വെളുത്തുള്ളി ഉണ്ടേൽ മഴത്തുള്ളി വേണ്ട — ഒരു വെളുത്തുള്ളി പുരാണം

 

 വെളുത്തുള്ളിക്ക് പുരാണമോ, സംശയിക്കേണ്ട വെളുത്തുള്ളിക്ക് പറയാൻ പുരാണവും ഗുണഗണങ്ങളും ഏറെ.

നാട്ടുനടപ്പു അനുസരിച്ചും, ന്യൂ ജനറേഷൻ സിദ്ധാന്തം അനുസരിച്ചും പുരാണം പറയണേലും ആദ്യം ശാസ്ത്രം പറയണം. എന്നാലെ അതിനു ഒരു അടിസ്ഥാനം ഉള്ളു. ഇനി അന്ധവിശ്വാസങ്ങൾ സത്യമെന്നു സ്ഥാപിക്കാനും നാലാൾക്ക് മുൻപിൽ അന്ധവിശ്വാസത്തെ അന്ധവിശ്വാസങ്ങൾ അല്ല എന്ന് വരുത്തിതീർകാനും മുൻപേ പറഞ്ഞ ശാസ്ത്രത്തിന്റെ മേമ്പൊടി ചേർത്താൽ മതി.

അപ്പോൾ പറഞ്ഞു വന്ന പുരണത്തിലേക്ക് തിരിച്ചു വരാം, വെളുത്തുള്ളി, വെള്ളുള്ളി, വെള്ളവെങ്കായം എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം എന്നാണ്. ചരിത്രം നോക്കിയാൽ പഴമക്ക് പഴമയും പാരമ്പര്യത്തിന് പാരമ്പര്യവും ഒത്തിണങ്ങിയ കുടുംബത്തിൽ  നിന്നു തന്നെയാണ് വെളുത്തുള്ളിയുടെ വരവ് എന്നർത്ഥം

പുരാതനകാലം മുതൽതന്നെ വെളുത്തുള്ളി ഈജിപ്തിലും ഗ്രീസിലും കൃഷി ചെയ്തുവന്നിരുന്നതായി രേഖകൾ ഉണ്ട്. പുരാതന ഈജിപ്തിൽ പിരമിഡുകൾ പണിയുന്ന അടിമകൾക്ക് കായികക്ഷമതക്കും, രോഗപ്രതിരോധത്തിനുമായി വെളുത്തുള്ളി നൽകിയിരുന്നതായി പറയപ്പെടുന്നതാണ് വെളുത്തുള്ളിയെപറ്റിയുള്ള എഴുതപെട്ട ആദ്യകാല ചരിത്രം.റോമൻ  ബോക്സിംഗ് ചാംപ്യന്മാര്ർ  മത്സരത്തിനു മുമ്പ് വെളുത്തുള്ളി കഴിക്കാറുണ്ടായിരുന്നു എന്നും ചരിത്രം.

വെളുത്തുള്ളിയുടെ പൗരാണികബാന്ധവവും വളരെ പ്രസിദ്ധമാണ്. പാലാഴി കടഞ്ഞുകിട്ടിയ അമൃതകുംഭത്തിനായി ദേവാസുരന്മാര് തമ്മില് നടന്ന തർത്തിനിടയിൽ  കുംഭത്തിനുള്ളിൽ നിന്നും തെറിച്ചുവീണ അമൃതിന്റെ തുള്ളികളാണ് വെളുത്തുള്ളി എന്നാണ് പുരാണത്തിലെ വെളുത്തുള്ളി ഉൽപ്പത്തിക്കഥ.

രോഗ ചികിത്സയിൽ വെളുത്തുള്ളിയോളം പോന്ന മറ്റൊരു ഒറ്റമൂലി ഇല്ല. പറയുമ്പോ എല്ലാം പറയണമല്ലോ- വില്ലനായി എത്തുന്ന വില്ലൻ ചുമക്കും , അയല്പത്തെ സുന്ദരിയെ കണ്ണിറുക്കി കാണിച്ചിട്ട് ഉണ്ടാകുന്ന കണ്ണുവേദനക്കും വെളുത്തുള്ളി ബെസ്റ്റ് തന്നെ. സ്വന്തം വയറിനെ ഗൗനിക്കാതെ വാരിവലിച്ചു ഭക്ഷണം കഴിച്ചിട്ട് ഉണ്ടാകുന്ന വയറുവേദനക്കും, ദഹനക്കേടിനും വെളുത്തുള്ളിതന്നെ ആശ്രയം. ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലിൽ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്.

തുടർച്ചയായി വെളുത്തുള്ളി കഴിച്ചാൽ അമിതരക്തസമ്മർദം കുറയുമെന്ന് സൗത്ത് ഓസ്ട്രേലിയയിലെ അഡലെയ്ഡ ് സർവകലാശാലയിലെ ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചുവരുന്നുണ്ട്. ഉദരത്തിൽ കാണപ്പെടുന്ന ചിലയിനം കാൻസറുകൾക്കും വെളുത്തുള്ളി പ്രയോജനം ചെയ്യുമെന്ന് അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിൻ പറയുന്നു. വെളുത്തുള്ളി പിഴിഞ്ഞ നീരിൽ ഉപ്പുവെള്ളം ചേർത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയിൽ ഒഴിച്ചാൽ ചെവിവേദനക്ക് ശമനമുണ്ടാകും. വെളുത്തുള്ളിയുടെ സത്തായ ഈതറിൽ ഊറ്റിയെടുക്കുന്നതാണ് പ്രമേഹത്തിന് മരുന്നായി ഉപയോഗിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന അലിസിൻ എന്ന വസ്തു ആന്റിബയോട്ടിക്കുകളേക്കാൾ ശക്തമായ അണുനാശിനിയാണ്.

ആരോഗ്യം മാത്രേ ഉള്ളോ  സൌന്ദര്യം വെളുത്തുള്ളി നിഘണ്ടുവിൽ ഇല്ലേ എന്ന് ചോദിക്കുന്ന തരുണീ മണിമാർക്കും ആശ്വസിക്കാം , ചർമ  സംരക്ഷണത്തിനും രോഗങ്ങൾക്കും   വെളുത്തുള്ളിയോളം പോന്നത് വെളുത്തുള്ളി തന്നെ. വെളുത്തുള്ളിയുടെ നീര് മുഖക്കുരു അകറ്റാൻ   സഹായകവുമാണ്. മുഖത്തെ   പാടുകളും വടുക്കളും കുറയുവാനും വെളുത്തുള്ളി സഹായിക്കും.

വാല്കഷണം – അധികമാരും കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒരു പഴംചൊല്ല്   ചേർന്നു -വെളുത്തുള്ളി ഉണ്ടേല് മഴതുള്ളി വേണ്ട ( ഇതിന്റെ സാധൂകരണം വായനക്കാർക്ക്ഒരു ഗൃഹപാഠം ആവട്ടെ )

Comments

comments