ഇതൊരു മറക്കുടമാത്രം.


മനുഷ്യസംസ്കാരം തുടങ്ങിയപ്പോൾ മുതൽ മദ്യം മനുഷ്യന്റെ കൂടെയുണ്ട്. സംസ്കാരസമ്പന്നമായ ഒരു ലോകരാഷ്ട്രത്തിലും ഇത് നികൃഷ്ട വസ്തുവായി കാണുന്നില്ല. അവിടങ്ങളിലെ ദൈനംദിന ഭക്ഷണശൈലിയുടെയും ഉപചാരങ്ങളുടെയും ആഘോഷങ്ങളുടെയും ബഹുമാന്യമായ ഒരു ഘടകമാണ് വീഞ്ഞും മറ്റ് മദ്യങ്ങളും.

മദ്യം വാസ്തവത്തിൽ ചെയ്യുന്നത് എന്താണ്? പോഷകാംശപരമായ പങ്കിനപ്പുറത്ത് അത് താത്കാലികമായ സമ്മർദ്ദ വിമോചനം നൽകുന്നു. ആളുകളെ ഉള്ളുതുറക്കാനും സംവദിക്കാനും സൗഹാർദ്ദപരമായി പെരുമാറാനും പ്രേരിപ്പിക്കുന്നു. അഹന്തയെ അയയ്ക്കുന്നു. പേശിവലിവിന്റെ ഇരകൾക്ക് പോലും ഒരു മയപ്പെടലുണ്ടാകുന്നു. മദ്യത്തെ മാനിക്കുന്ന ലോകസമൂഹങ്ങളും നമ്മളുമായി ഒരു അടിസ്ഥാന വ്യത്യാസമുണ്ട്- അത് ഒരു സുപ്രധാന വ്യത്യാസമാണ്. അവിടങ്ങളിൽ ലഭിക്കുന്നത് ആരോഗ്യപരമായ ഗുണനിലവാരത്തിൽ യാതൊരു ഒത്തുതീർപ്പുമില്ലാത്തതും ഓരോ മദ്യത്തിനും ആവശ്യമായ അസംസ്കൃത പദാർത്ഥങ്ങളിൽ നിന്ന് തന്നെ ഉത്പാദിപ്പിക്കുന്നതുമായ ശുദ്ധമദ്യമാണ്.

കേരളത്തിൽ എത്രയോ വർഷങ്ങളായി നമുക്ക് സർക്കാരിന്റെ കൈകളിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത് യഥാർത്ഥത്തിൽ വ്യാജമദ്യമാണ്. നാം പഞ്ചനക്ഷത്ര ഹോട്ടലിൽ പോലും കുടിക്കുന്ന ഇന്ത്യൻ മേയ്ഡ് ഫോറിൻ ലിക്വർ  വ്യാജമാണെന്ന് പറയാൻ കാരണമുണ്ട്. അവയുടെ 90 ശതമാനവും കരിമ്പിൻ ചണ്ടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ന്യൂട്രൽ സ്പിരിറ്റ് എന്ന വ്യാവസായിക ചാരായത്തിൽ, പഞ്ചസാരയും നിറവും രുചിയും ചേർത്ത് കുപ്പികളുടെ ആകൃതിയും പെട്ടിയും വ്യത്യസ്തങ്ങളാക്കി വിസ്കി, ബ്രാൻഡി തുടങ്ങിയ പേരുകൾ നൽകി ബ്രാൻഡ് നേമുകൾ കൊണ്ട് വിലകുത്തനെ കൂട്ടി ഉപഭോക്താവിനെ നിഷ്കരുണം വഞ്ചിക്കുന്ന ഉത്പന്നങ്ങളാണ്. അവയിൽ ഉപയോഗിക്കുന്ന വ്യാവസായിക ചാരായത്തിന് പല ഗ്രേഡുകളുണ്ട്. വൻ വിലകൊടുത്ത് വാങ്ങുന്ന പല മദ്യങ്ങളിൽ പോലും താഴ്ന്ന ഗ്രേഡിലുള്ള ചാരായമാണ് ഉപയോഗിക്കുന്നത്. വിഷാംശമുള്ള മീഥൈൽ ആൽക്കഹോൾ (methyl alcohol) അവയിൽ ചേർക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ഈ ഗുണനിലവാര പ്രശ്നം പരിശോധിക്കാൻ സർക്കാരിന് താത്പര്യമില്ല. കാരണം അത്ര ഭീമമായ തുകകളാണ് ഈ കച്ചവടത്തിൽ കൈമാറപ്പെടുന്നത്.

