അര മില്യണ്‍ ക്രിസ്മസ് ബള്‍ബുകള്‍ കത്തിച്ച്, ഇത്തവണയും റിച്ചാര്‍ഡ് !

കാന്‍ബറ: ക്രിസ്മസ് വരവായി…ലോകരക്ഷകനായ യേശുദേവന്റെ തിരുപ്പിറവിയുടെ ആഹ്ലാദംപങ്കിടാന്‍ ഇത്തവണയും കാന്‍ബറയിലെ റിച്ചാര്‍ഡിന്റെ കുടുംബം ആയിരമായിരം നക്ഷത്രങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അര മില്യണ്‍ ക്രിസ്മസ് ബള്‍ബുകള്‍ കത്തിച്ച് ക്രിസ്മസ് ആഘോഷിക്കുന്നതിലൂടെ റിച്ചാര്‍ഡ് രണ്ടാംതവണയും ഗിന്നസ് ബുക്കിൽ കയറിപ്പറ്റി. ലോകത്ത് ഏറ്റവുമധികം ക്രിസ്മസ് വിളക്കുകള്‍ തെളിച്ചയാളെന്ന സ്വന്തം റിക്കാര്‍ഡ് ഒരുവര്‍ഷത്തിനുശേഷം റിച്ചാര്‍ഡ് തിരുത്തുകയായിരുന്നു.

ഗിന്നസ് റിക്കാര്‍ഡിന്റെയല്ല, മറിച്ച് ക്രിസ്മസ് വിളക്കുകളുടെ പ്രഭ റിച്ചാര്‍ഡിന്റെ വീട്ടില്‍ സന്തോഷം വിളമ്പുകയാണ്. ആറുവയസുകാരി മാഡ്‌ലിനും പത്തുവയസുള്ള കാറ്റ്‌ലിനും 13 കാരനായ സന്തോഷംകൊണ്ട് ഇരിക്കാന്‍ കഴിയുന്നില്ല. വീട്ടില്‍ എല്ലായിടത്തും ചുറ്റിക്കറങ്ങി അവര്‍ ക്രിസ്മസ് ആഘോഷത്തിലേക്ക് ആണ്ടിറങ്ങിക്കഴിഞ്ഞു. കാന്‍ബറയിലെ ഫോറസ്റ്റിലാണ് റിച്ചാര്‍ഡും കുടുംബവും താമസിക്കുന്നത്. 2011 ലാണ് ആദ്യമായി ഇവര്‍ ക്രിസ്മസ് വിളക്കുകള്‍ അണിയിച്ചൊരുക്കി ഗിന്നസ് റിക്കാര്‍ഡിലെത്തിയത്. അന്ന് 331,038 വിളക്കുകള്‍ തെളിയിച്ചാണ് ഗിന്നസില്‍ കയറിപ്പറ്റിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം. 346,283 ബള്‍ബുകള്‍ തെളിച്ച് ന്യുയോര്‍ക്കിലെ ഹാംലെറ്റില്‍ ഒരാള്‍ വെല്ലുവിളി നടത്തിയതോടെ റിച്ചാര്‍ഡ് പുറകിലായി. എങ്കിലും നിരാശനാകാതെ, ഇത്തവണത്തെ ക്രിസ്മസിനായി കാത്തിരുന്നു. ഒരുമാസം മുമ്പേ തുടങ്ങിയ ജോലിയിലൂടെ റിച്ചാര്‍ഡ് റിക്കാര്‍ഡ് തിരിച്ചുപിടിക്കുകയും ചെയ്തു. ഇത്തവണ 502165 വിളക്കുകളാണ് റിച്ചാര്‍ഡ് വീട്ടുമുറ്റത്ത് തെളിയിച്ചത്. ഇതിനായി 48 കിലോമീറ്ററോളം വയര്‍ വലിച്ചു. ഒരുമാസമെടുത്ത ജോലികള്‍ക്ക് കൂട്ടുകാരും കുടുംബാംഗങ്ങളും സഹായിച്ചതോടെ വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ പൂര്‍ത്തിയായി. ഒരു വലിയ മരത്തെ ചുറ്റിപ്പറ്റിയുള്ള വലിയ ലൈറ്റിംഗ് സംവിധാനമാണ് ഇപ്പോള്‍ റിച്ചാര്‍ഡിന്റെ വീടിനുചുറ്റം. കണ്ട ആളുകള്‍ ആരും മോശമാണെന്ന് പറഞ്ഞിട്ടില്ല എന്നത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 26 വരെ ആര്‍ക്കും തന്റെ വസതി സന്ദര്‍ശിച്ച് ക്രിസ്മസ് ആഘോഷത്തില്‍ പങ്കുചേരാമെന്നാണ് റിച്ചാര്‍ഡ് ഇപ്പോള്‍ പറയുന്നത്. ഒരൊറ്റ നിബന്ധന മാത്രം. ഒരു സ്വര്‍ണനാണയം സമ്മാനമായി നല്‍കിയിരിക്കണം. വീടിന്റെ വിലാസം ഇതാണ്. 3 Tennyson Crescent, Forr-e-st. കഴിഞ്ഞവര്‍ഷം ക്രിസ്മസ് വിളക്കുകളുടെ പ്രദര്‍ശനത്തിലൂടെ റിച്ചാര്‍ഡ് 78000 ഡോളറാണ് സമാഹരിച്ചത്. ഇത്തവണ അത് ഒരു ലക്ഷമാക്കണമെന്നാണ് പ്രതീക്ഷ. ലൈറ്റുകള്‍ സ്ഥാപിച്ചതിലൂടെ ഏകദേശം 2500 ഡോളറെങ്കിലും വൈദ്യുതിച്ചെലവ് ഇനത്തില്‍ അധികം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു.

Comments

comments