ഓസ്ട്രേലിയയുടെ മുയൽ പുരാണം!

പേര് സൂചിപ്പിക്കുന്നത് പോലെ കാട്ടു മുയലുകളും ഓസ്‌ട്രേലിയയും തമ്മിൽ നല്ല ബന്ധമുണ്ട്. ഇന്നും പേടിയോടെ ഓര്ക്കുന്ന ഒരു കാലം ഓസ്ട്രേലിയക്ക് സമ്മാനിച്ചത്‌ ഈ മുയലുകളാണ്. ഒരു പക്ഷെ ഓസ്‌ട്രേലിയ നേരിട്ട ഏറ്റവും വലിയ പരിസ്തി ദുരന്തം ഈ മുയലുകൾ കാരണമാണ് ഉണ്ടായത് .

ഓസ്ട്രേലിയൻ ഭൂഖണ്ഡത്തെ തെക്കു-വടക്ക് വിഭജിച്ചുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ വേലി ഈ മുയലുകൾ മൂലം നിർമിക്കപെട്ടു. അത് എന്തിനു നിര്‍മിക്കപ്പെട്ടു……? അത്ര ശ്രമകരമായി ഒരു വേലി നിര്‍മിക്കാന്‍ പാകത്തില്‍ മുയലുകള്‍ എങ്ങനെയാണ് വില്ലന്മാരായത്…..!?

കാട്ടു മുയലുകളുടെ താണ്ഡവം എങ്ങനെ ഒരു ഭൂഖണ്ഡത്തെ പച്ചപ്പിന്റെ അനുഗ്രഹത്തില്‍നിന്ന് ബലമായി വേര്‍പെടുത്തി ഊഷരമാക്കിയെന്നും, ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിന്റെ വക്കുകളൊഴികെ ഉള്‍നാട് മുഴുവന്‍ ഇന്നു കാണുന്ന നിലയ്ക്ക് പൂര്‍ണമായും മരുവത്ക്കരിക്കപ്പെട്ടത് എങ്ങനെയെന്നും നമുക്ക് ഈ ലേഖനത്തിലൂടെ നോക്കാം. അതെക്കുറിച്ചറിയാന്‍ നമ്മള്‍ 150 വര്‍ഷം പിന്നിലേക്ക് പോകണം.

ഓസ്‌ട്രേലിയയില്‍ കുടിയേറിയ വെള്ളക്കാരില്‍ മിക്കവരുടെയും മോഹം ആ ഭൂഖണ്ഡത്തെ മറ്റൊരു യൂറോപ്പ് ആക്കുക എന്നതായിരുന്നു. ആ അതിമോഹത്തിന്റെ ഭാഗമായാണ് യൂറോപ്യന്‍ കാട്ടുമുയലുകളും ഓസ്‌ട്രേലിയയിലെത്തിയത്.

തെക്കന്‍ ഓസ്‌ട്രേലിയയില്‍ വിക്ടോറിയ സംസ്ഥാനത്തെ വിന്‍ചെല്‍സിയില്‍ തോമസ് ഓസ്റ്റിന്‍ എന്ന കര്‍ഷകന്‍, ഇംഗ്ലണ്ടില്‍നിന്നെത്തിച്ച 24 കാട്ടുമുയലുകളെ തന്റെ കൃഷിയിടത്തിന് സമീപം തുറന്നുവിട്ടു. 1859 ലായിരുന്നു അത്.വേട്ടയാടാനുള്ള ആഗ്രഹമാണ് ആ കര്‍ഷകനെ അതിന് പ്രേരിപ്പിച്ചതെങ്കിലും, അധികം വൈകാതെ മുയലുകള്‍ ഓസ്‌ട്രേലിയയെ വേട്ടയാടാന്‍ തുടങ്ങി. വേഗത്തില്‍ പെറ്റുപെരുകിയ കാട്ടുമുയലുകള്‍ രണ്ടുവര്‍ഷംകൊണ്ട് ഓസ്റ്റിന്റെ കൃഷിയിടം മുഴുവന്‍ തരിശാക്കി സമീപ ജില്ലകളിലേക്ക് വ്യാപിക്കാനാരംഭിച്ചു.

അഞ്ചുകോടി വര്‍ഷത്തെ ഒറ്റപ്പെടലില്‍ കഴിഞ്ഞ ആ ഭൂഖണ്ഡത്തില്‍ മുയലുകളെ തിരിച്ചറിയാനോ നശിപ്പിക്കാനോ കഴിയുന്ന ഒറ്റ രോഗാണു പോലും ഉണ്ടായിരുന്നില്ല എന്നതാണ് പ്രശ്‌നമായത്. അവയെ തിന്നൊടുക്കുന്ന ജീവികളും അവിടെ ഇല്ലായിരുന്നു.ആ അനുകൂല സാഹചര്യം കാട്ടുമുയലുകള്‍ക്ക് കണക്കില്ലാതെ പെരുകാന്‍ അവസരം നല്‍കി.

ഒരര്‍ഥത്തില്‍ ഒരു മുയല്‍ പ്രളയത്തിന് തന്നെ ഓസ്‌ട്രേലിയ സാക്ഷ്യംവഹിച്ചു. കൃഷിയിടങ്ങളും കുറ്റിക്കാടുകളും ഉള്‍പ്പടെ എല്ലാ പച്ചപ്പുകളും തിന്നുതീര്‍ത്ത് ലക്ഷക്കണക്കിന് മുയലുകള്‍ കൂറ്റന്‍ തിരമാല പോലെ മുന്നേറി. പ്രതിവര്‍ഷം 75 കിലോമീറ്റര്‍ വീതമായിരുന്നു അവയുടെ വ്യാപനം!