മലയാളിക്ക് ഇന്ന് ഉണ്ട് എന്ന് പറയപ്പെടുന്ന മദ്യാസക്തിയുടെ പിന്നിൽ (വാസ്തവത്തിൽ കർണാടകം, ആന്ധ്രാ, പഞ്ചാബ് മുതലായ ഇടങ്ങളിലെ മദ്യാസക്തിയുടെ മുന്നിൽ നാം ശിശുക്കളാണ് ) ഒരു കാരണമേയുള്ളൂ. കാലാകാലങ്ങളായി മലയാളികൾക്ക് അവരുടെ ഭരണകൂടങ്ങൾ നൽകി പോരുന്ന തരംതാഴ്ന്ന, ഗുണനിലവാരം പുലർത്താത്ത, വ്യാജന് തുല്യമായ നാലാംകിട മദ്യം. കാരണം നല്ല മദ്യം ഒരിക്കലും ഉപഭോക്താവിനെ അതിരുകവിഞ്ഞ ആസക്തിയിലേക്ക് തള്ളിയിടില്ല. മലയാളികളുടെ മദ്യാസക്തിക്ക് മറ്റൊരു കാരണവും കൂടിയുണ്ട്. മലയാളീ സമൂഹത്തെ കൊണ്ട് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന നിർദ്ദയമായ പന്താടൽ മലയാളി സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്ന വമ്പിച്ച മാനസിക സമ്മർദ്ദങ്ങളും പിരിമുറുക്കങ്ങളും അസ്വസ്ഥതകളും ഭീതികളുമാണ് ഇത്രയേറെ മലയാളികളെ മദ്യത്തിന്റെ മായാലോകത്തിലേക്ക് പലായനം ചെയ്യിപ്പിക്കുന്നത്. അതിലേക്ക് നാം ഇവിടെ കടക്കേണ്ടതില്ല. നാം കഴിച്ചുപോരുന്ന വ്യാവസായിക ചാരായത്തിന്റെ വിവിധ തോതുകളിലുള്ള കലർപ്പുകളാണ്- നമ്മുടെ സർക്കാരിന്റെ കൈകൾകൊണ്ട് നമ്മുക്ക് വിളമ്പിതരുന്ന ആ മാരക ദ്രാവകമാണ്- മലയാളികളെ ഇത്രയേറെ മദ്യത്തിന് അടിമയാക്കുന്നത്. വിദേശ യാത്ര ചെയ്തിട്ടുള്ളവർക്ക് ഈ വാസ്തവം ഉടൻ മനസിലാകും.

