സൗദി രാജാവിന്റെ പെണ്‍ മക്കൾ ലോകത്തോട് കേഴുന്നു!! ഞങ്ങളെ രക്ഷിക്കൂ…

ജിദ്ദ:ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായ സൗദി രാജാവിന്റെ കൊട്ടാരത്തിലെ പെണ്‍ജന്മങ്ങള്‍ അനുഭവിക്കുന്ന തീരാവേദനകള്‍ ഇതാദ്യമായി പത്രമാധ്യമങ്ങള്‍ക്കും വിഷയമാവുകയാണ്. തങ്ങള്‍ തടവറയിലാണ് കഴിയുന്നതെന്ന് സൗദി രാജാവിന്റെ മക്കളുടെ തുറന്നുപറച്ചില്‍ ന്യുയോര്‍ക്ക് പോസ്റ്റ് പത്രമാണ് പരസ്യമാക്കിയത്. സഹര്‍, മാഹ, ഹാല, ജവ്ഹര്‍ അല്‍ സൗദ് എന്നിങ്ങനെ രാജാവിന്റെ നാല് പെണ്‍മക്കൾ ആണ് തങ്ങളുടെ ദുരിതപൂർണ്ണമായ അവസ്ഥ ലോകത്തിന് മുമ്പിൽ ഏറ്റു പറയുന്നത്.

രാജാവിന്റെ ഭാര്യയും ഈ നാലു കുട്ടികളുടെ അമ്മയുമായ അല്‍ ഫയാസ് 1982 ല്‍ ഒരുസംഘം സ്ത്രീവിമോചക പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പാലായനംചെയ്യുകയായിരുന്നു. അന്നു തുടങ്ങിയതാണ് നാലു കുട്ടികളുടേയും ദുരവസ്ഥ. എന്നാല്‍ ഇപ്പോള്‍ ജീവിതം മടുത്തുകഴിഞ്ഞു ഈ നാലുപേര്‍ക്കും. കുട്ടിക്കാലത്തെ സ്വപ്‌നതുല്യമായ ജീവിതം നല്‍കിയ അനുഭവങ്ങളില്‍ അല്പം ലിബറലായി ചിന്തിക്കാന്‍ ഈ പെണ്‍കുട്ടികള്‍ തയാറായി എന്നതാണ് ദുരവസ്ഥയ്ക്ക് അടിസ്ഥാനം. വിദേശത്ത് പഠനം, ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാനുള്ള മോഹം എന്നിവയ്‌ക്കൊപ്പം കല്യാണം കഴിച്ച് ശാന്തമായ കുടുംബജീവിതവും ഇവര്‍ ആഗ്രഹിച്ചു. അത് പലതവണ തുറന്നുപറഞ്ഞതോടെ ഇവര്‍ വീട്ടുതടങ്കലിലായി. 89 കാരനായ രാജാവ് മക്കളെ വിവാഹംകഴിച്ചയപ്പിക്കുന്ന കാര്യം ബോധപൂര്‍വം വിസ്മരിച്ചിരിക്കുകയാണ്. കൊട്ടാരത്തിലെ കെട്ടുറപ്പുള്ള, വായുസഞ്ചാരം പോലുമില്ലാത്ത മുറികളിലാണ് പെണ്‍കുട്ടികള്‍ ദിവസം തള്ളിനീക്കുന്നത്. മുത്തമകള്‍ സഹറിന് പ്രായം 42 ആയി. കഴിഞ്ഞദിവസം അവര്‍ ദി പോസ്റ്റ് ദിനപത്രവുമായി ഫോണില്‍ സംസാരിച്ചതിൽ നിന്നാണ് ഈ രാജകുമാരിമാരുടെ നരകതുല്യമായ ജീവിതം ലോകം അറിയുന്നത്. ഒറ്റപ്പെട്ട ജീവിതമാണ് തങ്ങളുടേതെന്ന് അവര്‍ പരിതപിക്കുന്നു. ആരും തങ്ങളെ കാണാനെത്തുന്നില്ല. ഒരിടത്തും പോകാനുമാകുന്നില്ല. എല്ലാറ്റിനും കാരണം സ്വന്തം പിതാവ് തന്നെ. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന മോശം പരിചരണത്തിന്റെ നേര്‍ ഉദാഹരണമാണ് കൊട്ടാരത്തിലെ ഈ കണ്ണീര്‍ജന്മങ്ങള്‍.

ചെറുപ്പത്തില്‍ കുട്ടികള്‍ സാധാരണവും സന്തോഷകരവുമായ ജീവിതമാണ് നയിച്ചിരുന്നത്. സ്വതന്ത്രമായി ചിന്തിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കിയതോടെ പിതാവിന്റെ കണ്ണിലെ കരടാവുകയായായിരുന്നുവെന്ന് ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന കുട്ടികളുടെ അമ്മ അല്‍ ഫയാസ് പറഞ്ഞു. മക്കള്‍ക്കുവേണ്ടി താന്‍ ശിക്ഷിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ജോര്‍ദാനിലെ ഒരു വലിയ കുടുംബത്തിലെ അംഗമായിരുന്ന അവര്‍ പതിനഞ്ചാംവയസില്‍ 1972 ലാണ് സൗദി രാജാവിനെ കണ്ടുമുട്ടുന്നത്. അന്ന് അദ്ദേഹത്തിന് പ്രായം 48 വയസ്. തുടര്‍ന്ന് വിവാഹം. ഒന്നിനും ഒരു കുറവുമില്ലായിരുന്നു. എന്താവശ്യത്തിനും പരിചാരകര്‍ ചുറ്റിനും. എന്നിട്ടും അവര്‍ക്ക് ജീവിതം പെട്ടന്ന് മടുത്തിരുന്നു. ഇതിനിടെ ആദ്യകുട്ടിയെ ഗര്‍ഭംധരിച്ചു. കല്യാണം കഴിഞ്ഞ് നാലുവര്‍ഷംകൊണ്ട് അല്‍ ഫയാസ് നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി. ആണ്‍മക്കള്‍ക്കുവേണ്ടിയായിരുന്നു രാജാവ് കാത്തിരുന്നത്. എന്നാല്‍ പിറന്നതെല്ലാം പെണ്‍കുട്ടികളായതോടെ തനിക്ക് ഏറെ അപമാനങ്ങള്‍ സഹിക്കേണ്ടിവന്നു- അവര്‍ വെളിപ്പെടുത്തി.

30 ഭാര്യമാരിലായി അബ്ദുള്ള രാജാവിന് നാല്‍പതിലധികം കുട്ടികളുണ്ട്. 1980 ല്‍ അല്‍ ഫയാസിനെ രാജാവ് മൊഴിചൊല്ലി. സൗദിയില്‍ ഭാര്യയുടെ സമ്മതം കൂടാതെ ഭര്‍ത്താവിന് വിവാഹമോചനം നടത്താമെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. മുഖം കറുപ്പിച്ചതോടെ അല്‍ ഫയാസ് തടവിലായി. പിന്നീടാണ് സാഹസീകമായ രക്ഷപെടല്‍. ഇപ്പോള്‍ തന്റെ പെണ്‍മക്കള്‍ക്കുണ്ടായ ദുര്‍വിധിയോര്‍ത്ത് ഈ അമ്മ കണ്ണീര്‍വാര്‍ക്കുകയാണ്. തന്റെ മക്കളുടെ ദുരവസ്ഥ ലോകമാധ്യമങ്ങൾക്ക് മുൻപിൽ എത്തിക്കാനുള്ള ഒത്താശകൾ ചെയ്തുകൊടുത്തതും ഈ അമ്മ ആയിരുന്നു.

Comments

comments