ഇന്ത്യയിലെ നിയമവും രാഷ്ട്രീയവും താഴ്ചയുടെ പുതിയ തലങ്ങളില്‍!

DNA-യിൽ “A new low in Indian politics” എന്നപേരിൽ പ്രസിദ്ധീകരിക്കുകയും ‘വ്യക്തമല്ലാത്ത കാരണങ്ങളാൽ‘ നീക്കം ചെയ്യപ്പെടുകയും ചെയ്ത ലേഖനത്തിന്റെ മലയാള പരിഭാഷ.

രാഷ്ട്രീയക്കാരുടെ ഇച്ഛനുസരണം കോടതി നടപടികള്‍ മുന്നോട്ടുപോകുന്നത് ഇന്ത്യയില്‍ പുതിയ പുതിയൊരു പ്രവണതയായി മാറുകയാണോ? ബിജെപി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട അമിത് ഷാ എന്ന വിവാദനേതാവുമായി ബന്ധപ്പെട്ട കോടതി നടപടികളാണ് ഇത്തരമൊരു സംശയത്തിന് അടിസ്ഥാനം.

ഗുജറാത്ത് കലാപത്തിനുശേഷം നരേന്ദ്രമോദിയുടെ ഭരണകാലത്ത് സംസ്ഥാനത്ത് നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ ഉള്‍പ്പെടെ നിരവധി സംഭവങ്ങളില്‍ അമിത് ഷായെന്ന രാഷ്ട്രീയനേതാവിന് പങ്കുണ്ട്. അതുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ തുടരുന്നതിനിടെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പു നടന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിയും മോദിയും വിജയിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ അമിത്ഷായുടെ നേതൃത്വത്തില്‍ അതിലേറെ അത്ഭുതകരമായ വിജയമാണ് പാര്‍ട്ടി നേടിയത്. ഇതോടെ സന്തതസഹചാരിയായ അമിത് ഷായെ ഡല്‍ഹി രാഷ്ട്രീയത്തില്‍ സ്ഥിരമായി പ്രതിഷ്ഠിക്കാന്‍ മോദി നിര്‍ബന്ധിതനായി. ബിജെപി അധ്യക്ഷ പദവിയിലേക്കുള്ള അമിത് ഷായുടെ പ്രയാണത്തിന്റെ പശ്ചാത്തലം ഇതാണ്. പ്രധാനമന്ത്രിയായി മോദി അധികാരമേറ്റെടുത്ത ശേഷം ഡല്‍ഹിയിലെ ചര്‍ച്ചകളിലും രാഷ്ട്രീയകരുനീക്കങ്ങളിലും അമിത് ഷാ നിഴല്‍പോലെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ രണ്ടുപേരും ചേര്‍ന്ന് എതിരാളെ മുഴുവന്‍ നിരായുധരാക്കാനുള്ള ശ്രമത്തിലാണ്. ബിജെപി അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അതിശക്തമായി പുരോഗിക്കുന്ന വേളയിലാണ് ഈ മാസമാദ്യം സൊറാഹ്ബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലും തുള്‍സി പ്രജാപതിയെ വ്യാജ ഏറ്റുമുട്ടല്‍ കേസിലും അമിത് ഷാ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതിയുടെ പരിഗണയില്‍ വരുന്നത്. ഡല്‍ഹിയിലെ തിരക്കുമൂലം ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന ഷായുടെ അപേക്ഷയില്‍ കോടതി അനുകൂല തീരുമാനമെടുക്കുകയും ചെയ്തു.

