ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനാണ് രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്ത് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

തെലങ്കാന രൂപികരിക്കുന്നതില്‍ പ്രതിഷേധിച്ച് ആന്ധ്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബുധനാഴ്ച രാജിവെച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം അവശേഷിക്കെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ലന്നും കിരണ്‍ കുമാര്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യത തെളിഞ്ഞത്.

അതേസമയം രാഷ്ട്രപതി ഭരണത്തെ കുറിച്ച് കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുത്തേക്കും.

ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധ്യത തള്ളികളയാനാവില്ലന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായി ജയറാം രമേശ് സൂചിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതാണ് നല്ലതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നുള്ള അഭിപ്രായം.

Comments

comments