ചരിത്രത്തെ ചാമ്പലാക്കി കേന്ദ്ര സർക്കാർ!, 1.5 ലക്ഷം ഫയലുകൾ നശിപ്പിച്ചു!

ന്യൂഡല്‍ഹി: ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചുവെന്ന് ആരോപണം. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട ചരിത്ര രേഖകൾ വരെ നശിപ്പിക്കപ്പെട്ടതായി കരുതുന്നു.

ചരിത്രത്തെ സംഘപരിവാര്‍ താത്പര്യത്തിനനുസരിച്ച് വളച്ചൊടിക്കാൻ നിരന്തരം ശ്രമം നടക്കുമ്പോള്‍ ഈ ആരോപണങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ആഭ്യന്തര മന്ത്രാലയത്തിലെ ഒന്നര ലക്ഷത്തിലധികം ഫയലുകള്‍ നശിപ്പിച്ചെന്നും അക്കൂട്ടത്തില്‍ ഗാന്ധി വധവുമായി ബന്ധമുള്ള ഫയലുകളൊന്നും ഇല്ലെന്നുമാണ് ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ നല്‍കുന്ന വിശദീകരണം. വര്‍ഷങ്ങളായി പൊടിപിടിച്ചു കിടക്കുകയായിരുന്ന ഫയലുകള്‍ നശിപ്പിച്ചുവെന്ന് ആഭ്യന്തരമന്ത്രി തന്നെ സ്ഥിരികരിക്കുമ്പോള്‍ അതില്‍ ആവശ്യമുള്ളവയും അനാവശ്യവും തമ്മിലുള്ള അന്തരം വളരെ നേര്‍ത്തുവരികയാണ്.

സംഘപരിവാറിന് താത്പര്യമുള്ള ചരിത്രം നിര്‍മിക്കാന്‍ ഇത്തരം സുപ്രധാനരേഖകള്‍ നശിപ്പിക്കുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് ചരിത്രകാരന്മാര്‍ ആശങ്കപ്പെടുന്നത്. നോര്‍ത്ത്‌ബ്ലോക്കിലെ കൂറ്റന്‍ സ്റ്റീല്‍ അലമാരകളില്‍ മാറാല പിടിച്ചുകിടന്നിരുന്ന ഫയലുകളില്‍ പലതും രാജ്യത്തിന്റെയും ലോകത്തിന്റെയും ചരിത്രത്തിലേക്കുള്ള നേര്‍ക്കാഴ്ചകളായിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ലോര്‍ഡ് മൗണ്ട് ബാറ്റണ് സ്വരാജ്യത്തേക്ക് തിരിച്ചുപോകാന്‍ യാത്രക്കൂലി ഇനത്തില്‍ 64000 രൂപ നല്‍കാനുള്ള നിര്‍ദേശമാണ് ഫയലുകളിലൊന്നില്‍. നേരത്തെ ഇവ പരിശോധിച്ച ചരിത്രകാരന്മാര്‍ ഇതുള്‍പ്പെടെ കൗതുകകരമായ നിരവധി വസ്തുതകള്‍ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ആദ്യപ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദ് പെന്‍ഷന്‍ സ്വീകരിക്കാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ആതുക കേന്ദ്രസര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് വകയിരുത്തിയതിനെക്കുറിച്ചാണ് മറ്റൊരു ഫയല്‍  സംസാരിക്കുന്നത്. ശമ്പളം വാങ്ങാന്‍ വിസമ്മതിച്ചു പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പണവും ഇതുപോലെ ദുരിതാശ്വാസ നിധിയിലെത്തി. മഹാത്മാഗാന്ധിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു വിളിച്ചുചേര്‍ത്ത മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്ന ഫലയും നോര്‍ത്ത് ബ്ലോക്കില്‍ വര്‍ഷങ്ങളായി വിശ്രമിക്കുകയായിരുന്നു.

Mahatma Gandhi before his funeral procession.