ഗുജറാത്തില്‍ ആഭ്യന്തരമന്ത്രി പദവി കൈകാര്യംചെയ്തശേഷം കൊലപാതകവും ഗൂഢാലോചനയും ഉള്‍പ്പെടെ കുറ്റങ്ങള്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്ന ആദ്യത്തെയാളാണ് അമിത് ഷാ. കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അമിത് ഷാ മുന്നോട്ടുവച്ചത് നിയമപരമായ ചില ഒഴിവുകഴിവുകള്‍ മാത്രമാണ്. ബിജെപിയുടെ അധ്യക്ഷനെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ ആര്‍എസ്എസും സംഘപരിവാര്‍ നേതാക്കളും യോഗം ചേരുന്നു. ആ യോഗത്തില്‍ തനിക്ക് പങ്കെടുക്കേണ്ടതുണ്ടെന്നായിരുന്നു അമിത് ഷായുടെ ആവശ്യം. ഇന്ത്യന്‍ മാധ്യങ്ങള്‍ ഇത് വലിയ ചര്‍ച്ചയാക്കിയില്ലെങ്കിലും സമാനമായ അപേക്ഷ നേരത്തെ രണ്ടുതവണ അമിത് ഷാ സമര്‍പ്പിച്ചപ്പോള്‍ കോടതി ഏതു തരത്തിലാണ് പ്രതികരിച്ചതെന്ന് കണ്ടെത്താം. മുമ്പ് രണ്ടുതവണയും കോടതി നടപടികളില്‍ നിന്നു വിട്ടുനില്‍ക്കാന്‍ രാഷ്ട്രീയകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഷാ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ സിബിഐ പ്രത്യേക കോടതി ജഡ്ജി ജെ.ടി ഉദ്പദ് കര്‍ശനമായ മുന്നറിയിപ്പാണ് ഷായുടെ അഭിഭാഷകന് അന്ന് നല്‍കിയത്. മതിയായ കാരണമില്ലാതെയാണ് കോടതി നടപടികളില്‍ നിന്ന് അമിത് ഷാ വിട്ടുനില്‍ക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഒരാഴ്ച പിന്നിട്ടില്ല ജഡ്ജിയെ പൂനയിലെ കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതില്‍ നിന്ന് ഒരു കാര്യം മനസിലാക്കാം. ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങള്‍ ബിജെപി ഭരണത്തോടെ കൂടുതല്‍ മോശം നിലവാരത്തിലേക്ക് നീങ്ങുകയാണ്. പ്രത്യേകിച്ചും അമിത് ഷായെപ്പോലൊരാള്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്ന ഘട്ടത്തില്‍. സൊറാബുദ്ദീന്‍ ഷേക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അമിത് ഷായ്‌ക്കെതിരേ ഗൂഡാലോചന കുറ്റമാണ് പ്രാഥമികാന്വേഷണത്തില്‍ ചുമത്തിയിരിക്കുന്നത്.

അമിത് ഷായെ ദേശീയ പ്രസിഡന്റാക്കാന്‍ ആലോചനകള്‍ നടന്നപ്പോള്‍ തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്നവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. എന്നാല്‍ ആ എതിര്‍പ്പുകള്‍ എല്ലാംതന്നെ, ആരെയും ശത്രുക്കളാക്കാതെ അമിത് ഷാ എന്ന കൗശലക്കാരന്‍ മറികടക്കുകയായിരുന്നു. കേവലം ഒരു വര്‍ഷം കൊണ്ടാണ് അമിത് ഷാ ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നത്. ഇത്ര വേഗം പാര്‍ട്ടിയുടെ ദേശീയ നായക പദവിയിലെത്തിയ മറ്റൊരു നേതാവും ഉണ്ടായിട്ടില്ലെന്ന് വേണം കരുതാന്‍. 1964ല്‍ മുംബയില്‍ ബിസിനസുകാരനായ അനില്‍ചന്ദ്ര ഷായുടെ മകനായാണ് അമിത് ഷാ ജനിച്ചത്. മെഹ്‌സാനയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബയോകെമിസിട്രിയില്‍ ബിരുദ പഠനത്തിനായാണ് ഗുജറാത്തിലെ അഹമ്മദാബദിലേക്ക് പോവുന്നത്. പഠനത്തിനു ശേഷം കുറച്ചു നാള്‍ അച്ഛനൊപ്പം പി.വി.സി പൈപ്പ് ബിസിനസ് നോക്കി നടത്തി. അഹമ്മദാബാദിലെ കോ ഓപ്പറേറ്റീവ് ബാങ്കുകളില്‍ സ്‌റ്റോക്ക് ബ്രോക്കറായും ജോലി നോക്കി. കുട്ടിക്കാലം മുതല്‍ തന്നെ ആര്‍.എസ്.എസിന്റെ ശാഖകളില്‍ അമിത ഷാ പങ്കെടുത്തിരുന്നു. അഹമ്മദാബാദില്‍ കോളേജ് പഠനകാലത്താണ് ആര്‍.എസ്.എസിന്റെ വോളന്റിയര്‍ ആവുന്നത്. അഹമ്മദാഹബാദില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനവുമായി നടക്കുമ്പോഴാണ് 1982ല്‍ നരേന്ദ്ര മോദിയെ കണ്ടുമുട്ടുന്നത്. അന്ന് മോദി ആര്‍.എസ്.എസ് പ്രചാരകന്‍ ആയിരുന്നു. അതാണ് ജീവിതത്തിലെ വഴിത്തിരിവ്.