1880 ആയപ്പോഴേക്കും വിക്ടോറിയ സംസ്ഥാനം വെടിപ്പാക്കിയ അവ, സൗത്ത് ഓസ്‌ട്രേലിയയിലേക്കും ന്യൂ സൗത്ത് വെയ്ല്‍സിലേക്കും വ്യാപിക്കാന്‍ തുടങ്ങി. 1890 ഓടെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയും മുയല്‍ ഭീഷണിയിലായി. 1920 കാലത്ത് രാജ്യത്തെ കാട്ടുമുയലുകളുടെ എണ്ണം 1000 കോടി കവിഞ്ഞു!

മുയലുകളുടെ താണ്ഡവം ആരംഭിക്കുന്നതുവരെ, ‘എമു’ എന്ന പേരുള്ള കുറ്റിച്ചെടി (Emu bush) ഓസ്‌ട്രേലിയയുടെ അര്‍ധഊഷര മേഖലകളില്‍ വര്‍ഷത്തില്‍ എല്ലാക്കാലത്തും ഒരു പരിധി വരെ പച്ചപ്പ് സൃഷ്ടിച്ചിരുന്നു. വിളകളും എമു കുറ്റിച്ചെടികളും ഉള്‍പ്പടെ എല്ലാ പച്ചപ്പും മുയലുകള്‍ തിന്നുതീര്‍ത്തു. വെട്ടുകിളികളുടെ ആക്രമണം പോലെയായിരുന്നു അത്.

മുയലുകള്‍ പച്ചപ്പ് തീര്‍ത്തതോടെ, ആടുകള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ക്കും കൂടുതല്‍ അകലെയുള്ള മേച്ചില്‍ പുറങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിച്ചു. വിളകള്‍ മുയലുകള്‍ നശിപ്പിച്ചപ്പോള്‍, കാലിവളര്‍ത്തലിനെ കര്‍ഷകര്‍ കൂടുതല്‍ ആശ്രയിച്ചതും പച്ചപ്പിന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു.

മുയലുകളുടെ താണ്ഡവം തുടരുന്നതിനിടെയാണ് 1890 കളിലെ കൊടിയ വരള്‍ച്ച ഓസ്‌ട്രേലിയയെ ഗ്രസിക്കുന്നത്. 40 വര്‍ഷം തുടര്‍ന്ന പച്ചപ്പിന്റെ കാലഘട്ടം അവസാനിച്ചു. മണ്ണ് വിണ്ടുകീറി പൊടിപാടി. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. ആ സമയത്ത് ഏതാണ്ട് 350 ലക്ഷം ആടുകള്‍ നശിച്ചുവെന്നാണ് കണക്ക്. അതില്‍ 160 ലക്ഷവും നശിച്ചത് 1902 ല്‍ മാത്രമം!

മുയലുകള്‍ നശിപ്പിച്ച പച്ചപ്പിന്റെ ശവപ്പെട്ടിക്ക് മേലുള്ള ആണിയടിയായി മാറി ആ വരള്‍ച്ച. പിന്നീട് ഓസ്‌ട്രേലിയയ്ക്ക് ഒരിക്കലും ആ പച്ചപ്പ് തിരിച്ചു കിട്ടിയില്ല. ലോകത്തെ ഏറ്റവും ഊഷരമായ പ്രദേശങ്ങളിലൊന്നായി ഓസ്‌ട്രേലിയ ഇപ്പോള്‍ മാറിയതിന് മുയലുകളും കാരണക്കാരാണെന്ന് സാരം.

തോമസ് ഓസ്റ്റിന്‍ എന്ന കര്‍ഷകന്‍ ഇംഗ്ലണ്ടില്‍നിന്ന് കാട്ടുമുയലുകളെ ഇറക്കുമതി ചെയ്തിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ട് തികയുന്ന സമയത്ത്, 1950 ല്‍ തെക്കേയമേരിക്കയില്‍നിന്ന് ‘മൈക്‌സോമ വൈറസി’നെ (Myxoma virus) ഓസ്‌ട്രേലിയയിലെത്തിച്ചാണ് മുയല്‍ ഭീഷണിക്ക് വിരാമമിട്ടത്. ആ വൈറസ് ബാധിച്ച് മുയലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി.

പെര്‍ത്ത് നഗരം ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലേക്ക് മുയലുകള്‍ വ്യാപിക്കുന്നത് തടയാന്‍ വെസ്റ്റ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിര്‍മിച്ചതാണ് ‘റാബിറ്റ്-പ്രൂഫ് ഫെന്‍സ്’ എന്ന മുയല്‍ കടക്കാത്ത വേലി.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ നിര്‍മാണം ആരംഭിച്ച വേലി 1907 ല്‍ പൂര്‍ത്തിയായി. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ തെക്കുനിന്ന് വടക്കുവരെ എത്തുന്ന വേലിക്ക് മൂന്ന് ശാഖകളുണ്ട്. മൊത്തം 3253 കിലോമീറ്റര്‍ നീളം!വലിയ പ്രതീക്ഷയോടെ അത്ര വലിയ വേലി നിര്‍മിച്ചിട്ടും, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയ്ക്ക് രക്ഷയുണ്ടായില്ല. വേലി പരാജയമായി. കാരണം, മുയലുകള്‍ അതിനകം പടിഞ്ഞാറന്‍ ഭാഗത്ത് എത്തിക്കഴിഞ്ഞിരുന്നു!


Comments

comments