ഇതെല്ലാം താരതമ്യേനെ കൗതുകം നിറഞ്ഞതാണെങ്കില്‍ അതിനെക്കാള്‍ സങ്കീര്‍ണമാണ് രാഷ് ട്രപിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ലഭ്യമായ രേഖകള്‍. ഗാന്ധി വധത്തിന് ആറു പതിറ്റാണ്ട് ശേഷവും ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുകയാണ്. നാഥുറാം ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയുമാണ് ഗാന്ധിയെ വധത്തിനു പിന്നിലെ മുഖ്യ പ്രതികളെന്ന്  തെളിഞ്ഞെങ്കിലും ഇവരിലാരാണ് ആദ്യം ഇതിനെക്കുറിച്ച് പദ്ധതിയിട്ടതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. പാകിസ്ഥാന് 55 കോടി രൂപ നല്കുന്നതുമായി ബന്ധപ്പെട്ട് ഗാന്ധി നിരാഹരത്തിനൊരുങ്ങുന്നുവെന്ന ടെലിപ്രിന്റര്‍ വാര്‍ത്തയാണ് ഗാന്ധി വധത്തിന് ഇവരെ പ്രേരിപ്പിച്ചത്. പൂനെയിലെ ഒരു പത്രമോഫീസിന് മുന്നില്‍ വച്ചായിരുന്നു ഇവര്‍ക്ക് ഈ വാര്‍ത്ത ലഭിച്ചത്. അവിടെ വച്ചു തന്നെ ഇവര്‍ ഗാന്ധിയെ വധിയ്ക്കുന്നതിന് തീരുമാനവും എടുത്തു.

രാഷ്ട്ര പിതാവിന്റെ അറുപതാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ മനോഹര്‍ മല്‍ഗോകറിന്റെ ‘ദ മാന്‍ ഹു കില്‍ഡ് ഗാന്ധി’ എന്ന ഗ്രന്ഥത്തിന്റെ പുതിയ പതിപ്പില്‍ ഇതു വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 1978 ലാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ഗ്രന്ഥത്തിന്റെ പുതിയ പതിപ്പില്‍ കേസുമായി ബന്ധപ്പെട്ട ഒട്ടേറെ അപൂര്‍വ്വ രേഖകള്‍ ചേര്‍ത്തിട്ടുണ്ട്. ഗാന്ധിയെ വധിയ്ക്കുന്നതിനുള്ള ദൗത്യവുമായി ഗോഡ്‌സെയും ആപ്‌തെയും ബോംബെയില്‍ ദില്ലിയിലേക്ക് വന്ന വിമാന ടിക്കറ്റും ഇവര്‍ താമസിച്ച ഹോട്ടലിലെ ബില്ലിന്റെയുമെല്ലാം രേഖകള്‍ പുതിയ ഗ്രന്ഥത്തിലുണ്ട്.

ആറു പേരായിരുന്നു ഗാന്ധി വധവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടത്. ഇതില്‍ ഗോഡ്‌സെയെയും ആപ്‌തെയെയും തൂക്കിലേറ്റി. മറ്റുള്ളവര്‍ക്ക് ജയില്‍ ശിക്ഷയും ലഭിച്ചു. ജയില്‍ ശിക്ഷ ലഭിച്ച നാലു പേരും പുറം ലോകത്തോട് വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ തന്റെ പുസ്തകത്തിലുണ്ടെന്ന് മനോഹര്‍ 1978ല്‍ അവകാശപ്പെട്ടിരുന്നു. ഇത്തരം പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ അനുദിനം ഉയര്‍ന്നുവരുന്നതിനിടെയാണ് മോദി സര്‍ക്കാരിന്റെ ദുരൂഹ നീക്കം.

ലഭ്യമാകുന്ന പുതിയ കണ്ണികള്‍ ചേര്‍ത്തുവായിക്കണമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ചരിത്രരേഖകള്‍ ലഭിക്കേണ്ടതുണ്ട്. അത്തരം രേഖകള്‍ വേണ്ടായെന്നു ബോധപൂര്‍വം ആരെങ്കിലും തീരുമാനിച്ചാല്‍ അതിനുപിന്നില്‍ ദുരുഹത ഉറപ്പാക്കാം. എന്തായാലും ചരിത്രത്തെ ചവറ്റുകൊട്ടയിലെറിയാന്‍ കേന്ദ്രം തയാറാകരുതേയെന്നാണ് ഇതുസംബന്ധിച്ച് പ്രബുദ്ധരായ ഇന്ത്യക്കാരുടെയും ചരിത്ര സ്നേഹികളുടെയും ഏക അഭ്യര്‍ത്ഥന.

 


തയാറാക്കിയത്: അരുണ്‍ പാലക്കലോടി.

Comments

comments