ആം ആദ്മി കെട്ടുറപ്പില്ലാത്ത കുറ്റിച്ചൂലോ ?

ആം ആദ്മിയുടെ കടന്നു വരവും കുറ്റിച്ചൂല്‍ തരംഗവുമെല്ലാം സന്തോഷത്തോടെ നോക്കിക്കണ്ട ആയിരങ്ങളിലൊരാളാണ് ഞാന്‍. ഒരു പുത്തന്‍ പ്രതീക്ഷയുടെ ആരവമായി കടന്നു വന്ന ആം ആദ്മി, രാജ്യത്തു കൊടികുത്തിവാഴുന്ന അഴിമതിയെയും ആരാജകത്വവും തുടച്ചുമാറ്റാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു. ജനാധിപത്യത്തിലെ നന്മയുടെ പക്ഷത്തു നിലയുറപ്പിക്കുന്ന എല്ലാവരും ആം ആദ്മിയെക്കുറിച്ച് ഓര്‍ത്ത് ത്രില്ലടിച്ചു. ഇതുവരെ കാണാത്ത ഒരു ഉന്മേഷവും ഉണര്‍വും ഇന്ത്യന്‍ ജനതയിലേക്കു പകരാന്‍ കുറ്റിച്ചൂലിനു കഴിഞ്ഞുവെന്ന കാര്യത്തില്‍ സംശയമേയില്ല.

എന്നാല്‍,അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങളും രീതികളും ജനാധിപത്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവരില്‍ മാത്രമല്ല സാധാരണക്കാരിലും ചില സംശയങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികളുടെ പ്രതീക്ഷയായി മാറിയ ആം ആദ്മി പാര്‍ട്ടി കെട്ടുറപ്പില്ലാത്ത കുറ്റിച്ചൂലായി മാറുകയാണോ? ഭരണത്തിലേറി ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും,  പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും പിന്നോട്ടു പോകാന്‍ കേജരിവാളും സംഘവും തയാറായിട്ടില്ലെങ്കിലും വ്യക്തമായ പ്ലാനിംഗിന്റെ അഭാവവും ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളുമെല്ലാം ആം ആദ്മിയെ ചിലപ്പോഴെങ്കിലും പരിഹാസ്യമായ തലത്തിലേക്കു താഴ്ത്തുന്നു.

കിട്ടിയ അധികാരത്തിന്റെ അമ്പരപ്പും പകപ്പും  വിട്ടുമാറാതെ, എന്തൊകെയോ ചെയ്തു കൂട്ടാനുള്ള ആവേശത്തിന്റെ പുറത്തു ചെയ്യുന്ന ഓരോന്നും പാര്‍ട്ടിക്കും സര്‍ക്കാരിനും നല്‍കുന്നത് ചെറുതല്ലാത്ത തിരിച്ചടിയാണ്. എന്തായാലും എന്റെ സങ്കല്‍പ്പത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം ഇപ്പോഴുള്ളതില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ്. കൈവശമുള്ള അധികാരം ഉപയോഗിച്ച് പദ്ധതികള്‍ വ്യക്തമായി രൂപകല്പന ചെയ്ത് ദീര്‍ഘവീക്ഷണത്തോടെ ഭരിക്കുകയും അതുവഴി രാജ്യത്തിന്റെ സുരക്ഷയും മൂല്യവും ഉറപ്പു  വരുത്തുന്ന ദീര്‍ഘകാലടിസ്ഥാന പരിപാടികളാണ് ആം ആദ്മിയില്‍ നിന്ന് എന്നെപ്പോലുള്ള സാധാരണക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ ആം ആദ്മി    സര്‍ക്കാര്‍  സ്വീകരിച്ചിരിക്കുന്ന പല നടപടികളും  ജനങ്ങള്‍ തങ്ങളില്‍ അര്‍പ്പിച്ച പ്രതീക്ഷയുടെ ഭാരം താങ്ങാനാവാത്തതിനാല്‍ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ പ്രീണനങ്ങളാണോ എന്ന് സംശയം തോന്നും.

നിലവിലുള്ള ഭരണ വ്യവസ്ഥയെയും, വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളേയും വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള് , കുറഞ്ഞപക്ഷം  തങ്ങളുടെ അപര്യാപ്തതകളെ കുറിച്ച് എങ്കിലും ബോധം ഉണ്ടായിരിക്കേണ്ടേ?  ഇന്ത്യ പോലെ ഇത്രയും ബ്രഹുത്തായതും ജനശക്തിയുള്ളതും ആയ രാജ്യത്തില്‍ ചെറിയ ചില ആശ്രെദ്ധകൾക്കു പോലും വലിയ വില കൊടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ  ഡല്‍ഹിയിലെ ഭരണത്തെ ശുദ്ധീകരിച്ച് പടിപടിയായി മറ്റ് സംസ്ഥാനങ്ങളിലും സാന്നിധ്യമറിയിക്കാന്‍ ആം ആദ്മി ശ്രമിക്കുമെന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ ഇതിനുള്ള ക്ഷമ കാട്ടാതെ തിരക്കുപിടിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി മുന്നൊരുക്കങ്ങള്‍ എടുക്കുകയാണ് കേജരിവാളും സംഘവും. ഡല്‍ഹിയിലെ ഭരണം പോലും ശരിയായി നടത്താന്‍ ബുദ്ധിമുട്ടുമ്പോഴാണ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്ന കുറ്റിച്ചൂല്‍ വിപ്ലവത്തിന് നീ്ക്കം നടത്തുന്നത്,  ഓരോ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ ശാഖകള്‍ വരുന്നു! ഇവയെല്ലാം  കാണുമ്പോൾ പൊതു ജന നന്മ, സാധാരണകാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം എന്നിങ്ങനെ ഉള്ള ലക്ഷ്യത്തിൽ നിന്നും അകന്നു ആം ആദ്മി അധികാരത്തിന് പിന്നാലെ പായുകയാണോ എന്ന് സംശയം തോന്നുന്നു.

പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരക്കുപിടിച്ച് ആളെച്ചേര്‍ക്കുമ്പോള്‍ അനര്‍ഹരും അനഭിമതരുമായ നിരവധി പേര്‍ ആം ആദ്മിയുടെ അംഗ ബലത്തിനു കരുത്തുപകരും. ഇപ്പോള്‍ത്തന്നെ പലരും ആം ആദ്മിയില്‍ ചേരുന്നു എന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്ത മടുപ്പു തോന്നിത്തുടങ്ങി.  ഇതുവരെ പലയിടത്തും പലതും പയറ്റിയിട്ടും ഒന്നും ആകാന്‍ പറ്റാത്തവരും അധികാരം നേടാന്‍ പറ്റാത്തവരും എല്ലാവരും കൂടി ഒന്നിച്ചുചേര്‍ന്നുള്ള ഒരു സ്ഥലം ആയി ആം ആദ്മി മാറുന്നുവോ എന്നാണ് സംശയം. സോഷ്യല്‍മീഡിയ കളിലൂടെ പാര്‍ട്ടി ഉയര്‍ന്നുവന്നതും പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ധിക്കുന്നതും എല്ലാവരും കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ തയാറായ നിരവധിപ്പേര്‍ അധികാരത്തിനും പ്രതിശ്ചായയ്ക്കും വേണ്ടി പാര്‍ട്ടിയില്‍ കടന്നുകൂടും എന്നുള്ളത് നൂറുശതമാനം ഉറപ്പാണ്.

ഈ സന്ദർഭത്തില്‍ ഓർത്തിരികേണ്ട മറ്റൊരു വസ്തുതയാണ്, ഇന്ത്യയിലെ മൂന്നില്‍ ഒന്ന് പ്രദേശങ്ങളിലും മാവോയിസ്റ്റ് പോലെയുള്ള സംഘടനകൾ ശക്തമാണന്നത്, സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെ ശക്തമായ സാന്നിധ്യം പുലർത്തുന്ന വരും, സാമൂഹിക രംഗത്ത് വളരെ അംഗീകാരം നേടിയവരും പോലും പ്രത്യക്ഷമായും പരോക്ഷമായും ഇവരുടെ പ്രവർത്തകർ ആണെന്ന് ഉള്ളത്!  തിരക്ക് പിടിച്ച ഈ തിരഞ്ഞെടുപ്പ് മുന്നൊരുക്കതില്‍ ആം ആദ്മി ഇത്തരക്കാരുടേയും രാഷ്ട്രീയ മുതലെടുപ്പുക്കാരുടെയും വേദിയാകാനുള്ള സാധ്യതകൾ വളരെ കൂടുതല്‍ ആണ് !

