വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ചെലവേറിയ രാജ്യം ഓസ്‌ട്രേലിയ!

മെല്‍ബണ്‍: വിദേശ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഓടിനടക്കുന്ന ഓസ്‌ട്രേലിയയ്ക്ക് ആശങ്ക സമ്മാനിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നു . സര്‍വകലാശാല പഠനം നടത്താന്‍ വിദേശവിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ തുക മുടക്കേണ്ടിവരുന്നത് ഓസ്‌ട്രേലിയയിലാണ്. അതേസമയം ഏറ്റവും മികച്ച വിദ്യാഭ്യാസം ഇവിടെ ലഭ്യമാകുന്നുമില്ല. 15 രാജ്യങ്ങളിലെ അയ്യായിരത്തോളം രക്ഷിതാക്കളെ സമീപിച്ചു തയാറാക്കിയ ആധികാരികമായ പഠനമാണ് ഇക്കാര്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നത്.

ഫീസും മറ്റു ചിലവുകളുമായി വിദേശത്തുനിന്നുള്ള ഒരു വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ ശരാശരി ഒരുവര്‍ഷം 42,000 ഡോളര്‍ ചെലവഴിക്കേണ്ടിവരുന്നു. രണ്ടാം സ്ഥാനത്തുള്ള സിംഗപൂരില്‍ ഓരോ വര്‍ഷവും 30000 ഡോളര്‍ ചെലവഴിച്ചാല്‍ മതിയാകും. അമേരിക്കയില്‍ പഠിക്കാന്‍ പ്രതിവര്‍ഷം വെറും 6000 ഡോളര്‍ മതിയെന്നും പഠനം നിരീക്ഷിക്കുന്നു. അതേസമയം സര്‍വേയില്‍ പങ്കെടുത്തവരില്‍ 25 ശതമാനം മാതാപിതാക്കളും ഓസ്‌ട്രേലിയയിലെ പഠനസൗകര്യങ്ങളിലും നിലവാരത്തിലും തൃപ്തരാണ്. ആഗോള ധനകാര്യസ്ഥാപനമായ എച്ച്എസ്ബിസി ബാങ്കാണ് പഠനം നടത്തിയത്.

ഓസ്‌ട്രേലിയയിലെ മതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ വിദേശത്തേക്കു പഠിക്കാന്‍ വിടുന്നതില്‍ വിമുഖത പ്രകടിപ്പിക്കുന്നവരാണെന്നും സര്‍വേ വ്യക്തമാക്കുന്നതായി എച്ച്എസ്ബിസിയുടെ റിട്ടെയില്‍ ബാങ്കിംഗ് തലവന്‍ ഗ്രഹാം ഹെയുനിസ് പറഞ്ഞു. ഇന്തോനേഷ്യക്കാരാണ് ഇക്കാര്യത്തില്‍ മുന്നില്‍ അവിടെ 92 ശതമാനം മാതാപിതാക്കളും കുട്ടികളെ വിദേശ വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുന്നവരാണ്. ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളിലെ മൊത്തം വിദ്യാര്‍ഥികളില്‍ 20 ശതമാനവും വിദേശത്തുനിന്നുള്ളവരാണ്. ചൈനക്കാരാണ് ഇതില്‍ ഏറെയും.

യുഎസ്, യുകെ, ജര്‍മനി എന്നിവയ്ക്കു പിന്നിലാണ് വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ സ്ഥാനം. കാനഡയും ഇതേ റാങ്കിലാണെന്നും കണക്കെടുപ്പില്‍ പറയുന്നു. അതേസമയം കണക്കെടുപ്പിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കണമെന്ന് കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഓഫ് ഓസ്‌ട്രേലിയ വക്താവ് ഡിയോണ്‍ ലീ ആവശ്യപ്പെട്ടു. വിദേശവിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നത് രാജ്യത്തെ സര്‍വകലാശാലകളെയും സമ്പദ് വ്യവസ്ഥയെയും ഒരു പോലെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments