ഇന്ത്യന്‍ നയതന്ത്രജ്ഞയെ വിവസ്ത്രയാക്കി പരിശോധിക്കൽ.അമേരിക്കയ്ക്ക് എതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു.

അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡയെ അറസ്റ്റുചെയ്യുകയും വസ്ത്രമുരിഞ്ഞ് പരിശോധിക്കുകയും ചെയ്ത നടപടിയോടു  ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. പ്രതിഷേധ സൂചകമായി യു എസ് എംബസിക്കും കോണ്‍സുലേറ്റുകള്‍ക്കുമുള്ള എല്ലാ ആനുകൂല്യങ്ങളും ഇന്ത്യ റദ്ദാക്കി. അമേരിക്കയില്‍ അപമാനിക്കപ്പെട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡയെ  ഇന്ത്യ യു എന്നിലേക്ക് മാറ്റുകയും ചെയ്തു. അറസ്റ്റും പരിശോധനയും പ്രാകൃതമാണെന്ന് പറഞ്ഞ ഇന്ത്യ ദേവയാനിക്കെതിരായ നടപടി പിന്‍വലിച്ച് അമേരിക്ക മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.

നിലവിൽ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ ദേവയാനി ഖൊബ്രഗഡയെ യു എന്നിലേക്ക് മാറ്റി. പരിപൂര്‍ണ നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. ന്യൂയോര്‍ക്കിലെ യു എന്‍ മിഷനിലേക്കാണ് ദേവയാനിയെ മാറ്റിയത്. നിലവില്‍ അമേരിക്കയിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുലേറ്റ് ജനറലാണ് ദേവയാനി. പരിപൂര്‍ണ നയതന്ത്ര പരിരക്ഷ ലഭ്യമാകുന്നതോടെ കേസുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടായേക്കാവുന്ന അറസ്റ്റ് ദേവയാനിക്ക് ഒഴിവാക്കാനാകും.

ഇന്ത്യയിലെ യു എസ് നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും എയര്‍പോര്‍ട്ട് പാസുകളും നയതന്ത്ര പരിരക്ഷ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഉടന്‍ തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ എംബസിക്ക് മുമ്പില്‍ സുരക്ഷയ്ക്കായി വെച്ചിരുന്ന ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കം ചെയ്തു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് യു എസ് നല്‍കുന്ന പരിഗണനയ്ക്ക് തുല്യമായ അവസ്ഥയിലേക്ക് അവരെ താഴ്ത്തുകയാണെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.

ദേവയാനി ഖൊബ്രഗഡയെ അപമാനിച്ച സംഭവം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. സംഭവം അതീവ ദുഃഖകരമാണെന്ന് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് പറഞ്ഞു. രാജ്യത്തിന്റേത് അമിത പ്രതികരണമല്ലെന്ന് പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും പറഞ്ഞു. അറസ്റ്റ് ആസൂത്രിതമെന്ന് പ്രതികരിച്ച  വിദേശകാര്യ മന്ത്രാലയം ദേവയാനിയുടെ വീട്ടുവേലക്കാരി സംഗീതര്‍ ചറിന്റെ കുടുംബത്തിന് രക്ഷപ്പെടാന്‍ അമേരിക്ക വഴിയൊരുക്കിയെന്ന് ആരോപിച്ചു. നയതന്ത്ര ഉദ്യോഗസ്ഥയുടെ അറസ്റ്റ്  പാര്‍ലമെന്റിനെയും പ്രക്ഷുബ്ധമാക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഒരേ സ്വരത്തില്‍ സംഭവത്തെ അപലപിച്ചു. അതേസമയം ഇന്ത്യ സ്വീകരിച്ച നടപടികളില്‍ അമേരിക്ക അതൃപ്തി രേഖപ്പെടുത്തി.

Comments

comments