ഓർമ്മകളിൽ! ചില വിഷുക്കൈനീട്ടങ്ങൾ.

ഏപ്രിൽ – ഉത്സവങ്ങളുടെ,ആഘോഷങ്ങളുടെ ,അലസതയുടെ മാസം . കുട്ടിക്കാലത്ത് ഏപ്രിലിലാണ് അച്ഛന്റെ നാട്ടിലേക്ക് – ചങ്ങനാശേരിയിലേക്ക് ഞങ്ങളെ മൂന്നാളെയും കെട്ട് കെട്ടിക്കുക. ഒരു മാസം അവിടെ തന്നെ , അച്ഛനും അമ്മയും സമാധാനം എന്തെന്ന് അറിയുന്ന ഒരേ ഒരു മാസം. അങ്ങനെ മിക്കവാറും എല്ലാ വിഷുവും അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടിയാണ് ആഘോഷിച്ചിട്ടുള്ളത്, പത്താം ക്ലാസ്സ്‌ വരെ.

വിഷുവിനു ഏറ്റവും വലിയ അറ്റ്രാക്ഷൻ കയ്യിൽ തടയുന്ന തുട്ടു തന്നെ. അച്ഛനും അമ്മയും തരുന്ന പതിവൊന്നുമില്ല. രാവിലെ തന്നെ കുളിച്ചു അമ്പലത്തിലൊക്കെ പോയി അടുത്തൊക്കെയുള്ള വീട്ടിലൊക്കെ ഒന്ന് കയറിയിറങ്ങും. സാധാരണ ആയി എല്ലാവരും തരുന്നത് ഒരു രൂപയാണ്,അപ്പൂപ്പനും അമ്മൂമ്മയും കൂടി ഒരു രൂപയുടെ തുട്ടു തരും.

അടുത്ത വീട്ടിലെ ചേച്ചീടെ കല്യാണം കഴിഞ്ഞത് ഏപ്രിൽ ആദ്യം ആയിരുന്നു – അപ്പൊ കന്നി വിഷുവിനു തലേന്നേ വിരുന്നെത്തി ചേച്ചീം പുത്യ ചേട്ടനും. ചേച്ചിക്ക് പിന്നെ ഒന്നും അറിയേണ്ടി വന്നില്ല – ചേട്ടായിക്കു വെള്ളം ദാഹിക്കുന്നുണ്ടോ എന്ന് ഒരു ഡൌട്ട് തോന്നുമ്പോളെ അതാ വരുന്നു വെള്ളവുമായി ഒരു ഫ്രോക്കുകാരി. ചേട്ടായിക്ക് ചായ ,ചേട്ടായിക്ക് ഒഴിച്ച് കറി , ചേട്ടായിക്ക് കുളത്തിലേക്ക് വഴികാട്ടി.. ;)

അങ്ങനെ എന്തിനെറെ പറയുന്നു. പിറ്റേ ദിവസം വിഷു കൈനീട്ടത്തിന്റെ ടൈം . കൃത്യമായി അവിടെ എത്തിയിട്ട്, ഇതിലൊന്നും ഒരു താല്‍പര്യവും ഇല്ലാത്തത് പോലെ ‘നമ്മൾ’ അതിരിങ്കൽ നില്ക്കുന്ന പൂക്കളെ നിരീക്ഷിക്കുന്നു. കൈനീട്ടം കൊടുക്കാൻ ചേട്ടായി ചേച്ചിയോട്, “അല്ല നമ്മുടെ കൊച്ച് എവിടെ? ” എന്ന് ചോദിക്കുന്നുണ്ട് . കേള്‍ക്കാത്ത ഭാവത്തിൽ പൂവിന്‍റെ മണം ആഞ്ഞു വലിക്കുന്ന നമ്മളാരാ പുള്ളി , ഭാവാഭിനയത്തിന്‍റെ ഓസ്കാര്‍ വരെ കിട്ടും ! . ഒടുക്കം ചേട്ടായി കയ്യിലേക്ക് വെച്ച് തന്നത് അഞ്ചിന്‍റെ ഒരു പുത്തൻ നോട്ട് . അന്ന് വരെ കിട്ടിയ വിഷുക്കൈനീട്ടത്തിൽ എറ്റവും വലുത്, ഒരു പക്ഷെ ഇന്ന് വരെ കിട്ടിയതിലും.

ആ ചേട്ടായിനെ പിന്നീടു കണ്ടിട്ടേയില്ല. പിന്നെ പഠിത്തത്തിന്‍റെ ഗതിയും ദിശയും മാറിയപ്പോൾ, വിഷു ഒരു ദിവസം ആയി ചുരുങ്ങി… വെക്കേഷനുകൾ ഇല്ലാതെയായി ! :( .

അമ്മൂമ്മയും അപ്പൂപ്പനുമായി ആഘോഷിച്ചിരുന്ന, ഒരു രൂപയ്ക്ക് ഒരു പാട് വിലയുണ്ടായിരുന്ന ആ വിഷുക്കാലത്തിന്‍റെ ഓർമ്മയ്ക്കായി… എല്ലാവര്‍ക്കും നന്മയുടെ ഒറ്റനാണയങ്ങളുടെ സമ്പല്‍ സമൃദ്ധിയാര്‍ന്ന ഒരു വിഷു ആശംസിക്കുന്നു .

Comments

comments