മോശം ഭരണത്തിന്റെ പേരില്‍ 2001ല്‍ ഗുജറാത്തിലെ കേശുഭായ് പട്ടേല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ നരേന്ദ്ര മോദി മുഖ്യമന്ത്രി സ്ഥാനത്തെത്തി. അന്നുമുതലാണ് ഷായുടെ രാഷ്ട്രീയ ജൈത്രയാത്ര തുടങ്ങുന്നത്. 2002ലെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ സര്‍ഖേജില്‍ നിന്ന് മത്സരിച്ച ഷാ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. ആഭ്യന്തരം നിയമം, ജയില്‍,ഗതാഗതം തുടങ്ങി പന്ത്രണ്ടോളം വകുപ്പുകളാണ് ഷാ കൈകാര്യം ചെയ്തത്. 2003ല്‍ ഗുജറാത്ത് സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം കൊണ്ടുവന്നതിന് പിന്നിലെ ബുദ്ധികേന്ദ്രവും ഷാ ആയിരുന്നു. ഹിന്ദുകള്‍ക്ക് ഭൂരിപക്ഷമുള്ള ഗുജറാത്തില്‍ മതപരിവര്‍ത്തനം പ്രയാസമേറിയതാക്കുന്ന ഗുജറാത്ത് ഫ്രീഡം ഒഫ് റിലീജിയസ് ആക്ട് കൊണ്ടുവന്നതിന് പിന്നിലും ഷായുടെ കൈകളായിരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് രാഷ്ട്രീയ എതിരാളികള്‍ വാദിച്ചെങ്കിലും ഷാ വഴങ്ങിയില്ല. നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനം തടയാനാണ് ആ നിയമമെന്നായിരുന്നു ഷായുടെ നിലപാട്. ബില്‍ പാസാക്കാന്‍ ഷാ നടത്തിയ പ്രയ്തനങ്ങളാണ് ആര്‍.എസ്.എസിനെ ഷായിലേക്ക് ആകര്‍ഷിച്ചത്.

2010ല്‍ സൊറാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണ വിധേയനയതിനെ തുടര്‍ന്ന് അമിത് ഷാ മന്ത്രി സ്ഥാനം രാജിവച്ചു. തൊട്ടുപിന്നാലെ നരേന്ദ്രമോദിക്കുവേണ്ടി യുവതിയെ നിരീക്ഷിച്ചുവെന്ന ആരോപണം. ഇതും കത്തിപ്പടരുന്നതിനിടെയാണ് ഷാ വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധയൂന്നിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 71 സീറ്റും ബി.ജെ.പി നേടിയതിന് പിന്നിലെ തന്ത്രവും പ്രവര്‍ത്തനങ്ങളുമെല്ലാം അമിത് ഷായുടേതായിരുന്നു.

നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനപാനലില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയതും ആദ്യംപറഞ്ഞ സംഭവങ്ങളോട് കൂട്ടിവായിക്കണം. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിക്യസ് ക്യൂറിയായി പ്രവര്‍ത്തിക്കുന്നയാളായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യം. മുമ്പ് സിബിഐയുടെ തലപ്പത്തുണ്ടായിരുന്നു അശ്വിനി കൂമാറും എ.പി സിംഗും വ്യാജഏറ്റുമുട്ടല്‍ കേസിനെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നവരാണ്. അമിത് ഷായുടെ ഇടപെടലുകളെക്കുറിച്ച് ഇരുവരും കൃത്യമായി പറഞ്ഞിട്ടുമുണ്ട്. സിബിഐയിലെ ചുമതലയ്ക്കുശേഷം നാഗാലാന്‍ഡില്‍ ഗവര്‍ണറായിരുന്ന അശ്വിനി കുമാര്‍ മോദി-അമിത് ഷാ ഭരണം തുടങ്ങിയതോടെ രാജിവച്ചുകഴിഞ്ഞു. എ.പി സിംഗാകട്ടെ യുപിഎസ് സി അംഗത്വത്തില്‍ നിന്നും രാജിവയ്ക്കാനുള്ള സമ്മര്‍ദ്ദത്തിലുമാണ്. ഇതോടൊപ്പം ഗുജറാത്ത് ഗവര്‍ണറായ 89 കാരി കമലാ ബനിവാളിന്റെ രാജിയും ചര്‍ച്ചചെയ്യാവുന്നതാണ്. ലോകായുക്ത നിയമനവുമായി ബന്ധപ്പെട്ട് മോദിയും അമിത് ഷായും തമ്മില്‍ ഗവര്‍ണര്‍ നിരന്തരം അഭിപ്രായവ്യത്യാസത്തിലായിരുന്നു. എന്തായാലും അമിത് ഷായെയും മോദിയെയും തൊടുന്ന ന്യായാധിപരായാലും അഭിഭാഷകരായാലും ഗവര്‍ണര്‍മാരായാലും അവര്‍ക്കെതിരേയെല്ലാം പ്രതികാര നടപടികളും വരുന്നുണ്ട്. അതുകൊണ്ടുതന്നെ അമിത് ഷായെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നതോടെ സ്വതന്ത്രവും സത്യസന്ധവുമായ ഒരു സര്‍ക്കാര്‍ എന്ന നരേന്ദ്രമോദിയുടെ വാഗ്ദാനം നടപ്പാക്കാനാകുമോയെന്ന് സംശയിക്കപ്പെടേണ്ടിയിരിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് മോദിയല്ലാതെ മറ്റാരുമല്ല താനും.

Comments

comments