ആം ആദ്മി സര്‍ക്കാര്‍ നല്ലതൊന്നും ചെയ്തില്ല എന്നല്ല അര്‍ഥമാക്കേണ്ടത്. നേതാക്കന്മാർ വില കൂടിയ കാറുകളും  ഔദ്യോഗിക വസതികളും  ഉപേക്ഷിക്കുന്നു  എന്നത് പ്രോത്സാഹനാ ജനകമാണ്.  എന്നാല്‍ വെള്ളവും വൈദ്യുതിയും സൗജന്യമാക്കാനുള്ള നീക്കം വിലകുറഞ്ഞ ജനപ്രീതി തന്നെയാണ്.ഇതിനുള്ള പണം നീക്കിവച്ചിട്ടില്ലെന്നുമാത്രമല്ല, അത് പിന്നീട് എങ്ങനെ സമാഹരിക്കുമെന്നും വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടോയെന്ന് സംശയമാണ്.  പെട്ടെന്നു കിട്ടിയ അധികാരത്തിനു മുന്നില്‍ അന്താളിച്ചുനില്‍ക്കുന്ന ഒരുകൂട്ടം നല്ല മനുഷ്യരുടെ കൂട്ടായ്മയാണ് ഇപ്പോഴും ആം ആദ്മി പാര്‍ട്ടി. പല  നല്ല കാര്യങ്ങളും ചെയ്യാനുള്ള വ്യഗ്രതയുണ്ടെങ്കിലും അത് പ്രയോഗത്തില്‍ വരുത്താനുള്ള അജ്ഞത മുഴച്ചുനില്‍ക്കുകയാണ്.പ്രവര്‍ത്തി പരിചയത്തിന്റെയോ പാരമ്പര്യത്തിന്റെയോ അല്ലെങ്കില്‍ അനുഭവജ്ഞാനത്തിന്റെയോ പിൻബലം ഒന്നും തന്നെ നോക്കാതെ വ്യവ്സ്ഥാപിത തല്ല്പര്യങ്ങൽ എല്ലാം തന്നെ മാറ്റിവെചു കൊണ്ടുള്ള, നഷ്ടബോധത്തില്‍ കുടുങ്ങിക്കിടന്ന ഒരു സമൂഹത്തിന്റെ ഉണര്‍ത്തെഴുന്നേല്‍പ്പിനുള്ള ശ്രമങ്ങളാണ് ആം ആദ്മിയുടെ തെരഞ്ഞെടുപ്പു  വിജയത്തിനു കാരണമായത്‌.

ഇപ്പോൾ നിലവിലുള്ള രാഷ്ട്രീയ കോമരങ്ങളെ കണ്ടു  മടുത്ത  ഞങ്ങൾ, അതെ നിലവാരത്തിലുള്ള, പ്രവർത്തനങ്ങളോ, പ്രസ്താവനകളോ ആം ആദ്മിയിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. ഈയടുത്തകാലത്ത് നടന്ന കുമാര്‍ വിശ്വാസ്  വിവാദങ്ങൾ തികച്ചും നിരാശാജനകമാണ്.  നേരത്തെ പ്രസ്താവിച്ചത് പോലെ തന്നെ, അനർഹരായവരുടെ കടന്നു  കയറ്റം ആം ആദ്മിയിൽ സംഭവിച്ചതിന്റെ വ്യെക്തമായ ഉദാ ഹരണമാണ്  കുമാര്‍ വിശ്വാസ് സംഭവം. എന്റെ  അറിവിൽ കുമാര്‍ വിശ്വാസ്   ഇതുവരേയും  പല സമൂഹങ്ങൾക്കും   എതിരേയും, പല രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനകൾ നടത്തുകയും  ചെയ്ത ആളാണ്‌. ഇപ്പോളും , അദ്ദേഹത്തിന് എതിരെ ഉണ്ടായിരിക്കുന്ന ആരോപണം ഒരു  സമൂഹത്തെമുഴുവൻ അപമാനിക്കാൻ ശ്രെമിച്ചു എന്നുള്ളതാണ്,അത് തികച്ചു നിരാശാജനകമായ ഒരു കാര്യമാണ്. ഇത്തരം ഒരു സംഭവം ഉണ്ടായാൽ, ആ പ്രശ്നത്തെ നേരിട്ട് അതിനുപരിഹാരം കാണുന്ന ഒരു  ആം ആദ്മിയാണ് എന്റെ സങ്ങല്പത്തിലെ ആം ആദ്മി, അല്ലാതെ അതിനു പകരം പണ്ട്  കോണ്‍ഗ്രസ്‌ ഇങ്ങനെ പറഞ്ഞു, പണ്ട് കമ്മ്യുണിസ്റ്റ് അങ്ങനെ പറഞ്ഞു എന്ന് ഓക്കേ  പറയുന്നത് തികച്ചും നിലവാരമില്ലാത്ത മൂന്നാം കിട രാഷ്ട്രീയ പാർട്ടികളുടെ നടപടിയാണ്.

