കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് പാലായില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം: ഭാരതത്തിലെ കത്തോലിക്ക വിശ്വാസികളുടെ തലസ്ഥനമായി ഒരു ചെറുകാലത്തേക്ക് പാലാ നഗരം മാറുന്നു. പാലാ രൂപത ആതിഥ്യമരുളുന്ന കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിണ്. ഫെബ്രുവരി 5മുതല്‍ 12 വരെ തീയതികളിലാണ് സമ്മേളനം. വിശുദ്ധ അല്‍ഫോന്‍സാമ്മയിലൂടെ ആദ്യ വിശുദ്ധയെ സമ്മാനിച്ച പാലാ രൂപത, ലോകത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ ഏറ്റവും വലിയ മൂന്നാമത്തെ സംഗമത്തിനാണ് ആഥിത്യമരുളുന്നത്.

പാലാ രൂപത അരുണാപരുത്ത് പുതുതായി നിര്‍മ്മിച്ച അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സമ്മേളനം. ഫെബ്രുവരി 5 നു രാവിലെ ഒമ്പതിന് സെന്റ് തോമസ് കോളേജ് സ്‌റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി പ്ലീനറി
മീറ്റിംഗ് ആരംഭിക്കും. കോളേജ് മൈതാനത്തു പ്രത്യേക വേദിയില്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മെത്രാന്‍മാരും പാലാ രൂപതയിലെ വൈദികരും ചേര്‍ന്നു സമൂഹബലിയര്‍പ്പിക്കും.

വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ സമ്മേളനത്തില്‍ പ്രതിനിധിയാകും. വത്തിക്കാന്‍ സ്ഥാനപതി മുഖ്യകാര്‍മികത്വം വഹിക്കും. ഫെബ്രുവരി 8ന് വൈകുന്നേരം 5ന് പാലാ സെന്റ് തോമസ് കോളേജ്
സ്‌റ്റേഡിയത്തില്‍ പൗരാവലിയുടെ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. സ്വീകരണ സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. 9ന് ഉച്ചകഴിഞ്ഞ് സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാര്‍, വിവിധ സംഘങ്ങളായി രാമപുരം, കുറവിലങ്ങാട്, അരുവിത്തുറ, മുട്ടുചിറ, ചേര്‍പ്പുങ്കല്‍ എന്നീ ഫൊറോനകളിലും പാലാ കത്തീഡ്രലിലും സന്ദര്‍ശിക്കും.

11ന് ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ വിശുദ്ധ കുര്‍ബാന. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്ലീനറി മീറ്റിംഗില്‍ രാജ്യത്തെ 167 രൂപതകളില്‍നിന്നായി സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ രൂപതകളിലെ  235 ബിഷപ്പുമാര്‍ പങ്കെടുക്കും. 167 രൂപതകളിലെ ബിഷപ്പുമാര്‍, 12 സഹായമെത്രന്മാര്‍, സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും രണ്ട് കൂരിയ മെത്രാന്മാര്‍, വിരമിച്ച 59 മെത്രാന്മാര്‍ എന്നിവരാണ് സമ്മേളനത്തിന് എത്തുന്നത്. വത്തിക്കാന്‍ ന്യൂണ്‍ഷ്യോയും ചടങ്ങില്‍ സംബന്ധിക്കും.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ചൈതന്യമുള്‍ക്കൊണ്ട്, ഭനവീകരിക്കപ്പെട്ട സഭ സമൂഹത്തെ നവീകരിക്കുന്നു’ എന്ന വിഷയമാണ് സമ്മേളനം സ്വീകരിക്കുന്നത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളാണ് സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്.സിബിസിഐ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സിബിസിഐ പ്രതിനിധിസംഘം പാലായിലെത്തി.സിബിസിഐ ജനറല്‍ സെക്രട്ടറിയും ആഗ്ര ആര്‍ച്ച്ബിഷപ്പുമായ ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജോസഫ് ചിന്നയ്യന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് എത്തിയത്.

Comments

comments