മെൽബണിൽ “ട്രാവൻകൂർ” എത്തിയത് എങ്ങനെ?

മെല്‍ബണ്‍: ട്രാവന്‍കൂര്‍ എന്ന സബര്‍ബിനെക്കുറിച്ച് കേള്‍ക്കാത്തവരായി മെല്‍ബണില്‍ അധികം പേര്‍ ഉണ്ടാവില്ല. എന്നാല്‍ നോര്‍ത്ത് മെല്‍ബണിനു സമീപമുള്ള ഈ ചെറിയ സബര്‍ബിന് എങ്ങനെയാണ് ഒരു ട്രാവന്‍കൂര്‍ കണക്ഷന്‍ വന്നതെന്ന് ചിന്തിച്ചിട്ടുണ്ടൊ?. കഥയുടെ രത്‌നച്ചുരുക്കം ഇങ്ങനെ. പണ്ട് ഇവിടെ താമസിച്ചിരുന്ന ഹെന്റി മാഡന്‍ എന്നൊരു കുതിരക്കച്ചവടക്കാരന്‍ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബംഗ്ലാവിനും എസ്‌റ്റേറ്റിനുമൊക്ക ട്രാവന്‍കൂര്‍  എന്നു പേരു നല്‍കി. അതിനൊരു കാരണമുണ്ട്; ഇന്ത്യയിലേക്കു കുതിരകളെ കയറ്റി അയച്ചിരുന്ന ഹെന്റിക്ക് ഇന്ത്യൻ സഗരങ്ങളുടെ പേരുകൾ സുപരിചിതമായിരുന്നു. അന്നത്തെ സുന്ദര രാജ്യമായിരുന്ന തിരുവതാംകുറിനോടുള്ള പ്രണയം മൂത്താണ് തൻറെ പ്രൗഡോജ്വല ബംഗ്ളാവിന് ട്രാവൻകൂർ എന്ന പേര് നല്കിയത്. എന്തായാലും മലയാളിപ്പേര് മറുനാട്ടില്‍ ഹിറ്റായി.

ട്രാവൻകൂർ മാൻഷൻ

ഫ്‌ളെമിങ്ടണ്‍ ഹൗസ് എന്നായിരുന്നു ബംഗ്ലാവിന്റെ ആദ്യത്തെ പേര്. മാഡൻ വാങ്ങിയതിനു ശേഷം  പുതിയ പേരു നൽകുകയായിരുന്നു. കാലക്രമേണ മാഡന്‍ ആ ബംഗ്ലാവും വസ്തുവകകളും വില്‍ക്കുകയും അവ ഏറ്റെടുത്ത ഗവണ്‍മെന്റ് അതിനെ വിഭജിക്കുകയും ചെയ്തു. എന്നാല്‍ ഈ ബംഗ്ലാവിനും എസ്‌റ്റേറ്റിനും സമീപമുളള തെരുവുകള്‍ ഇന്ത്യന്‍ പേരുകളില്‍ അറിയപ്പെട്ടു. ആഗ്ര സ്ട്രീറ്റ്, കശ്മീര്‍ സ്ട്രീറ്റ്, ബറോഡ സ്ട്രീറ്റ്, ലക്‌നൗ സ്ട്രീറ്റ്, മാംഗ്ലൂര്‍ സ്ട്രീറ്റ് എന്നിങ്ങനെ നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്. 1945 ല്‍ പഴയ ട്രാവന്‍കൂര്‍ മാന്‍ഷന്‍ പൊളിച്ചെങ്കിലും അതിനുചുറ്റും ഉള്ള സബർബ് ട്രാവൻകൂർ എന്ന പേരിൽ അറിയപ്പെട്ടു.

സമീപനാളുകളില്‍ ശ്രീപത്മനാഭ ക്ഷേത്രത്തില്‍ നിന്നും കോടികളുടെ നിധിശേഖരം കണ്ടെടുത്തതോടെ വീണ്ടും ട്രാവന്‍കൂര്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. അപ്പോള്‍ ഓസ്‌ട്രേലിയക്കാര്‍ അവരുടെ സ്വന്തം ട്രാവന്‍കൂറിനെയും ആ പേര് നല്‍കിയ ഹെന്‍ട്രിയെയും വീണ്ടും ഓര്‍മിക്കുകുയും മാധ്യമങ്ങളിൽ വീണ്ടും വാർത്തയാവുകയും ചെയ്തിരുന്നു. 

 

 

എഴുതിയത് – ജീതു എലിസബത്ത് മാത്യു

Comments

comments