ഡല്‍ഹിയില്‍ ഇതുവരെ നടത്തിയ ഒരു പരിപാടിയും വ്യക്തമായി ആസൂത്രണം ചെയ്താന്‍ പാര്‍ട്ടിക്കു സാധിച്ചിട്ടില്ല. അധികാരത്തില്‍ കയറിയതിന്റെ പിറ്റേദിവസം തന്നെ സെക്രട്ടറിയേറ്റ് ജനങ്ങള്‍ക്കു തുറന്നുകൊടുത്തുകൊണ്ട് കേജരിവാള്‍ വ്യത്യസ്ഥനാകാന്‍ ശ്രമിച്ചു. എന്നാല്‍ ജനത്തിരക്കില്‍ സെക്രട്ടറിയേറ്റ് പൂര്‍ണമായും സ്തംഭിച്ചു. പലമന്ത്രിമാരും തങ്ങളുടെ കസേരയില്‍ എത്താന്‍ പോലുമാകാതെ മാറിനിന്നു. എതിര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുനേരെ ജനം തട്ടിക്കയറുകയും ചെയ്തു. ഇതു ഞങ്ങളുടെ ഭരണം ആണെന്നും ഞങ്ങള്‍ തെരഞ്ഞെടുത്ത കേജരിവാളിനെ നേരിട്ടുകാണമെന്നും ആവശ്യപ്പെട്ട് ജനംതിക്കുംതിരക്കുംകൂട്ടി. എന്തായാലും അന്ന് കേജരിവാള്‍ ജോലിക്ക് എത്തിയില്ല. ഈ നടപടിയെ ഒരു സാധാരണ പൗരനെന്ന നിലയില്‍ നോക്കിക്കണ്ടപ്പോള്‍ എനിക്ക് നിരാശയും ഒപ്പം ആശങ്കയും ഉണ്ടായി.

യാതൊരു കാരണവശാലും, ഒരാള്‍ക്കും ഗുണംചെയ്യുന്ന നടപടിയായിരുന്നില്ല സെക്രട്ടറിയേറ്റ് ജനങ്ങള്‍ക്കുമുന്നില്‍ തുറന്നിട്ടത്. ഉദ്യോഗസ്ഥര്‍ക്കു ജോലിചെയ്യാനും മന്ത്രിമാര്‍ക്ക് ഓഫീസിലെത്താനും, എന്തിനേറെപ്പറയുന്നു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പോലും സെക്രട്ടറിയേറ്റിലെ ഈ ജനത്തിരക്കിലൂടെ സാധിച്ചില്ല. പകരം ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, അവിടെക്കൂടിയ പൊതുജനം എന്നിവരുടെ സേവനം ആ ദിനത്തില്‍ പൂര്‍ണമായും രാജ്യത്തിനു നഷ്ടപ്പെടുകയും ചെയ്തു. പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നതിനൊപ്പം നിലവിലുള്ള ക്രമസമാധാനത്തെ ജനക്കൂട്ടത്തെ ഉപയോഗിച്ച് വെല്ലുവിളിക്കുകയും ചെയ്തു.

ചരിത്രതിന്റെ സത്യം നോക്കിയാല് ,  പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ഒരു സംവിധാനം വളര്‍ത്തിയെടുക്കും മുമ്പ് നിലവിലുള്ള സംവിധാനത്തെ തകറ്ക്കുന്നതു പരിപൂർണ തകര്ച്ച്ക്ക്  മാത്രമേ കാരണം ആകുക ഉള്ളു എന്ന് വ്യക്തമാണ്.   കേജരിവാളും സംഘവും ഈ സത്യം മറക്കുന്നുവോ!? ആം ആദ്മി വിമര്‍ശിക്കപ്പെടേണ്ട മറ്റൊരു നടപടി, കഴിഞ്ഞ ദിവസം നടന്ന, ജനസമ്പര്‍ക്ക പരിപാടിയാണ് . ഇന്ത്യയെയും. ഇന്ത്യയിലെ ജനങ്ങളെയും തരിമ്പെങ്കിലും മനസിലാക്കിയ ഉള്‍ക്കാഴ്ചയുള്ള ഒരു നേതാവും നടത്താന്‍ പാടില്ലാത്തവിധത്തില്‍ ആ പരിപാടി നടത്താന്‍ ആം ആദ്മി ശ്രമിച്ചതില്‍ അതിശയം മാത്രമേ ബാക്കിയുള്ളൂ. അനേകമാളുകള്‍ക്കു  പരിക്കേല്ക്കുകയും വിലപ്പെട്ട രേഖകള്‍  നഷ്ടമാവുകയും ചെയ്ത ആ നടപടിയെ എങ്ങനെ ന്യായീകരിക്കാനാകും. തെറ്റ് പറ്റാന്‍ പാടില്ല എന്നല്ല, എന്നാല്‍ മുമ്പ് നടത്തിയ ഇത്തരം നടപടികളെ ഗുണവശങ്ങളെ സ്വീകരിക്കാനെങ്കിലും  തയാറാകേണ്ടെ?

