്‍ദിനാള്‍മാരും ക്ഷണിക്കപ്പെട്ട ഏതാനും അല്‍മായരുമാണ് സിനഡില്‍ പ്‌ങ്കെടുക്കുന്നത്. നല്ല ഇടയന്‍മാരല്ലാത്തവര്‍ ദൈവ ധ്വംസകരാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തുറന്നുപറച്ചിലോടെയാണ് സിനഡ് തുടങ്ങിയത്. നല്ല ഇടയന്മാര്‍ അല്ലാത്തവര്‍ വിശ്വാസി സമൂഹത്തിന് ഭാരമാണെന്നും സിനഡിന് മുന്നോടിയായി നടന്ന ദിവ്യ ബലിക്കിടെ പാപ്പ വിമര്‍ശിച്ചു. നല്ല ഇടയന്‍ തന്റെ കുഞ്ഞാടുകളെക്കുറിച്ച് കരുതലുള്ളവരായിരിക്കണമെന്നും പോപ്പ് ഉദ്‌ബോധിപ്പിച്ചു.

ആധുനിക കാലഘട്ടത്തില്‍ സഭ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണങ്ങളായ വിഷയങ്ങളില്‍ തീരുമാനമെടുക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സിനഡ് വിളിച്ചുചേര്‍ത്തിട്ടുള്ളത്. വിവാഹം, കുടുംബബന്ധങ്ങള്‍, വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശമില്ലാത്തതിനാല്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ എന്നിവയിലാണ് ചര്‍ച്ച. ലോകമെമ്പാടുമുള്ള സഭാ ഇടവകകള്‍ ചര്‍ച്ച ചെയ്ത് ക്രോഡീകരിച്ച പ്രവര്‍ത്തന രേഖയുടെ അടിസ്ഥാനത്തിലാകും സിനഡിലെ ചര്‍ച്ചകള്‍. മൂന്ന് ഭാഗങ്ങളായാണ് വിഷയം സിനഡ് ചര്‍ച്ച ചെയ്യുക. വിവാഹ മോചനം, ഗര്‍ഭഛിദ്രം, കൃത്രിമ ഗര്‍ഭനിരോധനം, സ്വവര്‍ഗ്ഗ ലൈംഗികത തുടങ്ങിയ കാര്യങ്ങളില്‍ സഭയുടെ നിലപാടുകള്‍ വിശദമായി ചര്‍ച്ച ചെയ്യും.

മാര്‍പ്പാപ്പ അധ്യക്ഷനായ സിനഡില്‍ കര്‍ദ്ദിനാള്‍മാരും വ്യക്തി സഭകളുടെയും സന്യാസസമൂഹങ്ങളുടെയും തലവന്‍മാരും മെത്രാന്‍ സംഘങ്ങളുടെ തലവന്‍മാരും മാതൃകാ കുടംബമായി വത്തിക്കാന്‍ തെരഞ്ഞെടുത്ത 12 അല്‍മായരും പങ്കെടുക്കുന്നുണ്ട്. അടിസ്ഥാന കാഴ്ചപ്പാടില്‍ മാറ്റമുണ്ടാവില്ലെങ്കിലും നിലവിലെ സാഹചര്യങ്ങളില്‍ ചില മാറ്റങ്ങള്‍ക്ക് സഭ തുടക്കമിടുമെന്നാണ് കരുതുന്നത്. 2015ലാണ് ഇനി സാധാരണ സിനഡ് ചേരുക.

Comments

comments