കാരണം മദ്യം അവിടെ ഒരു സാമൂഹിക വിപത്തല്ല. ഒരു രാഷ്ട്രീയ- സാമ്പത്തിക മാഫിയയുടെ ചൊൽപ്പടിയിലുള്ള വഞ്ചനാ സാമ്രാജ്യമല്ല. മദ്യം അവരുടെ സംസ്കാരത്തിന്റെ ഭാഗവും സൂഷ്മമായ ഗുണമേന്മാ നിഷ്കർഷയുള്ളതുമായ ഒരു മാന്യമായ ഉത്പന്നമാണ്. അതിന്റെ വിപണനവും അങ്ങേയറ്റം മാന്യമായ പരിതസ്ഥിതിയിലാണ് നടക്കുന്നത്. പക്ഷേ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ മദ്യത്തെ ഒരു കള്ളനാണയമായി ഉപയോഗിച്ച് അഴിമതിയുടെ ഒരു പൈശാചിക സാമ്രാജ്യം സൃഷ്ടിച്ച് അതിന്റെ കനികൾ ഭക്ഷിച്ചു പഠിച്ചു കഴി‌ഞ്ഞു. കേരള സംസ്കാരത്തിന്റെ സമ്പത്തുകളിലൊന്നായ കള്ളിനെ അവർ- പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടികൾ- എന്നന്നേക്കുമായി തകർത്തുകളഞ്ഞതിന്റെ ഉദാഹരണം നമ്മുടെ കൺമുന്നിലുണ്ട്.ഇപ്പോൾ ഇതാ കോൺഗ്രസിലേയും യു.ഡി.എഫിലേയും കലാപങ്ങൾക്ക് ഒരു മറക്കുടയായി അവർ മദ്യത്തെ എടുത്ത് പ്രയോഗിച്ചിരിക്കുകയാണ്. മദ്യത്തെപ്പറ്റി മലയാളികൾക്കിടയിലുള്ള ഇരട്ടത്താപ്പിന്റെ സദാചാരം അവർക്ക് സഹായകമായി തീർന്നിരിക്കുന്നു. കേരളത്തിലെ പൗരന്മാർ എന്ത് തിന്നണം, എന്ത് കുടിക്കണം എന്ന മനുഷ്യാവകാശത്തെയാണ് ഒരു ഫാസിസ്റ്റ് നിയമനിർമ്മാണത്തിലൂടെ യു.ഡി.എഫ് ചവിട്ടിമെതിച്ചിരിക്കുന്നത്. കോൺഗ്രസിലെ രണ്ട് നേതാക്കൾ തമ്മിലുള്ള അധികാരപോരിന്റെ ബലിയാടുകളായി മലയാളികൾ മാറി. ഇക്കാലമെല്ലാം അവരുടെ മേൽ ഔദ്യോഗിക മുദ്രയുള്ള സാമ്രാജ്യം അടിച്ചേൽപ്പിച്ച് അവരെ അധിക മദ്യപാനികളും പരവശരുമായി മാറ്റിയവർ ഇപ്പോൾ മദ്യം തന്നെ നിരോധിക്കുക എന്ന ‘സാഡിസ”ത്തിൽ അഭിരമിക്കുകയാണ്. അവർക്ക് അഴിമതിയുടെ പണം പൊയ്പ്പോവില്ലേ, അതുകൊണ്ട് അവർ ഒരു ത്യാഗമനിഷ്ഠിക്കുകയല്ലേ ചെയ്തത് എന്ന് ചോദിച്ചേക്കാം. അല്ല.

കോൺഗ്രസിനും മുസ്ലീം ലീഗിനും കേരള കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാ‌ർട്ടികൾക്കും ഒന്നും നഷ്ടപ്പെടാനില്ല. കാരണം ഒരു വശത്ത്  സർക്കാരിന്റെ കോർപ്പറേഷനുകളിലൂടെയുള്ള മദ്യ വാങ്ങൽ- വിൽക്കൽ കുത്തക അവർ നിറുത്തലാക്കുന്നില്ല എന്നു കാണുക. പണമുണ്ടാക്കാനുള്ള ആ വാതിൽ അവർ തുറന്നുവച്ചിരിക്കുകയാണ്. പക്ഷേ അതല്ലേ ഇനി യഥാർത്ഥ പണം. പഴഞ്ചൊല്ലിൽ പറയും പോലെ ‘അടിയൊന്നുമായിട്ടില്ല വടി വെട്ടാൻ പോയിട്ടേയുള്ളൂ”. കാരണം ഇതുവരെ നടത്തിയിട്ടുള്ള എല്ലാ അഴിമതിയെയും അടച്ചുവയ്ക്കുന്ന ഒരു  കുത്തൊഴുക്കാണ് ഈ രാഷ്ട്രീയപാർട്ടികളുടെ നിയന്ത്രണത്തിലുള്ള മാഫിയകൾ കേരളത്തിലേക്ക് തുറന്നുവിടാൻ പോകുന്ന വ്യാജ- വ്യാജമദ്യ പ്രവാഹം. മണൽ മാഫിയയും മറ്റും അതിന്റെ മുന്നിൽ  വാൽചുരുട്ടേണ്ടിവരും.

ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും വമ്പിച്ച വ്യാജ മദ്യ ‘ഹബ്” ആയി കേരളത്തെ മാറ്റാൻ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പിന്നണിയിലെ കറുത്ത കൈകൾ തയ്യാറെടുത്തിട്ടുണ്ടാകും. അശാസ്ത്രീയവും അവസരവാദപരവും , രാഷ്ട്രീയ ദുരുദ്ദേശപൂർണവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന മദ്യനിരോധന നീക്കം. ഈ മാറ്റം നിസാരമായ ഒന്നല്ല. ഗുരുതരമായ ഭവിഷ്യത്തുകളാണ് ഇതിനെ പിന്തുടരാൻ പോകുന്നത്. അവയെ നേരിടാനുള്ള ആത്മബലമോ, സത്യബോധമോ, സത്യസന്ധതയോ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കില്ല.

കടപ്പാട് : സക്കറിയ.
കേരള കൗമുദി ദിനപ്പത്രം.

Comments

comments