ഇതിനു  മുന്‍പും,  ലക്ഷക്കണക്കിന് ആളുകള്‍ എത്തിച്ചേരുന്ന രാഷ്ട്രീയസംഗമങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. അവ വിജയിപ്പിച്ച രീതി  തൊട്ടുപിന്നാലെ വരുന്നവര്‍ കണ്ടുപഠിക്കണം., നേരത്തെതന്നെ തെളിയിക്കപ്പെട്ട ഇത്തരം  സത്യങ്ങൾക്ക് നേരെ കണ്ണടച്ചിട്ടു വീണ്ടും പരീക്ഷങ്ങൾ നടത്തുമ്പോൾ ആ ശ്രെമത്തില്‍, പണവും പ്രതീക്ഷയും ജീവനും തന്നെ നഷ്ടപെടുന്നത് സാധരണകാരന്റെ മാത്രം ആവും. അധികാര ശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥ വൃന്ദത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്ക് ഇനിയും കരുത്തുകൈവന്നിട്ടില്ല. ഇതോടൊപ്പം ഭരണത്തിലെ പരിചയക്കുറവുമെല്ലാം ഓരോ ദിവസം ചെല്ലുംതോറും കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. പാര്‍ട്ടിയുടെ ഉദ്ദേശശുദ്ധിയെ ഇപ്പോഴും ആരും സംശയിക്കുന്നില്ലെങ്കിലും കാര്യക്ഷമതയെപ്പറ്റിയുള്ള ആശങ്ക വ്യാപിക്കുകയാണ്.

ജനക്കൂട്ടം ഭരണം കയ്യാളുന്ന നിമിഷം രാജ്യം നശിക്കുമെന്നത് സത്യമാണ്. അത് സിറിയയിലും ഈജിപ്തിലുമെല്ലാം കൃത്യമായി കണ്ടതുമാണ്. ശക്തമായ ജനപിന്തുണ  സോഷ്യല്‍മീഡിയ വഴി സ്വന്തമാക്കിയ, സാധാരണക്കാരന്റെ ഭരണ വിരുദ്ധ വികാരമായിരുന്നു സിറിയയിലെ സമരത്തിന്റെ അടിത്തറ. എന്നാല്‍ പെട്ടെന്ന് എല്ലാം തകര്‍ന്നടിഞ്ഞു! വ്യക്തതയില്ലാതെ അവർ നടത്തിയ നടപടികൾ ആ രാജ്യത്തിന്റെ തകർച്ചയ്ക്ക് വഴിതെളിയിക്കുക ആയിരുന്നു. നിലവിലുള്ള സിസ്റ്റം അട്ടിമറിക്കപ്പെട്ടപ്പോള്‍ ജനം നിയമത്തെയും രാഷ്ട്രത്തെയും ബഹുമാനിക്കനൊ, അനുസരിക്കാനോ കൂട്ടാക്കാതെ വരികയും, പകരം സ്വയം നിയമവും അധികാരവും ആകാൻ തുടങ്ങുകയും ചെയ്തു, അത് അരാജകത്വത്തിനും ആ രാജ്യങ്ങളുടെ പരിപൂർണ നാശത്തിനും കാരണമാവുകയും ചെയ്തു.

ചരിത്രം പാഠമാക്കാനും മുന്‍ഗാമികള്‍ തെളിയിച്ചുതന്ന സത്യത്തെ ഉള്‍ക്കൊണ്ട്, വോട്ടിനുവേണ്ടിയുള്ള വിലകുറഞ്ഞ നടപടികളില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറാനും അധികാരം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ലോക്‌സഭയിലേക്ക് ഉള്‍പ്പെടെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള ശ്രമം ഉപേക്ഷിക്കാനും പാർട്ടിക്ക് കഴിയണം. കൂടുതല്‍ ഉത്തരവാദിത്വത്തോടെയും ദീര്‍ഘ വീക്ഷണത്തോടെയും ഉള്ള വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആം ആദ്മക്ക് സാധിക്കണം. അതാണ് ഒരു സാധാരണ ജനാധിപത്യ വിശ്വാസിയെന്ന  നിലയില്‍ എന്റെ സ്വപ്നം.

 

 

 

എഴുതിയത് – ജീതു എലിസബത്ത് മാത്യു

Comments

comments